അദൃശ്യരായ സംരംഭകര്‍

അദൃശ്യരായ സംരംഭകര്‍

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന പുഷ്പ വിപണികളും കൊത്തുപണിരംഗമടക്കമുള്ള ചെറുകിട വ്യാപാരമേഖലയുടെ സംരക്ഷണത്തില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്

 

സഹാന ബീവിയുടെ ദിവസം പുലര്‍ച്ചെ നാലുമണിക്കു തുടങ്ങുന്നു. കോല്‍ക്കൊത്ത നഗരപ്രാന്തത്തിലെ വീട്ടില്‍ നിന്ന് അതിരാവിലെ എഴുന്നേല്‍ക്കുന്ന ഇവര്‍ കോലാഘാട്ടില്‍ നിന്നും രണഘാട്ടില്‍ നിന്നും പൂക്കള്‍ വാങ്ങി രാജ്യത്തെ ഏറ്റവും തിരക്കേറിയ പുഷ്പ വിപണികളിലൊന്നായ മല്ലിക്ക് ഘാട്ട് ബാസാറിലെത്തുന്നു. കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി ഈ 45-കാരി ഇവിടെ ജോലി ചെയ്യുന്നു. അമ്പലത്തിലേക്കു മാല കെട്ടാന്‍ വേണ്ടിയുള്ള പൂവില്‍പ്പന ഉപജീവനമാര്‍ഗമാക്കിയ മാതാപിതാക്കളെ സഹായിക്കുന്നതിനുവേണ്ടി 10 വയസു മുതല്‍ അവള്‍ ഇവിടെയുണ്ട്. പ്രതിദിനം ശരാശരി 18 മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരാറുണ്ട്. ചിലപ്പോഴാകട്ടെ ദിവസങ്ങളോളം രാപ്പകല്‍ കടയില്‍ നിന്നാലാകും സ്റ്റോക്ക് വിറ്റഴിക്കാനാകുക. അലങ്കാരങ്ങള്‍ക്കോ പൂജയ്‌ക്കോ വേണ്ടി പൂക്കള്‍ വാങ്ങുന്നവരാണ് അവരുടെ ഉപഭോക്താക്കളിലധികവും.

ഔപചാരിക വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത സഹാന, ചെയ്യുന്ന ബിസിനസ്സിനെപ്പറ്റി വ്യക്തമായ ധാരണയുള്ള സംരംഭകയാണ്. മല്ലിക്ക് ഘാട്ടില്‍ വില്‍ക്കുന്ന പുഷ്പങ്ങളുടെ വൈവിധ്യത്തെക്കുറിച്ച് വിശദമായി അവര്‍ വിവരിക്കുന്നതില്‍ നിന്ന് അതു മനസിലാക്കാം. കൂടാതെ താനടക്കമുള്ള സ്ത്രീകള്‍ കച്ചവടരംഗത്തു നേരിടുന്ന വെല്ലുവിളികളും വിപണിയുടെ കടുത്ത മല്‍സരസ്വഭാവവുമെല്ലാം അവര്‍ വളരെ പക്വതയോടെ വിശദമാക്കിത്തരുന്നു. അലങ്കാര പുഷ്പങ്ങള്‍ക്ക് അവശ്യകത ഉയര്‍ന്നിട്ടും, ബിസിനസ്സിനായുള്ള കമ്പോള വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനോ കൂടുതല്‍ ആളുകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനോ സര്‍ക്കാര്‍ തലത്തില്‍ കാര്യമായ നടപടികളോ പ്രോല്‍സാഹനമോ ഇല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കോല്‍ക്കൊത്ത സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളെ ഹൂഗ്ലിനദിക്കരയിലെ പുഷ്പവിപണികളിലേക്കെത്തിക്കാനായാല്‍ വലിയ മാറ്റമുണ്ടാക്കാനാകും. പലരും പൈതൃകസ്മാരകങ്ങള്‍ മാത്രം സന്ദര്‍ശിച്ചു മടങ്ങുകയാണു പതിവ്.

