അമേരിക്കയുടെ സഹായ നിഷേധം പാകിസ്ഥാനെ നയിക്കുന്നതെങ്ങോട്ട്?

അമേരിക്കയുടെ സഹായ നിഷേധം പാകിസ്ഥാനെ നയിക്കുന്നതെങ്ങോട്ട്?

ഭീകര വിരുദ്ധ പോരാട്ടത്തില്‍ വിട്ടു വീഴ്ച ചെയ്തത് ചൂണ്ടിക്കാട്ടി സൈനിക സഹായമടക്കം 800 ദശലക്ഷം ഡോളര്‍ സഹായധനം വെട്ടിക്കുറച്ച യുഎസ് നടപടി പാകിസ്ഥാന് കൂനിന്‍മേല്‍ കുരുവായാണ് മാറിയത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിദേശ നാണ്യ കരുതല്‍ ശേഖരത്തിന്റെ ഇടിവുമെല്ലാം നേരിടുന്ന സാഹചര്യത്തിലാണ് സഹായധനം നല്‍കുന്നതില്‍ നിന്ന് പിന്‍മാറിയ അമേരിക്കയുടെ നടപടി ഇടിത്തീയായിരിക്കുന്നത്. ചൈനയുടെ വര്‍ധിച്ചു വരുന്ന സാന്നിധ്യവും സ്വാധീനവും പാക്കിസ്ഥാന് യുഎസിന്റെ സഖ്യകക്ഷിയെന്ന സ്ഥാനം നഷ്ടപ്പെടുത്തിയിരിക്കുന്നു. അനുകൂലമായ ഈ കാലാവസ്ഥ ഇന്ത്യക്ക് ഏതുവിധം അനുഗുണമാകും?

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് അമേരിക്ക. ഭീകര വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ പതിറ്റാണ്ടുകളായി നല്‍കിവരുന്ന സാമ്പത്തിക സഹായങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടാണ് ട്രംപ് ഭരണകൂടം സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന തെമ്മാടി രാഷ്ട്രത്തിന് വലിയ നഷ്ടം തന്നെയാണ് അമേരിക്കയുടെ നടപടി. ഈ പ്രതിസന്ധികളുടെയെല്ലാം നടുവിലേക്കാണ് പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ അധികാരമേറ്റിരിക്കുന്നത്. പുതിയ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഈ മാസമാദ്യം നടത്തിയ ഇസ്ലാമാബാദ് സന്ദര്‍ശനം അതിനാല്‍ ഏറെ ശ്രദ്ധേയമായിരുന്നു. സെപ്റ്റംബര്‍ ആറിന് അമേരിക്കയേയും ഇന്ത്യയേയും സംബന്ധിക്കുന്ന പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ന്യൂഡെല്‍ഹിയില്‍ ചേര്‍ന്ന ടു പ്ലസ് ടു ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വരുന്ന വഴിയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പാക്കിസ്ഥാനിലിറങ്ങിയത്.

ഒരു അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയെന്നത് അത്ര അത്ഭുതപ്പെടേണ്ട കാര്യമല്ല. അഫ്ഗാനിസ്ഥാനില്‍ വേരുകളുള്ള തീവ്രവാദ സംഘടനയായ താലിബാനെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്റെ സഹകരണം ഉറപ്പാക്കാന്‍, ഇസ്ലാമാബാദിലേക്ക് അമേരിക്കന്‍ പ്രതിനിധികള്‍ സന്ദര്‍ശനത്തിനെത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ പോംപിയോയുടെ ഇത്തവണത്തെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത് മേല്‍പ്പറഞ്ഞ രണ്ട് സംഗതികള്‍ തന്നെയാണ്. യുഎസ്- പാക്കിസ്ഥാന്‍ ബന്ധം വളരെയേറെ വെല്ലുവിളികള്‍ നേരിട്ടു വരികയാണെന്നും എന്നാല്‍ പുതിയ നേതൃത്വവുമായി സഹകരിക്കുന്നതിന് പൊതുവായ തലം കണ്ടെത്താനാവുമെന്ന പ്രതീക്ഷയുണ്ടെന്നുമാണ് സന്ദര്‍ശനത്തിന് മുന്‍പ് മാധ്യമങ്ങളോട് പോംപിയോ പ്രതികരിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റ് താരമായിരുന്ന ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം പാക്കിസ്ഥാന് പ്രതീക്ഷ നല്‍കുന്നുണ്ടെന്നത് ശരി തന്നെയാണ്. എന്നാല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ കരകയറ്റാന്‍ അദ്ദേഹത്തിനാവുമോ എന്ന് കണ്ടറിയണം. നിലവില്‍ വെറും പത്ത് ബില്യണ്‍ ഡോളര്‍ മാത്രമാണ് പാക്കിസ്ഥാന്റെ വിദേശ നാണ്യ കരുതല്‍ ശേഖരം. യുദ്ധം താറുമാറാക്കിയ അഫ്ഗാനിസ്ഥാനേക്കാളും താഴെയാണിതെന്നത് സമ്പദ് വ്യവസ്ഥയുടെ അനിശ്ചിതാവസ്ഥ വിളിച്ചോതുന്നുണ്ട്.

