സ്‌പേസ് എക്‌സ് ദൗത്യത്തില്‍ ആദ്യ യാത്രക്കാരനായി ജാപ്പനീസ് കോടീശ്വരന്‍

സ്‌പേസ് എക്‌സ് ദൗത്യത്തില്‍ ആദ്യ യാത്രക്കാരനായി ജാപ്പനീസ് കോടീശ്വരന്‍

സ്‌പേസ് എക്‌സിന്റെ ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റില്‍ ബഹിരാകാശം ചുറ്റാന്‍ പോവുകയാണു ജാപ്പനീസ് കോടീശ്വരനായ യുസാകു മയേസാവ. ബഹിരാകാശ യാത്രയെ വാണിജ്യവത്ക്കരിക്കാനായി ആഗോളതലത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഈ ദൗത്യം പുതിയ ഊര്‍ജ്ജം നല്‍കുമെന്ന കാര്യം ഉറപ്പാണ്.

സ്‌പേസ് ടൂറിസം സ്വപ്‌നമായി കൊണ്ടുനടക്കുന്ന ഒരു വ്യക്തിയാണ് എലോണ്‍ മസ്‌ക്. ബഹിരാകാശയാത്ര ജനകീയവത്കരിക്കാനുള്ള ശ്രമത്തില്‍, ആദ്യ പേയിംഗ് ടൂറിസ്റ്റിനെ (paying tourist) പ്രഖ്യാപിച്ചു കൊണ്ട് എലോണ്‍ മസ്‌ക് മറ്റൊരു അധ്യായം എഴുതി ചേര്‍ത്തിരിക്കുകയാണ്. ജാപ്പനീസ് കോടീശ്വരന്‍ യുസാകു മയേസാവയാണു ബഹിരാകാശയാത്രയ്ക്കായി പണം ചെലവഴിച്ചിരിക്കുന്ന വ്യക്തി അഥവാ പേയിംഗ് ടൂറിസ്റ്റ്. ബഹിരാകാശ ശാസ്ത്രജ്ഞരില്‍നിന്നും വ്യത്യസ്തമായി, ബഹിരാകാശത്തേയ്ക്കു പണം ചെലവഴിച്ചു യാത്ര നടത്തുന്ന വ്യക്തിയെയാണ് ഇവിടെ പേയിംഗ് ടൂറിസ്റ്റ് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.
മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സിന്റെ പുതുതലമുറ റോക്കറ്റിലാണ് (Big Falcon Rocket -BFR) മയേസാവ ചന്ദ്രനെ ചുറ്റി സഞ്ചരിക്കാന്‍ പോകുന്നത്. ഇക്കാര്യം തിങ്കളാഴ്ച വൈകുന്നേരം സ്‌പേസ് എക്‌സിന്റെ കാലിഫോര്‍ണിയയിലുള്ള ഹാവ്‌തോണ്‍ (Hawthorne) ആസ്ഥാനമന്ദിരത്തില്‍വച്ചു മസ്‌ക് പ്രഖ്യാപിക്കുകയുണ്ടായി. ഓണ്‍ലൈന്‍ ജാപ്പനീസ് ക്ലോത്തിംഗ് കമ്പനിയായ സോസോയുടെ സ്ഥാപകനാണു യുസാകു മയേസാവ. ബഹിരാകാശ യാത്രയുടെ ചെലവ് മസ്‌ക്കോ, മയേസാവയോ പുറത്തുവിട്ടിട്ടില്ലെങ്കിലും, കുറഞ്ഞത് പതിനായിരക്കണക്കിനു ഡോളര്‍ ചെലവ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2023-ലായിരിക്കും ബഹിരാകാശ യാത്ര.

ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റില്‍ യാത്ര

സ്‌പേസ് എക്‌സ് വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ശൂന്യാകാശവാഹനമാണു (spacecraft) ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ് അഥവാ ബിഎഫ്ആര്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ ഹെവി എന്നൊരു റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഈ റോക്കറ്റിന്റെ പിന്‍ഗാമിയായിരിക്കും ബിഎഫ്ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബിഗ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ്. 118 മീറ്റര്‍ (387 അടി) ആണ് ബിഎഫ്ആറിന്റെ ഉയരം. ഇത് ഏകദേശം ഒരു 35 നില കെട്ടിടത്തിന്റെ ഉയരം കാണും. 240 ടണ്‍ മീതൈനും, 860 ടണ്‍ ദ്രവീകൃത ഓക്‌സിജനുമാണ് ബിഎഫ്ആറിന്റെ ഇന്ധനടാങ്കുകളില്‍ സൂക്ഷിക്കാനാവുക. ബിഎഫ്ആറിന്റെ മുകളിലുള്ള പേയ്‌ലോഡ് ബേയിലാണ് (payload bay) മനുഷ്യരെയും, മറ്റ് ലഗേജുകളെയും വഹിക്കുക. റീ യൂസബിള്‍ ബൂസ്റ്റര്‍, 100 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുന്ന റീ യൂസബിള്‍ സിംഗിള്‍ സ്റ്റേജ് റോക്കറ്റ് എന്നിവ ബിഎഫ്ആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ബിഎഫ്ആറിന്റെ പരീക്ഷണ വിക്ഷേപണം അടുത്ത വര്‍ഷമുണ്ടാകുമെന്നും കരുതുന്നുണ്ട്. ബിഎഫ്ആര്‍ വികസിപ്പിച്ചെടുക്കാന്‍ രണ്ട് മുതല്‍ പത്ത് ബില്യന്‍ ഡോളര്‍ ചെലവ് വരെ വരുമെന്നാണു മസ്‌ക് അറിയിച്ചിരിക്കുന്നത്. ഭൂമിയില്‍നിന്നും മറ്റു ഗ്രഹങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന സംവിധാനങ്ങളെ കുറിച്ചാണു മസ്‌ക് ഉള്‍പ്പെടെയുള്ള ടെക്‌നോളജി സംരംഭകര്‍ ചിന്തിക്കുന്നത്. ഇതിനുള്ള ആദ്യപടിയാണ് മനുഷ്യനെ ചൊവ്വയിലെത്തിക്കുകയെന്നത്. ചൊവ്വയില്‍ കോളനി സ്ഥാപിച്ചു കൊണ്ട് ബഹിരാകാശ രംഗത്ത് സ്വാധീനം ഉറപ്പിക്കുകയെന്നതാണ് ലക്ഷ്യം.
ചന്ദ്രനില്‍ ഇതുവരെ 24 മനുഷ്യര്‍ മാത്രമാണു കാലുകുത്തിയിരിക്കുന്നത്. അവരെല്ലാവരും അമേരിക്കക്കാരുമാണ്. അവസാനമായി മനുഷ്യന്‍ ചന്ദ്രനിലെത്തിയത് 1972-ലെ അപ്പോളോ ദൗത്യത്തിലായിരുന്നു. 72-നു ശേഷം ചന്ദ്രനിലെത്തുന്നത് ജപ്പാന്‍കാരനായ മയേസാവയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു.

