പതഞ്ജലിയുടെ ഭീഷണി: പാലിന് വില കുറക്കില്ലെന്ന് മദര്‍ ഡെയറി

പതഞ്ജലിയുടെ ഭീഷണി: പാലിന് വില കുറക്കില്ലെന്ന് മദര്‍ ഡെയറി

പാല്‍ ലിറ്ററിന് മദര്‍ ഡെയറിയുടെ വില 42 രൂപ; പതഞ്ജലി വില 40; പതഞ്ജലിയുടെ വരവിനെ സ്വാദതം ചെയ്യുന്നെന്ന് മദര്‍ ഡെയറി

ന്യൂഡെല്‍ഹി: കുറഞ്ഞ വിലയില്‍ പശുവിന്‍ പാല്‍ ലഭ്യമാക്കിക്കൊണ്ട് ബാബാ രാംദേവിന്റെ പതഞ്ജലി ക്ഷീര വിപണിയിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്ന് രൂപപ്പെടാന്‍ സാധ്യതയുള്ള കിടമല്‍സരത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ വിലകുറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിപണിയിലെ മുന്‍നിരക്കാരായ മദര്‍ ഡെയറി അറിയിച്ചു. ക്ഷീര വിപണിയിലേക്ക് എത്ര പുതിയ കമ്പനികള്‍ കടന്നുവന്നാലും വില്‍പ്പനയെ അത് പ്രതികൂലമായി ബാധിക്കില്ലെന്ന പ്രതീക്ഷയാണ് മദര്‍ ഡയറി പങ്കു വെക്കുന്നത്. പ്രതിദിനം ഏഴ് ലക്ഷം ലിറ്റര്‍ പശുവിന്‍ പാലാണ് മദര്‍ ഡയറി വില്‍ക്കുന്നത്. രാജ്യ തലസ്ഥാന മേഖലയില്‍ ഒന്നാം സ്ഥാനമുള്ള കമ്പനിയാണിത്.

ഹരിദ്വാര്‍ ആസ്ഥാനമായുള്ള പതഞ്ജലി ആയുര്‍വേദ് കഴിഞ്ഞ ആഴ്ചയാണ് പശുവിന്‍ പാല്‍ വിപണിയിലേക്ക് പ്രവേശിച്ചത്. മദര്‍ ഡെയറി പാല്‍ വിലയായി ലിറ്ററിന് 42 രൂപ ഈടാക്കുമ്പോള്‍ പതഞ്ജലി ഒരു ലിറ്ററിന് 40 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. 2020 സാമ്പത്തിക വര്‍ഷത്തോടെ ഈ വിഭാഗത്തില്‍ നിന്ന് ഒരു കോടി രൂപയുടെ വില്‍പ്പന സ്വന്തമാക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

‘ക്ഷീര മേഖലയിലെ മല്‍സരത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പതഞ്ജലിയുടെ വരവോടെ പശുവിന്‍ പാല്‍ വ്യവസായത്തിന്റെ വലിപ്പം വര്‍ധിച്ചിരിക്കുകയാണ്. ഇത് കര്‍ഷകരേയും ഗ്രാമീണ സമ്പദ് വ്യവസ്ഥയേയും പരിപോഷിപ്പിക്കുന്നതിന് സഹായിക്കും,’ മദര്‍ ഡയറി ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്റ്റര്‍ സൗഗത മിത്ര പറഞ്ഞു. പശുവിന്‍ പാലിന്റെ വിലയില്‍ വര്‍ധനവോ കുറവോ വരുത്താന്‍ കമ്പനി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമുല്‍, പരാഗ് മില്‍ക്ക് എന്നിവയാണ് ഡെല്‍ഹി എന്‍സിആറിലെ പശുവിന്‍ പാല്‍ വിപണിയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള മറ്റ് കമ്പനികള്‍.

‘കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഡെല്‍ഹി എന്‍സിആര്‍ വിപണിയില്‍ ഞങ്ങള്‍ സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ട്. ബ്രാന്‍ഡിനോട് വിശ്വാസമുള്ളവരാണ് ഞങ്ങളുടെ ഉപഭോക്താക്കള്‍,’ വില്‍പ്പനയിലുണ്ടായേക്കാവുന്ന പ്രതികൂല സാഹചര്യങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പാക്ക് ചെയ്ത പശുവിന്‍ പാല്‍ വിപണി പ്രതിദിനം 10 ലക്ഷം മുതല്‍ 12 ലക്ഷം ലിറ്ററോളമാണെന്ന് കണക്കാക്കപ്പെടുന്നു. 2019 മാര്‍ച്ചോടെ നിലവിലെ ഏഴ് ലക്ഷം ലിറ്ററിന്റെ ഉല്‍പ്പാദനം എട്ട് ലക്ഷം ലിറ്ററിലേക്കെത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ കമ്പനികള്‍ ഈ രംഗത്തേക്കെത്തുന്നതോടെ വിപണിയുടെ വലിപ്പം വര്‍ധിക്കുമെന്നും സൗഗത ചൂണ്ടിക്കാട്ടി.

വിവിധ മാര്‍ഗങ്ങളിലൂടെ 36 ലക്ഷം മുതല്‍ 37 ലക്ഷം ലിറ്റര്‍ വരെയാണ് മദര്‍ ഡയറിയുടെ മൊത്തം പ്രതിദിന പാല്‍ വില്‍പ്പന. ഇതില്‍ 1,400 ഔട്ട്‌ലെറ്റുകള്‍ വഴി 32 ലക്ഷം ലിറ്റര്‍ വില്‍പ്പന നടക്കുന്നത് ഡെല്‍ഹി എന്‍സിആറിലാണ്. അതേസമയം ഡെല്‍ഹി എന്‍സിആര്‍, രാജസ്ഥാന്‍, മുംബൈ, പൂനെ തുടങ്ങിയിടങ്ങളിലായി 56,000 റീട്ടെയ്‌ലര്‍മാര്‍ വഴി നാല് ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം വില്‍ക്കാനാണ് പതഞ്ജലി ലക്ഷ്യമിട്ടിരിക്കുന്നത്.

—————————————-

വിവിധ മാര്‍ഗങ്ങളിലൂടെ 36 ലക്ഷം മുതല്‍ 37 ലക്ഷം ലിറ്റര്‍ വരെയാണ് മദര്‍ ഡയറിയുടെ മൊത്തം പ്രതിദിന പാല്‍ വില്‍പ്പന

Comments

comments

Categories: Business & Economy
Tags: Mother diary