ഒരു സംരംഭകയെന്ന നിലയില്‍ തന്റെ ലാഭം വര്‍ധിപ്പിക്കുക തന്നെയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍. സഹാനയുടെ ലക്ഷ്യം. എന്നാല്‍ പല അവസരങ്ങളിലും ചെറിയ, ആറു മുതല്‍ 10 ശതമാനം, എന്ന പരിധിക്കപ്പുറമുള്ള ലാഭം അവളെ കടാക്ഷിക്കാറില്ല. അലങ്കാര പൂക്കള്‍ സംഭരിക്കാനും കടയിലെത്തിക്കാനുള്ള ഗതാഗതച്ചെലവിനും പായ്ക്ക് ചെയ്യലിനുമൊക്കെ എടുക്കുന്ന ശരാശരി ചെലവുകള്‍ കഴിഞ്ഞാണ് ഈ നിരക്കില്‍ ലാഭം കിട്ടുന്നത്. ലാഭം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി കൂടുതല്‍ മൂലധന സമാഹരണത്തിനായി ശ്രമിക്കുകയാണിവര്‍. ഇതിനായി ഇന്റര്‍നെറ്റ് സൗകര്യമുള്ള ഒരു ഷോപ്പ് സ്ഥാപിക്കാന്‍ അവര്‍ തയാറായി. സ്വകാര്യ, പൊതു ഏജന്‍സികള്‍ വഴി ഡിജിറ്റല്‍ സാന്നിധ്യം സ്വയത്തമാക്കാന്‍ സാങ്കേതിക പിന്തുണ ഉപയോഗപ്പെടുത്തി. ഉപഭോക്തൃ അടിത്തറ നഗരം മുഴുവന്‍ വ്യാപിപ്പിക്കാനും ശ്രമം നടത്തി. മൊബീലിലൂടെയും ഇതര ഓണ്‍ലൈന്‍ വേദികളിലൂടെയും ബിസിനസ്സ് വളര്‍ത്തിയെടുക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ച് അവള്‍ ബോധവതിയായിരുന്നു.

എന്നാല്‍ സാങ്കേതികകാര്യങ്ങളിലെ പരിചയക്കുറവും വിപണി ശരിയായി വിലയിരുത്താനുള്ള കഴിവില്ലായ്മയും സ്വാഭാവികമായും ഈ മേഖലയില്‍ ഒരു അനിശ്ചിതത്വം സൃഷ്ടിക്കുന്നു. മല്ലിക്ക് ഘാട്ട് ഭാഗത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ കുമാര്‍ത്തുളി എന്ന പ്രദേശത്തേക്കു പോയാല്‍ മറ്റൊരു പരമ്പരാഗത കുടില്‍ വ്യവസായമേഖല കാണാം. ഒരു കരകൗശലഗ്രാമമാണിത്. പ്രതിമകള്‍, വിഗ്രഹങ്ങള്‍ എന്നിവയുടെ തദ്ദേശ വിപണി. വംഗസംസ്‌കാരിക ഭൂമികയില്‍ സര്‍വ്വപ്രധാനമായ ദുര്‍ഗാ പൂജയ്ക്കുള്ള ദേവീവിഗ്രഹങ്ങളും രാഷ്ട്രീയകക്ഷി നേതാക്കളുടെ പ്രതിമകളും ഇവിടെയുണ്ടാക്കുന്നു. പരമ്പരാഗതമായി ശില്‍പ്പങ്ങളുണ്ടാക്കി വില്‍ക്കുന്നതില്‍ വ്യാപൃതരായ കുടുംബത്തിലെ അംഗമാണ് 42-കാരനായ ഓഷിക്ക്. 30 വര്‍ഷത്തിലേറെയായി അദ്ദേഹം ഈ രംഗത്തു പ്രവര്‍ത്തിക്കുന്നു. ഈ രംഗത്തു കീര്‍ത്തിയാര്‍ജിച്ച ഓഷിക്കിന് ദുര്‍ഗ പൂജാ കാലത്ത് (സെപ്റ്റംബര്‍, ഒക്‌റ്റോബര്‍ മാസങ്ങളില്‍) ഈ വിഗ്രഹങ്ങള്‍ വന്‍ തുകയ്ക്ക് വില്‍ക്കാനാകുന്നു. ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് ഓരോ വിഗ്രഹത്തിനും അദ്ദേഹം ഈടാക്കുന്നത്.

മുന്‍കൂട്ടി ആവശ്യപ്പെട്ടാല്‍ മാത്രമാണ് രാഷ്ട്രീയനേതാക്കളുടെ ശില്‍പ്പങ്ങള്‍ ഓഷിക്ക് നിര്‍മിച്ചു നല്‍കാറുള്ളൂ. ഭരണഘടനാശില്‍പ്പി ബി.ആര്‍. അംബേദ്കറിന്റെയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെയും ഇതര രാഷ്ട്രീയ നേതാക്കളുടെയും കൊല്‍ക്കത്തയിലും ഡല്‍ഹിയിലുമുള്ള പ്രതിമകളില്‍ പലതും അദ്ദേഹം രൂപകല്‍പ്പന ചെയ്തതാണ്. സഹാനയെപ്പോലെ ഓഷിക്കും സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന നിലപാടുകാരനാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ കുമര്‍ത്തുളിയിലെ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന കൊത്തുപണിവ്യവസായങ്ങള്‍ക്കു വേണ്ടി ഒരു വികസനപ്രവര്‍ത്തനവും നടത്തുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അസംസ്‌കൃത വസ്തുക്കള്‍ക്കു വരുന്ന ഭീമമായ ചെലവുകളും, മാസങ്ങള്‍ നീളുന്ന കഠിനാധ്വാനവുമാണ് ഓരോ ശില്‍പവും ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. ഇവയെല്ലാം കഴിച്ചു വരുമ്പോള്‍ കിട്ടുന്ന തുകയാണ് യഥാര്‍ത്ഥ സാമ്പത്തിക വരുമാനം. ഇവിടെ ശില്‍പ്പങ്ങള്‍ക്കും കരകൗശലവസ്തുക്കള്‍ക്കും അര്‍ഹിക്കുന്ന വില കിട്ടാത്തത് സങ്കടകരമാണ്. പക്ഷെ, പലരും കലയോടുള്ള ആത്മാര്‍ത്ഥത കൊണ്ടു മാത്രമാണ് ഇപ്പോഴും ഈ രംഗത്തു കഴിയുന്നതെന്ന് അദ്ദേഹം പറയുന്നു.

