മധ്യനിര ജോലിക്കാര്‍ക്ക് വായ്പകള്‍ ലളിതമാക്കി ശുഭ് ലോണ്‍സ്

മധ്യനിര ജോലിക്കാര്‍ക്ക് വായ്പകള്‍ ലളിതമാക്കി ശുഭ് ലോണ്‍സ്

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന പലിശ നിരക്കില്‍ വേഗത്തില്‍ വായ്പ ലഭ്യമാക്കുന്ന ബെംഗളൂരു ആസ്ഥാനമായ സംരംഭമാണ് ശുഭ് ലോണ്‍സ്. നിലവില്‍ ഇന്ത്യയിലെ 13 നഗരങ്ങളില്‍ സജീവമായി പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സംരംഭം രണ്ടാംനിര, മൂന്നാം നിര നഗരങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നു

ജീവിതത്തിലെ എല്ലാ തുറകളിലും സാമ്പത്തികം ഒരു പ്രധാന ഘടകമാണ്. അടിയന്തരപരമായി സാമ്പത്തികം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളുമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സാധാരണക്കാര്‍ക്ക് ഒരു അത്താണിയാവുകയാണ് ശുഭ് ലോണ്‍സ് എന്ന വായ്പാ സംരംഭം. പ്രത്യേകിച്ചും മധ്യനിര ജീവനക്കാരെയാണ് ഈ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ലക്ഷ്യമിടുന്നത്.

രണ്ടു വര്‍ഷം മുമ്പ് ബെംഗളൂരു ആസ്ഥാനമായി മോനിഷ് ആനന്ദ് തുടക്കമിട്ട സംരംഭം 12,000 രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ളമിഡില്‍ ക്ലാസ് ജീവനക്കാര്‍ക്ക് 5 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കാന്‍ സഹായിക്കുന്നു. നാലു വര്‍ഷം നീണ്ട തവണ വ്യവസ്ഥകളാണ് ഇവര്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി നല്‍കി വരുന്നത്. കന്നഡ, തമിഴ്, ഹിന്ദി, മറാത്തി ഭാഷകള്‍ക്കു പുറമെ ഇംഗ്ലീഷ് ഭാഷയിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്.

വായ്പ സംരംഭത്തിന്റെ തുടക്കം

ബാങ്കിംഗ്, ടെക്‌നോളജി, ടെലികോം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്ത അനുഭവ പരിചയത്തിലൂടെയാണ് മോനിഷ് ആനന്ദ് ശുഭ് ലോണ്‍സ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. അനൗദ്യോഗിക ധനകാര്യ സ്ഥാപനങ്ങള്‍ ജനങ്ങളില്‍ നിന്നും യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വന്‍ തോതിലുള്ള വായ്പകളാണ് വാങ്ങുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ ഈടാക്കുന്ന പലിശ നിരക്കിന് യാതൊരുവിധ പരിധികളുമില്ല എന്നത് ജനങ്ങളെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ നിന്നെല്ലാമുള്ള കരകയറലാണ് ശുഭ് ലോണ്‍സ് മുന്നോട്ടു വെക്കുന്നത്.

ശുഭ് ലോണിന്റെ പ്രവര്‍ത്തനം

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആവശ്യക്കാര്‍ക്ക് ശുഭ് ലോണ്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. വ്യക്തിഗതവും വിദ്യാഭ്യാസപരവും തൊഴില്‍ സംബന്ധവുമായി ചില വിവരങ്ങള്‍ ഉപഭോക്താക്കള്‍ ഇതില്‍ കൃത്യമായി നല്‍കണം. ഇതിനൊപ്പം പാന്‍ നമ്പര്‍, ആധാര്‍ വിവരങ്ങള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവയും സംരംഭം ആവശ്യപ്പെടുന്നുണ്ട്. വായ്പയ്ക്ക് അനുമതി ലഭിച്ചാല്‍ പേസ്ലിപ്പിനൊപ്പം അഡ്രസ്പ്രൂഫും ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്തിരിക്കണം. യോജിച്ച തവണ വ്യവസ്ഥകള്‍ തെരഞ്ഞെടുത്ത് കൃത്യമായ വിവരങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ അടുത്ത 48 മണിക്കൂറിനുളളില്‍ ഉപഭോക്താവിന്റെ എക്കൗണ്ടില്‍ വായ്പാ തുക എത്തും. നിര്‍ദിഷ്ട തിയതിയില്‍ എക്കൗണ്ടില്‍ നിന്നു തന്നെ ഇഎംഐ ഡെബിറ്റ് ചെയ്യുകയും ചെയ്യും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ള പലിശ നിരക്ക് ആയതുകൊണ്ടുതന്നെ ഇതിനോടകം 10 ലക്ഷത്തില്‍ പരം ഡൗണ്‍ലോഡുകളാണ് സംരംഭത്തിന് ലഭിച്ചിരിക്കുന്നതെന്ന് മോനിഷ് ചൂണ്ടിക്കാണിക്കുന്നു.

ഗോള്‍ഡ്മാന്‍ സാച്ചസ് എംഡിയും സിഇഒയുമായ വി ബണ്ടി ബോറ, ജെപി മോര്‍ഗന്‍ മുന്‍ എംഡി സഞ്ജയ് വോറ, ഗോള്‍ഡ്മാന്‍ സാച്ചസ് മുന്‍ പാര്‍ട്ണറും എംഡിയുമായ പിയൂഷ് മിശ്ര എന്നിവരില്‍ നിന്നും ശുഭ് ലോണ്‍സ് ഏഞ്ചല്‍ നിക്ഷേപം നേടിയിട്ടുണ്ട്.

വെല്ലുവിളികള്‍

ഡിജിറ്റല്‍ ഇക്കോണമിയിലേക്ക് കടന്നു വരാന്‍ ആളുകള്‍ ഇനിയും മടി കാണിക്കുന്നതാണ് ശുഭ് ലോണിന് തുടക്കത്തില്‍ വെല്ലുവിളിയായത്. എന്നാല്‍ ആളുകളുടെ മനോഭാവത്തില്‍ ഇപ്പോള്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ 13 നഗരങ്ങളില്‍ സജീവമായി പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സംരംഭം രണ്ടാംനിര, മൂന്നാം നിര ടൗണുകളിലേക്കാണ് ഇനി ശ്രദ്ധ പതിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Subh loans