യാത്രക്കാരുടെ എണ്ണത്തില്‍ അതിവേഗ വളര്‍ച്ച നേടി ജിദ്ദ – റിയാദ് വിമാനപാത

യാത്രക്കാരുടെ എണ്ണത്തില്‍ അതിവേഗ വളര്‍ച്ച നേടി ജിദ്ദ – റിയാദ് വിമാനപാത

ജിദ്ദ, സൗദി എയര്‍പോര്‍ട്ടുകള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം 5.09 ദശലക്ഷം

റിയാദ്: മധ്യ പൂര്‍വേഷ്യയില്‍ അതിവേഗം വളരുന്ന വിമാനപാതകളില്‍ ഇടംപിടിച്ച് ജിദ്ദ- റിയാദ് എയര്‍പോര്‍ട്ടുകള്‍. ഫ്‌ളൈറ്റ് റൂട്ട്‌സ് അനലൈസര്‍ റൂട്ട്‌സ്ഓണ്‍ലൈന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്തില്‍ തന്നെ അതിവേഗ വളര്‍ച്ച നേടുന്ന പാതയായി മാറിയിരിക്കുകയാണ് സൗദിയിലെ ഈ എയര്‍പോര്‍ട്ടുകള്‍.

857 കിലോമീറ്റര്‍ ദൂരമുള്ള ജിദ്ദ, സൗദി എയര്‍പോര്‍ട്ടുകള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം 5.09 ദശലക്ഷമായി മാറിയിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 13.9 ശതമാനം വളര്‍ച്ച നേടുന്ന ഈ വിമാനപാത ഏറ്റവും തിരക്കേറിയ നൂറ് വിമാന പാതകളുടെ നിരയില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ഇന്തോനേഷ്യയ്ക്കും മലേഷ്യക്കും ഇടയിലുള്ള ജക്കാര്‍ത്ത- ക്വാലാലംപൂര്‍ പാതയാണ് ഈ നിരയില്‍ ഒന്നാം സ്ഥാനത്തുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജക്കാര്‍ത്ത- ക്വാലാലംപൂര്‍ പാതയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 29.4 ശതമാനം വര്‍ധനവാണ് ഏറ്റവും പുതിയതായി രേഖപ്പെടുത്തിയിരിക്കുന്നത്.

നെസ്മ എയര്‍ലൈന്‍, സൗദി ഗള്‍ഫ് എയര്‍ലൈന്‍, സൗദിയ, ഫ്്‌ളൈയാഡീല്‍, ഫ്‌ളൈനാസ് എന്നിങ്ങനെ അഞ്ചു ആഭ്യന്തര വിമാന കമ്പനികളാണ് ജിദ്ദ- റിയാദ് റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഇതിനുപുറമെ ചാര്‍ട്ടറുകളും അന്തര്‍ദേശീയ വിമാന സര്‍വീസുകളും വേറെയുണ്ട്. മുസ്ലിം ജനതയുടെ പുണ്യ നഗരങ്ങളായ മക്ക, മദീന എന്നിവയുടെ സാന്നിധ്യം കൊണ്ടുതന്നെ മിഡില്‍ ഈസ്റ്റില്‍ ജിദ്ദ നഗരത്തിന് പണ്ടു കാലം മുതല്‍ പ്രശസ്തിയുണ്ട്. യാത്രക്കാരുടെ ഡിമാന്‍ഡിലും കുറവുണ്ടായിരുന്നില്ല. എയര്‍പോര്‍ട്ടിലെ സൗകര്യങ്ങള്‍ അടുത്തിടെ വര്‍ധിപ്പിച്ചതും കിംഗ് അബ്ദുള്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ അടക്കമുള്ളവ വിപുലീകരിച്ചതും യാത്രക്കാരുടെ എണ്ണം മുമ്പത്തേക്കാളും വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. നിലവില്‍ കിംഗ് അബ്ദുള്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മണിക്കൂറില്‍ നാല്‍പ്പതോളം ഫ്‌ളൈറ്റുകള്‍ ഉള്‍ക്കൊള്ളിക്കാനാകും, മുമ്പ് എട്ടോളം ഫ്‌ളൈറ്റുകളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സൗദിയ, ഫ്‌ളൈയാഡീല്‍ എന്നീ കമ്പനികള്‍ ചെലവ് കുറഞ്ഞ വിമാന സര്‍വീസുകള്‍ക്കു കൂടി തുടക്കമിട്ടതോടെ യാത്രക്കാരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. ഇതുവഴി ഈ വര്‍ഷവും ജിദ്ദയ്ക്കും റിയാദിനുമിടയില്‍ യാത്രാബാഹുല്യം ഇരട്ടിക്കുമെന്നാണ് പ്രതീക്ഷ. പുതിയ സര്‍വീസ് തുടങ്ങിയതോടെ ഒരു ലക്ഷത്തില്‍ പരം ബുക്കിംഗുകളാണ് ആദ്യ രണ്ടു മാസങ്ങളില്‍ തന്നെ ഈ എയര്‍ലൈനിന് ലഭിച്ചിരുന്നത്.

Comments

comments

Categories: Arabia