Immersion of goddess Durga at Yamuna after the completion of Durga Puja festival at Geeta Ghat, yamuna in Delhi on October 12, 2005

വരുമാനം അനിശ്ചിതമാക്കി തീര്‍ക്കുന്ന തരത്തില്‍ കാലികമായി മാത്രം വരുന്ന നേട്ടങ്ങളില്‍ ഒഷിക്ക് ആശങ്ക പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിനും ഔപചാരിക വിദ്യാഭ്യാസം പരിമിതമാണ്. എന്നാല്‍ കലയെയും സര്‍ഗശേഷിയെയും പറ്റി അഗാധഉള്‍ക്കാഴ്ചയുള്ള സംരംഭകനാണ് അദ്ദേഹം. പ്രതികൂലകാലാവസ്ഥയില്‍ പോലും, ഒഷിക്കും പരിവാരങ്ങളും ദിവസേന 12 മണിക്കൂറോളം ജോലി ചെയ്യുന്നു. രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു വരെയാണ് ഇവര്‍ മൂശയില്‍ കരവിരുതു തെളിയിക്കുന്നത്. വിശ്വസ്തരായ ഉപയോക്താക്കളുടെ പിന്തുണയോടെ, കാനഡയിലും യുഎസിലും നിന്നു വരെ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ ഓഷിക്കിന് ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. സഹാനയുടെയും ഓഷിക്കിന്റെയും സംരംഭങ്ങള്‍, രാജ്യത്തെ നഗരകേന്ദ്രീകൃത ചെറുകിട വ്യവസായങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. പലപ്പോഴും, ധനതത്വശാസ്ത്ര, ബിസിനസ്സ് പാഠങ്ങള്‍ക്ക് വലിയ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ ആശ്രയിക്കണമെന്ന ധാരണകള്‍ക്ക് വിരുദ്ധമാണ് ഇവയെക്കുറിച്ചുള്ള പഠനം. നഗരങ്ങളിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥകളെ രൂപപ്പെടുത്തുന്ന ഇത്തരം അദൃശ്യ സംരംഭകരുടെ ബിസിനസ്സ് ഗാഥകളാണ് ഇനി നാം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത്.

തദ്ദേശീയമായി വികസിച്ചു വരുന്ന സംരംഭങ്ങളെക്കുറിച്ച് സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ സൂക്ഷ്മമായ അറിവുണ്ടായിരിക്കേണ്ടതുണ്ട്. ഇതിലൂടെ തങ്ങളുടെ താരതമ്യ ഗുണങ്ങളെ തിരിച്ചറിഞ്ഞ് കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി വ്യാപാരം ചെയ്യുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. നഗരങ്ങളിലെ ഇടപാടുകള്‍ക്കായുള്ള ബിസിനസ്സും സാമ്പത്തികശാസ്ത്രവും സംബന്ധിച്ച ആശങ്കകള്‍ മനസിലാക്കാന്‍ സഹായിക്കുന്ന മാനുഷികവും സന്ദര്‍ഭോചിതമായ കാഴ്ചപ്പാടുകളുടെ ഉപയോഗത്തെയാണ് ഇതിലൂടെ പരാമര്‍ശിക്കുന്നത്. ഇത് മികച്ച പൊതുനയങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും, അദൃശ്യസംരംഭകരെ സംബന്ധിച്ച ആശങ്കകള്‍ നീക്കാന്‍ ഏജന്‍സിയെ സഹായിക്കുകയും ചെയ്യുന്നു. അതിലൂടെ സംരംഭകര്‍ക്കും സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ സര്‍ഗ്ഗാത്മകമായ, സുസ്ഥിര അന്തരീക്ഷം വികസിപ്പിക്കുന്നതിനുള്ള വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഒരു ഫീഡ്ബാക്ക് ലൂപ്പ് സൃഷ്ടിക്കുകയാണു ചെയ്യുക. ഇത് നഗരങ്ങളിലുടനീളമുള്ള തനത് ബിസിനസുകള്‍ പൊട്ടി വിടരുന്നതിനു സഹായകമാകും.

