ദുബായിലെ കരീമിനെ ഏറ്റെടുക്കാന്‍ പദ്ധതിയിട്ട് യുബര്‍

ദുബായിലെ കരീമിനെ ഏറ്റെടുക്കാന്‍ പദ്ധതിയിട്ട് യുബര്‍

ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തില്‍

ദുബായ്: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യുബര്‍ ദുബായിലെ തങ്ങളുടെ പ്രമുഖ എതിരാളിയായ കരീം നെറ്റ്‌വര്‍ക്‌സിനെ ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നു. ഈ നീക്കത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണെന്ന് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 2 ബില്യണ്‍ ഡോളര്‍ മുതല്‍ മുതല്‍ 2. 5 ബില്യണ്‍ ഡോളര്‍ വരെയാകാം ഈ ഇടപാടിന്റെ മൂല്യമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ തുക സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഏറ്റെടുക്കല്‍ സംബന്ധിച്ച് കരീം മാനേജ്‌മെന്റ് തങ്ങളുടെ ഓഹരിയുടമകളുമായി ചര്‍ച്ച നടത്തിവരികയാണ്. ആധുനിക തലമുറയില്‍ ഇന്റര്‍നെറ്റ് -ഉപഭോക്തൃ സാധ്യതയ്ക്ക് വന്‍പിച്ച അവസരങ്ങളാണുള്ളത്. ഈ സാധ്യത കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആഗോളതലത്തില്‍ മിക്ക ഇടങ്ങളിലും വന്‍ വളര്‍ച്ച കൈവരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്ത്രപരമായ നീക്കങ്ങളിലൂടെയും സാമ്പത്തിക നിക്ഷേപത്തിലൂടെയും മേഖലയില്‍ കൂടുതല്‍ ബിസിനസ് വിപുലീകരണം നടത്താനാണ് ഓണ്‍ലൈന്‍ കാബ് സേവനങ്ങളില്‍ പ്രമുഖരായ ഇരുകമ്പനികളുടേയും നീക്കം. മധ്യ പൂര്‍വേഷ്യന്‍ മേഖലയില്‍ മതിയായ യാത്രാ സേവനങ്ങക്ക് സംയുക്തമായി നീങ്ങുന്നതിനായി കഴിഞ്ഞ ജൂലൈയില്‍ ഇരു കമ്പനികളും ചര്‍ച്ചകള്‍ നടത്തിയിരുന്നു. മേഖലയില്‍ നിലനിന്നിരുന്ന ശത്രുതയ്ക്ക് പരിഹാരം കാണുക കൂടിയായിരുന്നു ഈ ചര്‍ച്ചയുടെ ഉദ്ദേശം.

ജപ്പാനിലെ ഇ-കൊമേഴ്‌സ് ഭീമനായ രാകുതേന്‍ ഇന്‍കോര്‍പ്പറേഷന്‍, ജപ്പാനിലെ തന്നെ ഓട്ടോമോട്ടിവ് നിര്‍മാതാക്കളായ ഡായ്മര്‍ എജി എന്നിവരുടെ പിന്തുണയുള്ള കരീമിനെ സ്വന്തമാക്കുക എന്നത് യുബറിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. ഇന്ത്യയിലും മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ മേഖലകളിലും യുബര്‍ ഒന്നാം സ്ഥാനത്ത് തന്നെയാണെന്ന് വിശ്വസിക്കുന്നതായി കഴിഞ്ഞ മേയില്‍ യുബര്‍ സിഇഒ ദാരാ ഖൊസ്രോവ്ഷാഹി ഒരു സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ തങ്ങളുടെ എതിരാളികളെ ഏറ്റെടുക്കാന്‍ യുബര്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്.

പത്തു ദശലക്ഷത്തോളം ഡ്രൈവര്‍മാര്‍ സ്വന്തമായുള്ള കരിം യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റിന്‍, ലെബനന്‍, പാകിസ്ഥാന്‍, കുവൈറ്റ്, ഈജിപ്റ്റ്, മൊറോക്കോ, ജോര്‍ദാന്‍, തുര്‍ക്കി, പലസ്തീന്‍, ഇറാഖ്, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നൂറിലേറെ നഗരങ്ങളിലായി യാത്രാ സര്‍വീസ് നടത്തുന്നുണ്ട്. കാറിനും ബൈക്കിനും പുറമെ ഗോള്‍ഫ് കാര്‍ട്ട്‌സ്, ബോട്ട്, റിക്ഷ എന്നിവ ആപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇവര്‍ നല്‍കി വരുന്നു.

Comments

comments

Categories: Arabia
Tags: Careem dubai