ഓട്ടോമേഷനിലും എഐ പരിവര്‍ത്തനത്തിലും ഇന്ത്യ മുന്നേറുന്നു

ഓട്ടോമേഷനിലും എഐ പരിവര്‍ത്തനത്തിലും ഇന്ത്യ മുന്നേറുന്നു

ഇന്ത്യ, യുകെ, യുഎസ്, ജപ്പാന്‍ എന്നീ നാല് വിപണികള്‍ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്

ന്യൂഡെല്‍ഹി: ഓട്ടോമേഷനിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ (എഐ) സ്വീകരിക്കുന്നതിലും യുഎസിനെയും ജപ്പാനെയും മറികടന്ന് ഇന്ത്യ മുന്നേറുന്നതായി പഠന റിപ്പോര്‍ട്ട്. റോബോട്ടിക് പ്രോസസ് ഓട്ടോമേഷനിലും (ആര്‍പിഎ) എഐ അധിഷ്ഠിത സാങ്കേതികവിദ്യകളിലും ആഗോള തലത്തില്‍ മികച്ച കുതിപ്പാണ് ഇന്ത്യ നടത്തുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്‌സ് സര്‍വകലാശാലയും എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയര്‍ സേവനദാതാക്കളായ ഓട്ടോമേഷന്‍ എനിവെയറും ചേര്‍ന്നാണ് പഠനം സംഘടിപ്പിച്ചത്. ഇന്ത്യ, യുകെ, യുഎസ്, ജപ്പാന്‍ എന്നീ നാല് വിപണികള്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.

റോബോട്ടിക് പ്രോസസ് ഓട്ടോമേഷനും എഐ അധിഷ്ഠിത സാങ്കേതികവിദ്യകളും അതിന്റെ പൂര്‍ണ ശേഷിയില്‍ തന്നെ തങ്ങളുടെ ജീവനക്കാര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഇന്ത്യയില്‍ നിന്നും പഠനത്തിന്റെ ഭാഗമായ 71 ശതമാനം പേര്‍ പ്രതികരിച്ചത്. പുതിയ സാങ്കേതിക വെല്ലുവിളികള്‍ നേരിടാന്‍ തങ്ങള്‍ തയാറാണെന്ന്് 66 ശതമാനം ഇന്ത്യന്‍ കമ്പനികള്‍ പ്രതികരിച്ചത്. തൊഴിലാളികളുടെ ശേഷി വികസനത്തിനാണ് തങ്ങളുടെ സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഇന്ത്യയില്‍ നിന്നുള്ള 77 ശതമാനം പേര്‍ പറഞ്ഞു. ജീവനക്കാരുമായി ഇടപഴകുന്നതിലും ജീവനക്കാരെ കേള്‍ക്കുന്നതിലും മറ്റ് വിപണികളെ അപേക്ഷിച്ച് ഇന്ത്യ മുന്നിലാണെന്നും പഠനം പറയുന്നു.

ഇന്ത്യ, യുകെ, യുഎസ്, ജപ്പാന്‍ എന്നിവിടങ്ങളിലെ പ്രമുഖ കമ്പനികളില്‍ നിന്നുള്ള മുതിര്‍ന്ന ബിസിനസ് നേതൃത്വങ്ങളില്‍ നിന്നാണ് ഗവേഷണ സംഘം പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. ഇതിനുപുറമെ ഓട്ടോമേഷനിലും എഐയിലും പ്രാപിണ്യമുള്ള സാങ്കേതിക വിദഗ്ധരെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരെയും ശാസ്ത്രജ്ഞരെയും എന്‍ജിനീയര്‍മാരെയും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒഗ്‌മെന്റേഷന്‍ തങ്ങളുടെ ടീമിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് പഠനത്തിന്റെ ഭാഗമായ 70 ശതമാനം പേര്‍ പറഞ്ഞു.

അതേസമയം, ഓട്ടോമേഷന്‍ ആവര്‍ത്തന സ്വഭാവമുള്ള ജോലികളില്‍ നിന്നും ജീവനക്കാരെ മോചിപ്പിച്ചതായാണ് എഐ ഉപയോഗിക്കുന്ന 80 ശതമാനം പേരും ആര്‍പിഎ ഉപയോഗിക്കുന്ന 78 ശതമാനം പേരും പ്രതികരിച്ചത്. ജീവനക്കാരുടെ ശേഷികള്‍ മെച്ചപ്പെടുത്തുന്നതിനും പരമാവധി ഗുണം ചെയ്യുന്ന രീതിയില്‍ ജീവനക്കാരുടെ പ്രവര്‍ത്തന ശൈലികള്‍ ഉപയോഗപ്പെടുത്തുന്നതിനും സഹാകമായ വിധത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നാണ് പഠനത്തിന്റെ ഭാഗമയവര്‍ പറയുന്നത്. ഓട്ടോമേഷനില്‍ നിന്നും നേട്ടമുണ്ടാക്കുന്നതിലും ഇന്ത്യന്‍ കമ്പനികളാണ് മുന്നിലുള്ളത്. ഓട്ടോമേഷന്‍ ജീവനക്കാരുടെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിച്ചതായി ഇന്ത്യയില്‍ നിന്നുള്ള 86 ശതമാനം പേര്‍ പറഞ്ഞു.

Comments

comments

Categories: FK News
Tags: AI, automation