കുവൈറ്റിലെ ഷേഖ് ജാബിര്‍ അല്‍ അഹമ്മദ് പാലത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍

കുവൈറ്റിലെ ഷേഖ് ജാബിര്‍ അല്‍ അഹമ്മദ് പാലത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍

ദോഹയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ ഏറ്റവും നീളം കൂടിയ കടല്‍പ്പാലവും ഹൈവേയും ഉള്‍പ്പെടുന്നു

കുവൈറ്റ് സിറ്റി: രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷേഖ് ജാബിര്‍ അല്‍ അഹമ്മദ് പാലം നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തതായി അധികൃതര്‍. രാജ്യത്തിന്റെ സുപ്രധാന പദ്ധതികളില്‍ ഒന്നായ ഈ പ്രോജക്റ്റ് പൂര്‍ത്തിയാകുന്നതോടെ നിലവിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിനാകും സമാപ്തിയാകുക. പ്രാദേശിക മേഖലകളിലെ റോഡുകളില്‍ തിരക്ക് കുറയ്ക്കാനും കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്താനും ഇതുവഴി കഴിയും.

മണ്‍മറഞ്ഞ അമീര്‍ ഷേഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ ജാബിറിന്റെ ഓര്‍മ്മയ്ക്കായി പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതിയില്‍ ഏറ്റവും നീളം കൂടിയ കടല്‍പ്പാലവും ഹൈവേയും ഉള്‍പ്പെട്ടിട്ടുണ്ട്. കുവൈറ്റിനെ മികച്ച സാമ്പത്തിക കേന്ദ്രമാക്കി മാറ്റാന്‍ സ്വപ്‌നം കണ്ട അമീറിന്റെ ലക്ഷ്യങ്ങള്‍ക്കുള്ള സാധൂകരണം കൂടിയാണ് കുവൈറ്റിനെ ദോഹയുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഈ പാലം. ശുവൈഖ് തുറമുഖം, ഫ്രീ ട്രെയ്ഡ് സോണ്‍, ദോഹ തുറമുഖം, ജാഹ്‌റ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ജാബിര്‍ അല്‍ അഹമ്മദ് പാലം ആഭ്യന്തര റോഡ് ശൃംഖലകളിലൂടെ എളുപ്പത്തിലുള്ള ഗതാഗതത്തിന് വഴിയൊരുക്കും. പാലത്തിന്റെ നിര്‍മാണം ഏകദേശം 94 ശതമാനത്തോളം പൂര്‍ത്തിയായി അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ദോഹയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 99 ശതമാനവും പൂര്‍ത്തിയായി ഈ മാസം അവസാനത്തോടെ പണികള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ. കുവൈറ്റിലെ റോഡ് ശൃംഖലയില്‍ പുതിയ മാറ്റത്തിന് വഴി വെക്കുന്ന ദോഹ ലിങ്ക് പ്രോജക്റ്റ് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹൈവൈ സംവിധാനമാണ്. ജാബിര്‍ അല്‍ അഹമ്മദ് പാലം പൂര്‍ത്തീകരിക്കുന്നതിന് ഈ വര്‍ഷം ഡിസംബര്‍ 30 വരെ നിര്‍മാണ കാലാവധിയുണ്ടെങ്കിലും അതിനുമുമ്പായി പ്രോജക്റ്റ് പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ഗതഗതാ തിരക്ക് കുറയ്ക്കുന്നത് കൂടാതെ സുരക്ഷിത ഡ്രൈവിംഗിനു കൂടി സാഹചര്യമൊരുക്കുന്ന ഈ പാലം അമേരിക്കന്‍ സ്‌പെസിഫിക്കേഷന്‍ ആഷ്ടോ 2007 വേര്‍ഷന്‍ 4 പ്രകാരമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 100 വര്‍ഷത്തോളം ഗ്യാരന്റിയും ഉറപ്പു നല്‍കുന്നു.

ദോഹ ഇന്റര്‍സെക്ഷന്‍, എന്റര്‍ടെയ്ന്‍മെന്റ് ഇന്റര്‍സെക്ഷന്‍ എന്നിങ്ങനെ രണ്ട് പ്രമുഖ പോയിന്റുകളാണ് ദോഹ ലിങ്കിനുള്ളത്. രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തെ വടക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതി, അടുത്ത 30 വര്‍ഷത്തെ വര്‍ധിച്ചുവരുന്ന ട്രാഫിക് പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന വിധത്തില്‍ ലക്ഷ്യമിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും മൂന്നു വരി ഗതാഗത സൗകര്യങ്ങളും ഒരു എമര്‍ജന്‍സി ലെയ്‌നുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Comments

comments

Categories: Arabia

Related Articles