ഇറക്കുമതി നിയന്ത്രണങ്ങള്‍ വിശദീകരിക്കുക ഇന്ത്യക്ക് വെല്ലുവിളി

ഇറക്കുമതി നിയന്ത്രണങ്ങള്‍ വിശദീകരിക്കുക ഇന്ത്യക്ക് വെല്ലുവിളി

ഇലക്ട്രോണിക്‌സ്, ടെക്‌സ്‌റ്റൈല്‍, ഓട്ടോമൊബീല്‍, ചിലയിനം ആഡംബര വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്

ന്യൂഡെല്‍ഹി: ചില ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനുള്ള തീരുമാനത്തിനു പിന്നിലെ വ്യക്തമായ കാരണങ്ങള്‍ ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ ( ഡബ്ല്യുടിഒ) വിശദീകരിക്കേണ്ടതായി വരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രാജ്യസുരക്ഷ, പൊതു ധാര്‍മികതയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കല്‍, സസ്യ ജന്തു ജാലങ്ങളുടെ സംരക്ഷണം, നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി വിഭവങ്ങളുടെ പരിപാലനം എന്നിവയുമായി ബന്ധപ്പെടുത്തി ചില ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തലാക്കുന്നതിന് ഡബ്ല്യുടിഒ ചട്ടങ്ങള്‍ പ്രകാരം ഇന്ത്യക്ക് അവകാശമുണ്ട്.
സ്വര്‍ണം ഇറക്കുമതി നിയന്ത്രിച്ചാല്‍ ദേശീയ സുരക്ഷയുടെ ഭാഗമായാണ് അത് എന്ന വാദം ലോകവ്യാപാര സംഘടനയില്‍ വിശദീകരിക്കാന്‍ ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ പൊതു ധാര്‍മികതയ്ക്കും ആരോഗ്യത്തിനും ഹാനികരമാണ് എന്ന കാരണം ചൂണ്ടിക്കാട്ടി വിവിധ തുണിത്തരങ്ങളുടെയും, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി നിയന്ത്രിക്കുന്നതിനെ വിശദീകരിക്കുന്നത് പ്രയാസകരമാണെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഡബഌുടിഒയുടെ മാനദണ്ഡങ്ങള്‍ പ്രകാരം വ്യാപാര നിയന്ത്രണ നടപടികള്‍ വിവേചനപരമോ സ്വതന്ത്ര വ്യാപാരത്തെ തടയുന്നതോ ആയിരിക്കരുത്. കറന്റ് എക്കൗണ്ട് കമ്മി കുറയ്ക്കുക, രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ വിദേശ വിനിമയ കരുതല്‍ ധനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സര്‍ക്കാര്‍ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതും അത്യാവശ്യമല്ലാത്ത ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ നിരവധി നടപടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിവിധ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കൂടിയാലോചനകള്‍ നടത്തിയാണ് ഇറക്കുമതി നിയന്ത്രിക്കേണ്ട ഉല്‍പ്പന്നങ്ങളുടെ അന്തിമ പട്ടിക തയാറാക്കുക. ഇലക്ട്രോണിക്‌സ്, ടെക്‌സ്‌റ്റൈല്‍, ഓട്ടോമൊബീല്‍, പ്രീമിയം വാച്ചുകള്‍ ഉള്‍പ്പടെയുള്ള ആഡംബര ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്ക് നിയന്ത്രണമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
എണ്ണ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് സ്വര്‍ണവും ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുമാണ്. എന്നാല്‍ ഇവയുടെ ഇറക്കുമതി മാനദണ്ഡങ്ങളില്‍ ഉദാര സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 33.7 ബില്യണ്‍ ഡോളറായി വര്‍ധിച്ചിരുന്നു.
ഇന്ത്യയുടെ വ്യാപാരക്കമ്മി വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണ് സ്വര്‍ണ ഇറക്കുമതി. ചൈനീസ് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെയും യന്ത്രങ്ങളുടെയും, അവയുടെ ഘടകഭാഗങ്ങളുടെയും ഇറക്കുമതി 30 ശതമാനം വര്‍ധിച്ച് 28.6 ബില്യണ്‍ ഡോളര്‍ ആയാണ് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചത്.

Comments

comments

Categories: Business & Economy
Tags: Import