ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നു: അരുണ്‍ ജയ്റ്റ്‌ലി

ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നു: അരുണ്‍ ജയ്റ്റ്‌ലി

പാപ്പരത്ത നിയമം ഉള്‍പ്പടെയുള്ള നടപടികളിലൂടെ ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടു

ന്യൂഡെല്‍ഹി: ബാങ്കിംഗ് മേഖലയില്‍ സര്‍ക്കാര്‍ നടപ്പാലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഫലം കണ്ടുതുടങ്ങിയെന്നും നിഷ്‌ക്രിയാസ്തികളില്‍ വീണ്ടെടുക്കലുകള്‍ വര്‍ധിച്ചുവെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് ക്രമരഹിതമായി വായ്പകള്‍ അനുവദിച്ചതാണ് നിഷ്‌ക്രിയാസ്തികളുടെ വന്‍ തോതിലുള്ള വര്‍ധനയ്ക്ക് ഇടയാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.
2008 മുതല്‍ 2014 വരെ വന്‍തോതില്‍ വായ്പ നല്‍കിയതിന്റെ പ്രത്യാഘാതമാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടായിട്ടുള്ളത്. ഈ കാലഘട്ടത്തില്‍ മൊത്തം വായ്പ 18 ലക്ഷം കോടി രൂപയില്‍ നിന്നും 55 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്ന് ജയ്റ്റ്‌ലി ചൂണ്ടിക്കാണിച്ചു.
നിഷ്‌ക്രിയ ആസ്തികളുടെ വലുപ്പം ഇപ്പോഴും പൂര്‍ണമായി വെളിപ്പെട്ടിട്ടില്ല. 2015ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ( ആര്‍ബിഐ) ആസ്തി മൂല്യ നിര്‍ണയ വിലയിരുത്തലുകള്‍കള്‍ക്കു ശേഷമാണ് നിഷ്‌ക്രിയാസ്തികളുടെ മൊത്തം മൂല്യം നേരത്തേ കരുതിയിരുന്ന 2.5 ലക്ഷം കോടി രൂപയല്ലെന്നും 8.5 ലക്ഷം കോടി രൂപയോളം വരുമെന്നും വ്യക്തമായത്. ഇതിനു ശേഷം കേന്ദ്ര ബാങ്കിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ്
”പാപ്പരത്ത നിയമം ഉള്‍പ്പടെയുള്ള നടപടികളിലൂടെ ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടു. സാമ്പത്തിക ചക്രം മുന്നോട്ട് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ഓരോ പാദത്തിലും മുന്‍ പാദത്തേക്കാള്‍ വളര്‍ച്ച കണ്ടുതുടങ്ങിയത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്”- ജയ്റ്റ്‌ലി പറഞ്ഞു.
നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ബാങ്കുകളുടെ വീണ്ടെടുക്കലുകള്‍ 36,551 കോടി രൂപയാണെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. 2017-18 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വീണ്ടെടുക്കലുകളുടെ 49 ശതമാനത്തിനു തുല്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യം പൊതുമേഖലാ ബാങ്കുകള്‍ക്കായി ‘എന്‍ഹാന്‍സ്ഡ് ആക്‌സസ് ആന്‍ഡ് സര്‍വീസ് എക്‌സലന്‍സ്( ഈസ്) ‘ എന്ന പേരില്‍ പരിഷ്‌കാരങ്ങളുടെ അജണ്ട സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

Comments

comments

Categories: Banking
Tags: banking