വ്യാപാര സമയം നീട്ടുന്നത് സെബി മാറ്റി വെച്ചു

വ്യാപാര സമയം നീട്ടുന്നത് സെബി മാറ്റി വെച്ചു

നിലവില്‍ ഓഹരി വിപണികള്‍ രാവിലെ 9.15 ന് തുടങ്ങി ഉച്ചകഴിഞ്ഞ് 3.30 നാണ് വ്യാപാരം അവസാനിപ്പിക്കുന്നത്

ന്യൂഡെല്‍ഹി: ഓഹരി വ്യാപാര സമയം നീട്ടുന്നത് നടപ്പാക്കാനുള്ള തീയതി മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ( സെബി) മാറ്റി വെച്ചു. ഒക്‌റ്റോബര്‍ ഒന്നു മുതല്‍ വ്യാപാര സമയം ദീര്‍ഘിപ്പിക്കാനായിരുന്നു മുന്‍ തീരുമാനം. വ്യാപാര സമയം നീട്ടുന്നത് സംബന്ധിച്ച് ബ്രോക്കര്‍മാരുമായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഇനിയും സമന്വയം ആകാത്തതിനാലാണ് തീരുമാനം മാറ്റിവെച്ചത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ ഓഹരി വിപണികള്‍ രാവിലെ 9.15 ന് തുടങ്ങി ഉച്ചകഴിഞ്ഞ് 3.30 നാണ് വ്യാപാരം അവസാനിപ്പിക്കുന്നത്. ഇത് വൈകിട്ട് 5.30 വരെയോ 7.30 വരെയോ നീട്ടാനാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ പദ്ധതി. ആഗോള വിപണികളുമായുള്ള താരതമ്യത്തില്‍ ആഭ്യന്തര വിപണികളെ കൂടുതല്‍ മെച്ചപ്പെടുത്താനായിരുന്നു ഈ പദ്ധതി കൊണ്ടുള്ള ലക്ഷ്യം.
2009 ല്‍ വ്യാപാര സമയം വൈകുന്നേരം അഞ്ച് മണി വരെ നീട്ടാന്‍ സെബി തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. ഈ സമയത്ത് തന്നെയായിരുന്നു ബിഎസ്ഇയും എന്‍എസ്ഇയും പ്രവര്‍ത്തനം ആരംഭിക്കുന്ന സമയം രാവിലെ 9.55 ല്‍ നിന്നും 9 മണിയിലേക്ക് മാറ്റിയത്. എന്നാല്‍ പ്രവര്‍ത്തന ചെലവ് വര്‍ധിക്കുമെന്ന കാര്യം ഉയര്‍ത്തിക്കാട്ടി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ 3.30 എന്ന സമയം മാറ്റാന്‍ സാധിച്ചിരുന്നില്ല.

ഓഹരി വിപണിയില്‍ ഇക്വിറ്റി വിഭാഗത്തിന്റെ ( ഇക്വിറ്റി ഡെറിവേറ്റീവ് സെഗ്മെന്റ്) വ്യാപാരം രാവിലെ 9 മണി മുതല്‍ രാത്രി 11.55 വരെയാക്കാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കഴിഞ്ഞ മേയ് മാസത്തിലാണ് അനുവാദം നല്‍കിയത്. പുതിയ വ്യാപാര സമയം നടപ്പാക്കുന്നത് പരീക്ഷാണാടിസ്ഥാനത്തില്‍ വിലയിരുത്താന്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ സമയം എടുക്കേണ്ടി വരുമെന്ന് ബ്രോക്കര്‍മാര്‍ പറയുന്നു. നിലവില്‍ വ്യാപാരം അവസാനിക്കുന്ന 3.30 ന് ശേഷം 90 മിനിറ്റ് മാത്രം വ്യാപാരം നീട്ടാമെന്നാണ് ബ്രോക്കര്‍മാരുടെ നിലപാട്.

Comments

comments

Categories: Business & Economy
Tags: Sebi