ദേനാ, വിജയ, ബറോഡ ബാങ്കുകള്‍ ഒന്നാകുന്നു

ദേനാ, വിജയ, ബറോഡ ബാങ്കുകള്‍ ഒന്നാകുന്നു

സര്‍ക്കാരിന്റേത് ധീരവും വിവേകപരവുമായ തീരുമാനമെന്ന് വിപണി നിരീക്ഷകര്‍

ന്യൂഡെല്‍ഹി: എസ്ബിടി അടക്കമുള്ള അഞ്ച് അനുബന്ധ ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) ലയിപ്പിച്ചതിനു പിന്നാലെ മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ കൂടി ലയനത്തിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നീ ബാങ്കുകളെ ഏകോപിപ്പിക്കുന്നതിനുള്ള നിര്‍ദേശത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ പച്ചകൊടി കാണിച്ചിട്ടുള്ളത്. ധീരവും വിവേകപരവുമായ നടപടിയായാണ് മൂന്ന് ബാങ്കുകളെ കൂടി ലയിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്. രൂപയുടെ മൂല്യ ശോഷണവും ക്രൂഡ് ഓയില്‍ വില വര്‍ധനയും കറന്റ് എക്കൗണ്ട് കമ്മിയും സംബന്ധിച്ച ആശങ്കകള്‍ക്കിടെ ആശ്ചര്യമുണര്‍ത്തിക്കൊണ്ടാണ് മൂന്ന് ബാങ്കുകള്‍ ലയിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ബറോഡ, വിജയ, ദേന ബാങ്കുകളെ ലയിപ്പിക്കാനുള്ള നീക്കം ഭാവിയെ സംബന്ധിച്ച് മികച്ച നടപടിയാണെന്ന് ഫിക്കി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി) പ്രസിഡന്റ് രാഷേഷ് ഷാ പറഞ്ഞു. രാജ്യത്തെ ബാങ്കിംഗ് മേഖല ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ബാങ്കുകളുടെ പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്തുന്നതിന് ലയനം സഹായിക്കും. പരസ്പര സഹകരണം മൂന്ന് ബാങ്കുകള്‍ക്കും ഗുണം ചെയ്യും. സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഒരു ശക്തമായ ബാങ്കിംഗ് സംവിധാനം ആവശ്യമാണ്. ബാങ്കിംഗ് മേഖലയുടെ ശാക്തീകരണത്തിന് ഭാവിയില്‍ ഇത്തരത്തിലുള്ള കൂടുതല്‍ നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് എസ്ബിഐ ആണ്. ഐസിഐസിഐ ബാങ്കാണ് രണ്ടാമത്തെ വലിയ ധനകാര്യ സ്ഥാപനം. ബറോഡ, വിജയ, ദേനാ ബാങ്കുകള്‍ ലയിച്ചൊന്നാകുന്ന ബാങ്ക് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ലയനം ബാങ്കുകളുടെ വായ്പ നല്‍കല്‍ ശേഷി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട സാമ്പത്തികാരോഗ്യമുള്ള രണ്ട് ബാങ്കുകളെ പ്രതിസന്ധി നേരിടുന്ന ഒരു ബാങ്കുമായി ലയിപ്പിക്കുന്നത് ഒരു ശക്തമായ സംരംഭം സൃഷ്ടിക്കുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. ലയനം മൂന്ന് ബാങ്കുകളിലെയും ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ളതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ലയിപ്പിക്കാനൊരുങ്ങുന്ന മൂന്ന് ബാങ്കുകളില്‍ ദേനാ ബാങ്കിന്റെ സാമ്പത്തികാരോഗ്യമാണ് മോശമായിട്ടുള്ളത്. 11.04 ശതമാനമാണ് ദേനാ ബാങ്കിന്റെ നിഷ്‌ക്രിയാസ്തി (എന്‍പിഎ) അനുപാതം. ബാങ്ക് ഓഫ് ബറോഡയുടെ നിഷ്‌ക്രിയാസ്തി അനുപാതം 5.4 ശതമാനവും വിജയ ബാങ്കിന്റേത് 4.10 ശതമാനവുമാണ്. ബാങ്ക് ഓഫ് ബറോഡയ്ക്ക് നിലവില്‍ 5,502 ശാഖകളാണുള്ളത്. വിജയ, ദേനാ ബാങ്കുകള്‍ക്ക് യഥാക്രമം 2,129ഉം 1,858ഉം ശാഖകളുണ്ട്. മൂന്നു ബാങ്കുകളുടെയും ഡയറക്റ്റര്‍ ബോര്‍ഡുകള്‍ അംഗീകാരം നല്‍കിയാല്‍ ലയന നടപടികള്‍ ആരംഭിക്കും. 2019 മാര്‍ച്ച് 31നുള്ളില്‍ ലയനനടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. 14,82,422 കോടി രൂപയുടെ മൊത്തം ബിസിനസാണ് ലയന സംരംഭത്തിന് ഉണ്ടാകുക. മൊത്തം 9,489 ശാഖകള്‍ ലയന സംരംഭത്തിന് ഉണ്ടാകും.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും ബാങ്കിംഗ് മേഖലയിലെ വായ്പാ വളര്‍ച്ച വീണ്ടെടുക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പൊതുമേഖലാ ബാങ്കുകളുടെ ലയിപ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും അഞ്ച് അനുബന്ധ ബാങ്കുകളെയും ഭാരതിയ മഹിളാ ബാങ്കിനെയും സര്‍ക്കാര്‍ ലയിപ്പിച്ചിരുന്നു. ഇന്ത്യയിലെ ബാങ്കിംഗ് ആസ്തികളില്‍ മൂന്നില്‍ രണ്ട് ഭാഗം പങ്കുവഹിക്കുന്നത് പൊതുമേഖലാ ബാങ്കുകളാണ്.

Comments

comments

Categories: Banking