യാത്രയുടെ ചെലവ്

ബഹിരാകാശയാത്രയ്ക്കായി മയേസാവ എത്ര ഡോളര്‍ ചെലവഴിക്കുമെന്നു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫോബ്‌സിന്റെ കണക്ക്പ്രകാരം, മയേസാവയുടെ മൊത്തം ആസ്തി മൂന്ന് ബില്യന്‍ ഡോളറാണ്. ജപ്പാനിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലര്‍ സ്ഥാപനത്തിന്റെ ഉടമയെന്ന നിലയില്‍ മാത്രമല്ല, കലാസൃഷ്ടികളുടെ വലിയൊരു ശേഖരം സൂക്ഷിക്കുന്ന സ്വഭാവമുള്ള വ്യക്തി കൂടിയാണു 42-കാരനായ മയേസാവ. കഴിഞ്ഞ വര്‍ഷം ജീന്‍ മൈക്കിള്‍ ബാസ്‌ക്യുയാത്തിന്റെ പെയ്ന്റിംഗ് 110.5 മില്യന്‍ ഡോളറിനാണ് മയേസാവ വാങ്ങിയത്. ബഹിരാകാശ യാത്രയില്‍ ആറ് മുതല്‍ എട്ട് കലാകാരന്മാരെ കൂടെ കൂട്ടുമെന്ന് അറിയിച്ചിരിക്കുകയാണ് മയേസാവ.

യുസാകു മയേസാവ

ജപ്പാനിലെ ശതകോടീശ്വരനായ സംരംഭകനാണ് 42-കാരനായ യുസാകു മയേസാവ. ജപ്പാനിലെ ഏറ്റവും വലിയ ഫാഷന്‍ റീട്ടെയ്ല്‍ വെബ്‌സൈറ്റായ Zozo യുടെ സ്ഥാപകനാണ്. പഠന കാലത്ത് കോളേജില്‍നിന്നും ചാടി കടന്നു കാലിഫോര്‍ണിയയിലെത്തി. അവിടെ ഒരു റോക്ക് ബാന്‍ഡുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. പിന്നീട് സ്വന്തമായി ഇ-കൊമേഴ്‌സ് കമ്പനി രൂപീകരിച്ചു.ഇപ്പോഴിതാ ചന്ദ്രനിലേക്ക് ആദ്യമായി പണം ചെലവഴിച്ച് യാത്ര ചെയ്യാന്‍ പോകുന്ന ആദ്യ വ്യക്തിയെന്ന വിശേഷണത്തിന് അര്‍ഹനുമായിരിക്കുന്നു. ഇദ്ദേഹം വലിയൊരു കലാകാരന്‍ കൂടിയാണ്. കലാസൃഷ്ടികളുടെ വലിയൊരു ശേഖരം സ്വന്തമായി സൂക്ഷിക്കുന്നുണ്ട്. തന്റെ ബഹിരാകാശയാത്രയില്‍ ഫോട്ടോഗ്രാഫേഴ്‌സ്, പെയ്‌ന്റേഴ്‌സ്, മ്യുസീഷ്യന്‍സ്, ഡാന്‍സേഴ്‌സ്, ഫാഷന്‍ ഡിസൈനേഴ്‌സ് ഉള്‍പ്പെടെയുള്ള കലാകാരന്മാരെ ഉള്‍പ്പെടുത്തുമെന്നാണു മയേസാവ അറിയിച്ചിരിക്കുന്നത്. നാല് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുന്നതായിരിക്കും യാത്ര. ചന്ദ്രന്റെ ഉപരിതലത്തിലെ 125 മൈലിലേക്ക് വരെ സ്‌പേസ് എക്‌സിന്റെ റോക്കറ്റ് യാത്രക്കാരെ എത്തിക്കുമെന്നാണു കരുതുന്നത്. യാത്രയ്ക്കുള്ള പരിശീലനം ഉടന്‍ തുടങ്ങാനിരിക്കുകയാണ് മയേസാവ.

Comments

comments

Categories: FK News, Slider
Tags: Space