രൂപയുടെ മൂല്യ തകര്‍ച്ച ഉത്സവകാല വില്‍പ്പനയ്ക്ക് തിരിച്ചടിയാകില്ല

രൂപയുടെ മൂല്യ തകര്‍ച്ച ഉത്സവകാല വില്‍പ്പനയ്ക്ക് തിരിച്ചടിയാകില്ല

ബ്രാന്‍ഡുകള്‍ ഉടന്‍ വില വര്‍ധനയിലേക്ക് നീങ്ങില്ല

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് ഉത്സവകാല വില്‍പ്പനയെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 75 എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയില്ലെങ്കില്‍് ഉത്സവസീസണില്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ പ്രമുഖ ലൈഫ്‌സ്റ്റൈല്‍, ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകള്‍ തയാറാകില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.

രൂപയുടെ മൂല്യ തകര്‍ച്ച ഇപ്പോഴും ജാഗ്രത പുലര്‍ത്തേണ്ടുന്ന ഒരു സാഹചര്യത്തിലേക്ക് പോയിട്ടില്ലെന്നാണ് ഈ വിഭാഗങ്ങളിലെ വ്യാപാരികള്‍ കരുതുന്നത്. എന്നാല്‍ 75 എന്ന നിലവാരത്തിലേക്ക് രൂപയുടെ മൂല്യം താഴുകയാണെങ്കില്‍ ഏതാനും ചില ഉല്‍പ്പന്ന വിഭാഗങ്ങളില്‍ വില വര്‍ധനയുണ്ടായേക്കുമെന്ന് അര്‍വിന്ദ് ബ്രാന്‍ഡ്‌സ് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ സിഇഒ ജെ സുരേഷ് പറഞ്ഞു. ഇറക്കുമതി ചെലവ് വര്‍ധിക്കുന്നതാണ് ഇതിനുള്ള കാരണം. സെഫോറ ഉള്‍പ്പെടെയുള്ള ആഗോള ബ്രാന്‍ഡുകളുടെ വിതരണക്കാരാണ് അര്‍വിന്ദ് ബ്രാന്‍ഡ്‌സ് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍. തങ്ങളുടെ വ്യാപാര ചരക്കുകളുടെ ഭൂരിഭാഗവും ഇവര്‍ ഇറക്കുമതി ചെയ്യുന്നതാണ്.
അതേസമയം, രൂപയുടെ മൂല്യ ശോഷണം ഉല്‍വകാല ആവശ്യകതയെ ബാധിക്കാതിരിക്കുന്നതിനായി പ്രാദേശിക തലത്തില്‍ നിന്നു തന്നെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനുള്ള നീക്കത്തിലാണ് ഗാപ്, ചില്‍ഡ്രണ്‍സ് പ്ലേസ് തുടങ്ങിയ ബ്രാന്‍ഡുകള്‍. വലിയതോതില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് ബ്രാന്‍ഡുകള്‍ കടക്കുംമുന്‍പ് രൂപ സ്ഥിരത കൈവരിക്കുമെന്നാണ് മിക്ക ഫാഷന്‍, ബ്യൂട്ടി റീട്ടെയ്‌ലര്‍മാരും പ്രതീക്ഷിക്കുന്നത്.
ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുന്നതും ചെറിയ രീതിയില്‍ കുറയുന്നതും ആഡംബര ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയെ വലിയ രീതിയില്‍ ബാധിക്കില്ലെന്നും കച്ചവടക്കാര്‍ പറയുന്നു. മാക്, എസ്റ്റീ ലൗഡര്‍, ക്ലിനിക്, ബോബി ബ്രൗണ്‍ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡുകളുടെ വിതരണക്കാരാണ് ഷോപ്പോഴ്‌സ് സ്‌റ്റോപ്പ്. ജിഎസ്ടി നടപ്പാക്കിയതിനുശേഷം വില കുറഞ്ഞെങ്കിലും എടുത്തുപറയത്തക്ക രീതിയില്‍ തങ്ങളുടെ വില്‍പ്പന വര്‍ധിച്ചിട്ടില്ലെന്ന് ഷോപ്പോഴ്‌സ് സ്റ്റോപ്പ് എംഡി രാജീവ് സുരി ചൂണ്ടിക്കാണിക്കുന്നു.
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞാലും വ്യവസായം അതുള്‍കൊള്ളുമെന്ന്് ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവി കമല്‍ നന്ദിയും അഭിപ്രായപ്പെട്ടു. ഉത്സവകാലം ആരംഭിക്കുന്നതുവരെ സാധനങ്ങളുടെ വിലയില്‍ മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വരും മാസങ്ങളില്‍ ഉണ്ടാകാനിടയുള്ള ഉപഭോക്തൃ ആവശ്യകതയിലെ വര്‍ധന ഉപയോഗപ്പെടുത്താന്‍ ദീപാവലി വരെ കമ്പനി വില വര്‍ധനയ്ക്ക് മുതിരില്ലെന്നാണ് സോണി ഇന്ത്യ എംഡി സുനില്‍ നയ്യാറും പറയുന്നത്.

Comments

comments

Categories: Business & Economy
Tags: Rupee slips