റിലയന്‍സ് എആര്‍സി വിപുലീകരണത്തിനൊരുങ്ങി

റിലയന്‍സ് എആര്‍സി വിപുലീകരണത്തിനൊരുങ്ങി

റിലയന്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി തങ്ങളുടെ മൊത്തം കൈകാര്യ ആസ്തി (എയുഎം) വിപൂലീകരിക്കാന്‍ ഒരുങ്ങുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 4,000 കോടി രൂപയിലേക്ക് ആസ്തി ഇരട്ടിപ്പിക്കാനാണ് പദ്ധതി. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കാപിറ്റലിന്റെ ഭാഗമാണ് കമ്പനി. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കടക്കെണിയിലായ ഒരു ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെ ഏറ്റെടുക്കാനുള്ള തയാറെടുപ്പിലാണ് റിലയന്‍സ് എആര്‍സി.

എയുഎം വിപുലീകരിക്കുന്നതിനായി റീട്ടെയ്ല്‍ മേഖലയിലെ കിട്ടാക്കടത്തിലാണ് റിലയന്‍സ് എആര്‍സി, ബാങ്കിംഗ് നടത്തുന്നത്. അതേസമയം മൊത്തവില്‍പ്പന മേഖലയില്‍ നിന്ന് തെരഞ്ഞെടുത്ത ചില ആസ്തികളും പിന്തുണയേകും. റീട്ടെയ്ല്‍ മേഖലയില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലും (എംഎസ്എംഇ) റീട്ടെയ്ല്‍ ലോണ്‍ വിഭാഗത്തിലുമാണ് കമ്പനി സജീവമായിരിക്കുന്നത്.

”എംഎസ്എംഇ മേഖലയിലെ നിഷ്‌ക്രിയാസ്തികള്‍ (എന്‍പിഎ) വളരുകയാണ്. ഞങ്ങളുടെ ബിസിനസില്‍ ഈടുള്ള വായ്പകളുടെ കാര്യത്തിലാണ് കൂടുതല്‍ മാറ്റങ്ങള്‍ വരുന്നത്. പോര്‍ട്ട്‌ഫോളിയോയില്‍ വെറും 25 ശതമാനം മാത്രമാണ് ഈടില്ലാത്ത വായ്പ. മൊത്ത വില്‍പ്പനയില്‍ കുറച്ച് സമ്മര്‍ദിത ആസ്തി ലഭിക്കുകയാണെങ്കില്‍, ഞങ്ങള്‍ക്ക് വേഗത്തില്‍ വളരാന്‍ സാധിക്കും. എന്നിരുന്നാലും വില എന്നത് നിര്‍ണായകമാണ്. ഓഹരികള്‍ക്ക് ലഭിക്കുന്ന ആദായത്തിലേക്ക് (ആര്‍ഒഇ) ഇത് കൂടിച്ചേരണം”, റിലയന്‍സ് എആര്‍സി സിഇഒയായ രവീന്ദ്ര റാവു പറഞ്ഞു.

എംഎസ്എംഇ മേഖലയില്‍ മാനുഫാക്ചറിംഗിലെ സമ്മര്‍ദിത ആസ്തികള്‍ക്കായും, സ്റ്റീല്‍, ഓട്ടോമൊബീല്‍, പ്ലാസ്റ്റിക്, ഫാബ്രിക്കേറ്ററുകള്‍ തുടങ്ങിയ അനുബന്ധ മേഖലകളിലും എആര്‍സി നിരീക്ഷണം നടത്തുന്നുണ്ട്. റീട്ടെയ്ല്‍ തന്ത്രത്തിന്റെ ഭാഗമായാണ് നീക്കമെന്നും 20-25 കോടി രൂപയുടെ ഈ ആസ്തി വിഭാഗത്തിലെ ഒന്നോ രണ്ടോ എണ്ണം കൂടി സ്വന്തമാക്കാനാവുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: Reliance