അനധികൃത ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 3000 ദിര്‍ഹം പിഴയിട്ട് അബുദാബി പോലീസ്

അനധികൃത ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 3000 ദിര്‍ഹം പിഴയിട്ട് അബുദാബി പോലീസ്

മൂന്നു മാസത്തിനിടെ 650 സ്വകാര്യ വാഹനങ്ങള്‍ അനധികൃത യാത്രാസേവനം നല്‍കിയതായി കണ്ടെത്തി

അബുദാബി: അനധികൃത ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി അബുദാബി പോലീസ് രംഗത്ത്. നിയമാനുസൃതമല്ലാതെ യാത്രക്കാരെ കയറ്റുന്ന ഡ്രൈവര്‍മാര്‍ക്ക് 3000 ദിര്‍ഹം പിഴയും 24 ബ്ലാക്ക് പോയിന്റ്‌സും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യുന്ന ശിക്ഷയാണ് അഭിമുഖീകരിക്കേണ്ടി വരികയെന്ന് അബുദാബി പോലീസ് അറിയിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനിടെ യുഎഇ തലസ്ഥാനത്ത് 650 ല്‍ പരം സ്വകാര്യ വാഹനങ്ങളാണ് അനധികൃത ഓട്ടം നടത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തലിനെ തുടര്‍ന്നാണ് പോലീസ് പുതിയ ശിക്ഷാനടപടി പ്രഖ്യാപിച്ചിരിക്കുന്നത്.

അനധികൃതമായി യാത്രക്കാരെ കയറ്റിയതിന് ഈ വര്‍ഷം ഇതുവരെ രണ്ടായിരത്തോളം ആളുകളാണ് പിടിക്കപ്പെട്ടത്. ഇതോടൊപ്പം സ്വകാര്യ വാഹനങ്ങളില്‍ സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവരെ കയറ്റിയ കാരണത്താല്‍ പിടിക്കപ്പെട്ടവരുടെ എണ്ണം 2198 ആയതായി പോലീസ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. യുഎഇ ലൈസന്‍സ് കൈവശം വെക്കാതെയും രാജ്യത്ത് അനധികൃതമായി താമസിക്കുകയും ചെയ്താണ് ചില ടാക്‌സി ഡ്രൈവര്‍മാര്‍ അനധികൃത യാത്രാ സേവനങ്ങള്‍ നല്‍കി വരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കുകളില്‍ മൂന്നു മാസത്തിനിടെ 650 സ്വകാര്യ വാഹനങ്ങളാണ് ഇത്തരത്തില്‍ അനധികൃത സേവനം നല്‍കിയതായി കണ്ടെത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം അല്‍ വത്ബയിലും പരിസര പ്രദേശങ്ങളിലുമായി നൂറിലേറെ ടാക്‌സികള്‍ ഇത്തരത്തിലുള്ള ലൈസന്‍സ് പ്രശ്‌നങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടിരുന്നു. ടാക്‌സി ഡ്രൈവര്‍മാരുടെ ഇത്തരം നിരുത്തരവാദപരമായ നടപടികള്‍ കാരണം യാത്രക്കാരുടെ സുരക്ഷയാണ് അപകടത്തിലാകുന്നതെന്നും ഇതിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും ഗതാഗത സുരക്ഷാ വകുപ്പ് ഡയറക്റ്റര്‍ ബ്രിഗേഡിയര്‍ ഇബ്രാഹിം സുല്‍ത്താന്‍ അല്‍ സാബി അറിയിച്ചു. ട്രാഫിക് നിയമങ്ങള്‍, ട്രാഫിക് സുരക്ഷ, ട്രാഫിക് നിയമ ഭേദഗതി എന്നിവ സംബന്ധിച്ച നിരവധി മുന്നറിയിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും അബുദാബി പോലീസ് പ്രചരിപ്പിക്കുന്നുണ്ട്. റോഡില്‍ ദിശ മാറുമ്പോഴും വളവുകള്‍ തിരിയുമ്പോഴും വാഹനത്തിന്റെ സിഗ്നല്‍ തെറ്റിച്ചാല്‍ 400 ദിര്‍ഹം പിഴയൊടുക്കേണ്ടി വരുമെന്നും പോലീസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

Comments

comments

Categories: Arabia
Tags: Unduly taxi