വിപണിയിലുള്ള മിക്ക ബിസിനസ്, സാമ്പത്തിക ശാസ്ത്ര സ്‌കോളര്‍ഷിപ്പുകളിലും വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ് സംരംഭകര്‍ നേരിടുന്ന വെല്ലുവിളികളെ മുന്‍നിര്‍ത്തിയുള്ള നിര്‍ണായക ഘട്ടങ്ങള്‍ കണ്ടെത്തുന്നതിലുള്ള ബുദ്ധിമുട്ടുകള്‍. നയരൂപീകരണച്ചുമതലയുള്ളവരോടുള്ളഅദൃശ്യസംരംഭകരുടെ സമഗ്രവും ആഖ്യാനാധിഷ്ഠിതവുമായ സമീപനം ഒരു സംരംഭത്തിന്റെ അഞ്ച് സുപ്രധാന ഘടകങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. വില, ഉല്‍പ്പന്നം, വിപണിയിലെ സ്ഥാനം, സംരക്ഷണം, ലാഭശേഷി എന്നിവയാണ് ഈ ഘടകങ്ങള്‍. ഇത് നഗര വിപണികളില്‍ നയരൂപകല്‍പന ചെയ്യുന്നതിനുള്ള വിവരശേഖരണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ഉദാഹരണത്തിന് സഹാനയുടെ ബിസിനസില്‍ വെയര്‍ഹൗസിങ് സൗകര്യങ്ങളുടെ അഭാവം, ദോഷകരമായി തീരും. വിവിധഭാഗങ്ങളില്‍ നിന്ന് സംഭരിക്കുന്ന പൂക്കള്‍ക്കു വാട്ടമുണ്ടായാല്‍ പകല്‍ സമയത്ത് വില്‍ക്കുന്ന പുഷ്പങ്ങളുടെ ചില്ലറ വില കുറയുന്നു. ഇത് ചിലപ്പോള്‍ വൈകുന്നേരമെത്തുമ്പോള്‍ 50% വരെ കുറയുന്നു. ഇത് സംരംഭത്തിന്റെ മൊത്തലാഭത്തെയും ദോഷകരമായി ബാധിക്കുന്നു. ര്‍ക്കാര്‍ സഹായത്തിന്റെയും വെയര്‍ഹൗസിംഗിന്റെ അഭാവം മറ്റു പുഷ്പ വ്യാപാരികളിലും പ്രതിഫലിക്കുന്നുണ്ട്. ബാസാര്‍ മേഖലയില്‍ കച്ചവടം ചെയ്യാന്‍ കച്ചവടക്കാര്‍ 5000 രൂപ മാസംതോറും മുനിസിപ്പാലിറ്റിക്ക് ഫീസ് നല്‍കണം.

ഒഷിക്കിനും സമാനമായ അനുഭവമാണുള്ളത്. പുതിയ ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ അദ്ദേഹത്തിനു പരിമിതികളുണ്ട്. പഴയ കല്‍ക്കട്ടയില്‍ തിരക്കേറിയ മാര്‍ക്കറ്റിന്റെ സ്ഥാനം, അതിലേക്കുള്ള പ്രവേശനനിയന്ത്രണം എന്നിവ കച്ചവടം കുറച്ച് വിശ്വസ്തരായ ഉപഭോക്താക്കളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തന്നെപ്പോലുള്ള ശില്‍പ്പികള്‍ക്കായി തെരുവോരങ്ങളിലും പ്രാദേശിക മേഖലകളിലും ശില്‍പകലാപ്രദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള വേദികള്‍ തയാറാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സംസ്ഥാനം പ്രാദേശിക സംരംഭങ്ങളുടെ സാധ്യതകള്‍ മനസ്സിലാക്കാനും ഒരു വിവരദായക ഉപകരണം എന്ന നിലയില്‍ അതിനെ കൂടുതല്‍ ഉപയോഗപ്പെടുത്താനും ശ്രമിക്കണം. ഒരു സാമ്പത്തികപഠനത്തിനുള്ള ഉപാധിയായി മാത്രം കാണാതെ, അദൃശ്യസംരംഭകരുടെ സാമ്പത്തിക മൂല്യം തിരിച്ചറിഞ്ഞുകൊണ്ട്, ആശങ്കകളെ നയ പരിപ്രേക്ഷ്യത്തില്‍ കാണാനും ശ്രമിക്കണം.

Comments

comments

Categories: Entrepreneurship