ജൂണ്‍ അവസാനത്തിലെ കണക്ക് പ്രകാരം എസ്ബിഐയുടെ മൊത്തം നിഷ്ക്രിയാസ്തി അനുപാതം 10.69 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്
ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) എട്ട് നിഷ്ക്രിയാസ്തികള്‍ (എന്‍പിഎ) വില്ക്കാന് ഒരുങ്ങുന്നു. 3,900 കോടി രൂപയുടെ കിട്ടാക്കടം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐയുടെ ഈ നീക്കം. ഇതിനായി അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍(എആര്‍സി), സാമ്പത്തിക സ്ഥാപനങ്ങള്‍( ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്) എന്നിവയില്‍ നിന്നും താല്‍പ്പര്യ പത്രം ക്ഷണിച്ചു.
സാമ്പത്തിക ആസ്തികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കിന്റെ പരിഷ്കരിച്ച നയത്തിന്റെ അടിസ്ഥാനത്തില്‍ റെഗുലേറ്ററി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഈ എന്‍പിഎ എക്കൗണ്ടുകള്‍ എആര്‍സികള്‍, ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, എഫ്ഐകള്‍ എന്നിവയിലേതിനെങ്കിലും വ്യവസ്ഥകളും ഉപാധികളും അനുസരിച്ച് വില്ക്കാന് തങ്ങള്‍ തയാറാണെന്ന് എസ്ബിഐയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന താല്‍പ്പര്യ പത്രങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള രേഖയില്‍ പറയുന്നു.
എട്ട് എന്‍പിഎ എക്കൗണ്ടുകളില്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രോഹിത് ഫെറോ ടെക്കിന്റെ വായ്പയാണ് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ളത് 1,320.37 കോടി രൂപ. ഇന്ത്യന്‍ സ്റ്റീല്‍ കോര്പ്പറേഷന് ലിമിറ്റഡ് – 928.97 കോടി, ജയ് ബാലാജി ഇന്‍ഡസ്ട്രീസ്- 859.33 കോടി രൂപ, മഹാലക്ഷ്മി ടിഎംടി പ്രൈവറ്റ് ലിമിറ്റഡ്-409.78 കോടി രൂപ എന്നിങ്ങനെയാണ് യാഥാക്രമം വില്‍പ്പനയ്ക്കായുള്ള മറ്റ് നിഷ്ക്രിയാസ്തികളുടെ മൂല്യം. ഇംപെക്സ് ഫെറോ ടെക്- 200.67 കോടി, കോഹിനൂര്‍ സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡ്- 110.17 കോടി), മോഡേണ്‍ ഇന്ത്യ കോണ്‍കാസ്റ്റ്- 71.16 കോടി ബല്ലാര്‍പൂര്‍ ഇന്‍ഡസ്ട്രീസ്- 47.17 കോടി രൂപ) എന്നീ എന്‍പിഎ എക്കൗണ്ടുകളും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ഈ ആസ്തികളില്‍ താല്‍പ്പരമുള്ള കമ്പനികളോട് എത്രയും വേഗം ബിഡ് സമര്‍പ്പിച്ച് നിഷ്ക്രിയാസ്തികളില്‍ കൃത്യമായ പരിശോധന നടത്താന്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ എക്കൗണ്ടുകളിലേക്കുള്ള ഇ-ബിഡിംഗ് സെപ്റ്റംബര്‍ 26 നാണ് നടക്കുക.
നേരത്തെ ഓഗസ്റ്റില്‍ ബോംബെ റെയാണ് ഫാഷന്‍സ് ലിമിറ്റഡ് (2,260.79 കോടി രൂപ), ശിവം ദത്തു ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ്( 229.32 കോടി രൂപ) എന്നീ രണ്ട് കമ്പനികളുടെ 2,490 കോടി രൂപ വരുന്ന എന്‍പിഎകള്‍ എസ്ബിഐ വിറ്റിരുന്നു.
ഈ വര്‍ഷം ജൂണ്‍ അവസാനത്തിലെ കണക്ക് പ്രകാരം എസ്ബിഐയുടെ മൊത്തം നിഷ്ക്രിയാസ്തി അനുപാതം 10.69 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 9.97 ശതമാനമായിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 1,88,068 കോടി രൂപയില്‍ നിന്നും 2,12,840 കോടി രൂപയായാണ് നിഷ്ക്രിയാസ്തികള്‍ വര്‍ധിച്ചത്. നിഷ്ക്രിയാസ്തികള്‍ വലിയ തോതില്‍ വര്‍ധിച്ചതു കാരണം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 4,876 കോടി രൂപയുടെ നഷ്ടം എസ്ബിഐയ്ക്കുണ്ടായി.