ഫ്‌ളിപ്കാര്‍ട്ട് 3462 കോടി രൂപ സമാഹരിച്ചു

ഫ്‌ളിപ്കാര്‍ട്ട് 3462 കോടി രൂപ സമാഹരിച്ചു

ഉത്സവകാല വില്‍പ്പനയ്ക്ക് ഗുണം ചെയ്യും

ന്യൂഡെല്‍ഹി: വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫഌപ്കാര്‍ട്ടിന്റെ ഓണ്‍ലൈന്‍ വിപണി വിഭാഗമായ ഫഌപ്കാര്‍ട്ട് ഇന്റര്‍നെറ്റ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫഌപ്കാര്‍ട്ട് മാര്‍ക്കറ്റ്‌പ്ലെയ്‌സില്‍ നിന്ന് 3462 കോടി രൂപ സമാഹരിച്ചു. രണ്ട് തവണകളായിട്ടാകും നിക്ഷേപം ലഭിക്കുക. വാള്‍മാര്‍ട്ട് ഫഌപ്കാര്‍ട്ടിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുത്തതിനുശേഷമുള്ള കമ്പനിയുടെ പ്രധാന നിക്ഷേപ സമാഹരണമാണിത്.

പുതിയ നിക്ഷേപം വരാനിരിക്കുന്ന ഉല്‍സവകാല വില്‍പ്പനയില്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആനുകൂല്യങ്ങളും ഓഫറുകളും നല്‍കാനും വിപണിയില്‍ യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണിനോട് മത്സരിക്കാനും ഫഌപ്കാര്‍ട്ടിന് കരുത്തു പകരുമെന്നാണ് വിലയിരുത്തുന്നത്. അതേ സമയം ഈ വര്‍ഷം ആമസോണ്‍ തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റിലേക്ക് 2,600 കോടി രൂപ നിക്ഷേപിച്ചുകൊണ്ട് ഇന്ത്യയിലെ കമ്പനിയുടെ അംഗീകൃത മൂലധന നിക്ഷേപം 4.74 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തിയിരുന്നു. പ്രധാന വിപണിയായ ആമസോണ്‍ സെല്ലര്‍ സര്‍വീസിലേക്ക് ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി നടത്തിയത്.

അടുത്ത മാസം ആരംഭിക്കുന്ന ഉല്‍സവകാലത്തോടനുബന്ധിച്ച് വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വഴി 20 ദശലക്ഷം ഉപഭോക്താക്കള്‍ ഷോപ്പിംഗ് നടത്തുമെന്നും മൂന്നു ബില്യണ്‍ ഡോളറിന്റെ വില്‍പ്പന നടക്കുമെന്നുമാണ് വിപണി ഗവേഷണ സ്ഥാപനമായ റെഡ്‌സീര്‍ കണ്‍സള്‍സള്‍ട്ടിംഗിന്റെ നിരീക്ഷണം. അടുത്ത മാസം 9,10 തിയതികളില്‍ നവരാത്രിയോടനുബന്ധിച്ചാകും ഫഌപ്കാര്‍ട്ടിന്റെ അഞ്ചു ദിവസത്തെ ബിഗാ ബില്യണ്‍ ഡേസ് ആരംഭിക്കുന്നത്. വില്‍പ്പന മൂല്യത്തില്‍ 2.5 – 3 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. രണ്ടാം നിര നഗരങ്ങളിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാകുമെന്നും ഉപഭോക്താക്കളുടെ എണ്ണം മുന്‍ വര്‍ഷത്തെ 13-14 ദശലക്ഷത്തില്‍ നിന്ന് 20 ദശലക്ഷത്തിലേക്ക് ഉയരുമെന്നും ഫഌപ്കാര്‍ട്ട് കണക്കുകൂട്ടുന്നുണ്ട്.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഗ്രോസറി ബിസിനസില്‍ 264 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാനും ബെംഗളൂരു ഉള്‍പ്പെടയുള്ള നഗരങ്ങളിലേക്ക് തങ്ങളുടെ ഗ്രോസറി വിഭാഗമായ സൂപ്പര്‍മാര്‍ട്ടിനെ വ്യാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. സ്റ്റാര്‍ ഇന്ത്യയുടെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിന്റെ ഓഹരികളേറ്റെടുക്കാന്‍ ഫഌപ്കാര്‍ട്ട് ചര്‍ച്ച നടത്തുന്നതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.

Comments

comments

Categories: Tech
Tags: Flipkart