കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാടുന്ന അറബി പെണ്‍കുട്ടി

കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാടുന്ന അറബി പെണ്‍കുട്ടി

അഞ്ച് ഭാഗങ്ങളുള്ള കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ ഫത്മ അല്‍മിരി എന്ന 23-കാരി എമിറേറ്റ്‌സിലെ ആദ്യത്തെ സൂപ്പര്‍ ഹീറോയിനെ സൃഷ്ടിച്ചിരിക്കുകയാണ്. ഇമാറ എന്നാണ് പ്രധാനകഥാപാത്രത്തിന്റെ പേര്. കുറ്റകൃത്യങ്ങള്‍ക്കെതിരേ ഇമാറ നിര്‍ഭയമായി പോരാട്ടം നടത്തുന്ന കഥ ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു.

 

നിയമത്തിന് അതീതയായ ഒരു പുതിയ വീരനായിക സമൂഹത്തിലെ പതിവുകളെ ഉടച്ചുവാര്‍ക്കുകയാണ്. ഇമാറ, ഒരിക്കലും ചര്‍മത്തോടു ചേര്‍ന്നിരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാറില്ല, പകരം അവള്‍ ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നു. എമിറേറ്റ്‌സിലെ ആദ്യത്തെ സൂപ്പര്‍ഹീറോയിനായ (super heroine) ഇമാറ (Emara), ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. പകല്‍ സമയങ്ങളില്‍, അവള്‍ മോസ (Moza) എന്ന് പേരുള്ള ഒരു സാധാരണ കൗമാരപ്രായക്കാരിയാണ്. എന്നാല്‍ ഇരുള്‍ വീണാല്‍, യുഎഇയുടെ (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്) തെരുവിലെ കുറ്റകൃത്യങ്ങള്‍ക്കെതിരേ അവള്‍ നിര്‍ഭയമായി പോരാട്ടം നടത്തും. ഇന്ന് ഇമാറയ്ക്ക് യു ട്യൂബില്‍ 75,000-ലേറെ വരിക്കാര്‍ (subscribers) ഉണ്ട്. 2016-ല്‍ ‘ഇമാറ: എമിറേറ്റ്‌സ് ഹീറോ’ എന്നു പേരുള്ള മിനി സീരീസിന് (പരമ്പര) യു ട്യൂബില്‍ തുടക്കമിട്ടപ്പോള്‍, അബുദാബിയില്‍ താമസിക്കുന്ന ഫത്മ അല്‍മിരിക്ക് പ്രായം വെറും 21. അമേരിക്കയില്‍ താമസിച്ചിരുന്ന സമയത്താണ് അല്‍മിരി, ഇമാറ എന്ന സൂപ്പര്‍ ഗേളിനെ സൃഷ്ടിക്കാന്‍ തീരുമാനിച്ചത്. അതിന് ഒരു കാരണവുമുണ്ട്. അമേരിക്കയില്‍ താമസിച്ചിരുന്ന കാലത്ത്, മുസ്ലിം-അറബ് സ്ത്രീകളെ കുറിച്ചുള്ള നിരവധി തെറ്റായ അനുമാനങ്ങളെ അല്ലെങ്കില്‍ ധാരണകള്‍ക്കെതിരേ അല്‍മിരിക്ക് പോരാടേണ്ടി വന്നിരുന്നു. അല്‍മിരിക്ക് ഹിജാബ് ധരിക്കുന്ന സ്വഭാവമില്ലായിരുന്നു. ഇതുകാരണം നിഖാബ് (കണ്ണ് ഒഴിച്ചുള്ള മുഖഭാഗവും ശിരസും മൂടുന്ന ആവരണം) ധരിക്കാത്തത് എന്തുകൊണ്ടാണെന്ന പതിവ് ചോദ്യത്തെ നേരിടേണ്ടിയും വന്നു. അത്തരം ചോദ്യങ്ങള്‍ ഉയരുമ്പോഴെല്ലാം തന്നെ, ചില സ്ത്രീകള്‍ സമൂഹത്തില്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കാറുണ്ടെന്നും, നിഖാബ് നിയമപ്രകാരം ധരിക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് അവരെ ബോധ്യപ്പെടുത്താറുമുണ്ടായിരുന്നു.
‘ഞങ്ങളുടെ (അറബ്) ശരിയായ പ്രാതിനിധ്യം ലോകത്തിലെ മറ്റ് സ്ഥലങ്ങള്‍ കാണേണ്ടതുണ്ടെന്നു ഞാന്‍ വിചാരിക്കുന്നു. കാരണം, അവിടങ്ങളില്‍ ഞങ്ങളെയും ഞങ്ങളുടെ സംസ്‌കാരത്തെയും പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വലിയ ശതമാനമുണ്ട്’. അവരെ ഞാന്‍ ഒരിക്കലും കുറ്റപ്പെടുത്തില്ല, കാരണം ഞങ്ങള്‍ അവരുടെ മാധ്യമങ്ങളില്‍ ഇല്ല, അവരുടെ കാര്‍ട്ടൂണുകളില്‍ ഞങ്ങള്‍ ഇല്ല- അല്‍മിരി പറയുന്നു. ഇസ്ലാമിക്-അറബ് പ്രതീകങ്ങളിലൂടെ, എമിറേറ്റ്‌സ് സംസ്‌കാരത്തെ ചാതുര്യത്തോടെ, സൂക്ഷ്മതയോടെ, അടയാളപ്പെടുത്താനും ഉയര്‍ത്തിക്കാണിക്കുവാനും രസകരമായ കഥകള്‍ സൃഷ്ടിക്കുകയെന്നതാണ് അല്‍മിരിയുടെ ലക്ഷ്യം. വിശാലമായ പ്രേക്ഷകരിലേക്ക് എത്തുന്നതിന്, അല്‍മിരി ഇമാറയെ ഇംഗ്ലീഷ്, അറബി ഭാഷയിലാണ് അവതരിപ്പിക്കുന്നത്. ഒരുപക്ഷേ, ഇമാറയുടെ കാഴ്ചക്കാരില്‍ ഭൂരിഭാഗവും യുഎസിലാണ്. അതുകഴിഞ്ഞാല്‍ ദക്ഷിണ അമേരിക്ക, സ്‌പെയ്ന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും പ്രേക്ഷകരുണ്ട്. തങ്ങളുമായി ബന്ധപ്പെട്ട ഒരു കഥാപാത്രത്തെ സൃഷ്ടിച്ചതിനു നന്ദി അറിയിച്ചു കൊണ്ടു മുസ്ലിം, അറബ് പെണ്‍കുട്ടികളില്‍നിന്നുമുള്ള സന്ദേശങ്ങള്‍ പലപ്പോഴും തനിക്ക് ലഭിക്കാറുണ്ടെന്ന് അല്‍മിരി പറയുന്നു.
ഇന്ന് ഒരു സൂപ്പര്‍ ഹീറോ അല്ലെങ്കില്‍ സൂപ്പര്‍ ഹീറോയിന്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഒരാളുടെ മനസില്‍ തെളിയുന്ന ശരാശരി ചിത്രമെന്നത് ടൈറ്റ് വസ്ത്രങ്ങളൊക്കെ ധരിച്ച, ഒരു അടിച്ചു പൊളി വേഷമായിരിക്കും. പക്ഷേ, ഇമാറ ഒരിക്കലും അത്തരം വേഷം ധരിക്കുന്ന കഥാപാത്രമല്ല. പകരം, അവര്‍ നേവി ബ്ലൂ നിറമുള്ള ശിരോവസ്ത്രം ധരിക്കുന്ന, പച്ച, വെള്ള, സ്വര്‍ണ നിറത്തിലുള്ള വസ്ത്രധാരണ രീതി പിന്തുടരുന്ന കഥാപാത്രമാണ് ഇമാറ.’ഓര്‍മ വച്ച നാള്‍ മുതല്‍ അര്‍ഥമില്ലാതെ കുത്തിവരയ്ക്കുന്ന സ്വഭാവം എനിക്ക് ഉണ്ടായിരുന്നു. എന്റെ ഉമ്മയും ബന്ധുക്കളും വരയ്ക്കുകയും പെയ്ന്റ് ചെയ്യുകയും ചെയ്യുന്നത് കണ്ടു കൊണ്ടാണു ഞാന്‍ വളര്‍ന്നുവന്നത്. വരയും പെയ്ന്റിംഗും എപ്പോഴും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഹൈസ്‌ക്കൂള്‍ വരെ ഇത് ഗൗരവമായെടുക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നുമില്ല’-ഫത്മ അല്‍മിരി പറഞ്ഞു.ഹൈസ്‌ക്കൂള്‍ പഠനത്തിനു ശേഷമാണ് വരയെ, പെയ്ന്റിംഗിനെ കരിയറായി സ്വീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് അബുദാബിയിലുള്ള കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ആനിമേഷന്‍ അക്കാദമിയില്‍ ചേര്‍ന്നു. അവിടെനിന്നും യുഎഇ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് സ്റ്റുഡിയോ അറേബ്യയില്‍ ഇന്റേണ്‍ഷിപ്പിനായി ചേര്‍ന്നു. പരിശീലനം കഴിഞ്ഞതിനു ശേഷമാണ് ഇമാറ: എമിറേറ്റ്‌സ് ഹീറോ എന്ന പരമ്പരയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങിയത്. 20-35 വയസുള്ള പതിമൂന്നു ഫുള്‍ടൈം സ്റ്റാഫുകളുടെ ഒരു ടീമിനൊപ്പം, 2015 ഡിസംബറിലാണ് ‘ഇമാറ: എമിറേറ്റ്‌സ് ഹീറോ’ എന്ന പരമ്പരയ്ക്കു വേണ്ടി അല്‍മിരി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ദുബായ് ആസ്ഥാനമായ Eating Stars Studios ആണ് പരമ്പര നിര്‍മിച്ചത്. 2018 മെയ് മാസം 18-ാം തീയതി യു ട്യൂബില്‍ പരമ്പരയുടെ ആദ്യ എപ്പിസോഡ് അപ്‌ലോഡ് ചെയ്തു.

Eating Stars Studios

ആനിമേഷന്‍ പ്രൊഡക്ഷന്‍ കമ്പനിയായ ഈറ്റിംഗ് സ്റ്റാര്‍സ് സ്റ്റുഡിയോസാണ് ‘ഇമാറ: എമിറേറ്റ്‌സ് ഹീറോ’ എന്ന പരമ്പര നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഈ സ്റ്റുഡിയോ സ്ഥാപിച്ചത്. ഇപ്പോള്‍ ഒരു വര്‍ഷം തികയുമ്പോള്‍ സ്റ്റുഡിയോ, യുഎഇയെ(യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്) ലോകത്തിന് മുന്നില്‍ രസകരമായും വിനോദത്തിലൂടെയും പരിചയപ്പെടുത്തുന്നതില്‍ വിജയിച്ചിരിക്കുകയാണ്. സ്റ്റുഡിയോയിലെ ക്രിയേറ്റീവ് ഡയറക്ടറാണു ഫത്മ അല്‍മിരി. ഇവര്‍ സൃഷ്ടിച്ച ഇമാറ: എമിറേറ്റ്‌സ് ഹീറോ എന്ന പരമ്പരയാണ് ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യുന്നത്.

Comments

comments

Categories: World