ഈ കരുതല്‍ ശേഖരത്തിന്റെ സിംഹഭാഗവും വായ്പാ കുടിശികയുടെ തിരിച്ചടവിലേക്ക് വരുന്ന ആഴ്ചകളില്‍ ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ചൈനയില്‍ നിന്ന് ആറ് ബില്യണ്‍ ഡോളര്‍ പാക്കിസ്ഥാന്‍ കടമെടുത്തു. ഇത് കൂടാതെ അന്താരാഷ്ട്ര നാണ്യ നിധിയില്‍ (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്, ഐഎംഎഫ്) നിന്ന് ഒന്‍പത് ബില്യണ്‍ ഡോളറിന്റെ കടാശ്വാസ പാക്കേജ് നേടിയെടുക്കാനുള്ള തത്രപ്പാടിലാണ് അവര്‍.

ചൈനയില്‍ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവിനായി ഉപയോഗിക്കപ്പെടില്ലെന്ന് ഉറപ്പു കിട്ടിയാല്‍ മാത്രമേ ഐഎംഎഫില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിക്കുകയുള്ളെന്ന് മാസങ്ങള്‍ക്ക് മുന്‍പ് മൈക്ക് പോംപിയോ വ്യക്തമാക്കിയിരുന്നു. ചൈന ധനസഹായം നല്‍കുന്ന ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) വ്യവസ്ഥകളും നിബന്ധനകളും പാക്കിസ്താന്‍ കൂടുതല്‍ സുതാര്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വായ്പയുടെ രൂപത്തില്‍ ചുരുങ്ങിയത് 62 ബില്യണോളം ഡോളര്‍ ചൈന ഇതിനകം നിക്ഷേപം നടത്തിക്കഴിഞ്ഞു. പ്രതിവര്‍ഷം നാല് ബില്യണ്‍ ഡോളര്‍ വീതമാണ് പാകിസ്ഥാന്‍ അടുത്ത വര്‍ഷം മുതല്‍ തിരിച്ചടക്കേണ്ടത്. പാക്കിസ്ഥാനില്‍ നിന്ന് ചൈന ഉണ്ടാക്കുന്ന സാമ്പത്തിക നേട്ടങ്ങളേക്കാള്‍ ഭൂമിശാസ്ത്രപരമായി ഉണ്ടാക്കുന്ന സ്വാധീനവും സാന്നിധ്യവുമാണ് അമേരിക്കയെ അലോസരപ്പെടുത്തുന്നതെന്ന് വ്യക്തമാണ്. സമാനമായ നിലപാടാണ് ഇന്ത്യയും ഈ വിഷയത്തില്‍ വെച്ചു പുലര്‍ത്തുന്നത്.

അമേരിക്കന്‍ താല്‍പ്പര്യങ്ങളെ കൂടി ഹനിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായി നടപടിയെടുക്കുന്നതില്‍ പാക്കിസ്ഥാന്‍ വീഴ്ച വരുത്തിയതാണ് 300 ദശലക്ഷം ഡോളറിന്റെ സൈനികസഹായം വെട്ടിക്കുറക്കുന്നതിലേക്ക് ട്രംപ് സര്‍ക്കാരിനെ നയിച്ചത്. സഖ്യ രാഷ്ട്രത്തിനുള്ള സാമ്പത്തിക പിന്തുണയെന്ന പേരില്‍ നല്‍കി വന്നിരുന്ന 500 ദശലക്ഷം ഡോളര്‍ ധനസഹായം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ യുഎസ് കോണ്‍ഗ്രസ് റദ്ദാക്കിയിരുന്നു. ഇത്തരത്തില്‍ ആകെ 800 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് പാക്കിസ്ഥാനുണ്ടായിരിക്കുന്നത്.

ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന് വേണ്ടത്ര പരിഗണന കൊടുക്കുന്നതില്‍ പരാജയപ്പെട്ട പാക്കിസ്ഥാനെതിരെ നടപടി ഉണ്ടാകുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി, കേവലം വാചാടോപം എന്നാണ് ആദ്യം വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ താലിബാനെതിരെയുള്ള പോരാട്ടത്തില്‍ അവരുടെ പങ്ക് വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും രാജ്യത്തിനകത്ത് ഭീകരര്‍ക്ക് സുരക്ഷിതമായ താവളങ്ങളൊരുക്കുന്നത് തടയാനും പാക്കിസ്ഥാനെ നിര്‍ബന്ധിതമാക്കുന്നതില്‍ അതീവ കാര്യഗൗരവമാണ് അമേരിക്ക പിന്നീട് കാട്ടിയത്. അമേരിക്കയുടെ നീക്കത്തെ സാമ്പ്രദായിക ന്യായീകരണങ്ങളുമായാണ് പാക്കിസ്ഥാനിലെ പുതിയ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി സമീപിച്ചിരിക്കുന്നത്. ഇതിനോടകം ചെയ്തു കൊടുത്ത സേവനങ്ങള്‍ക്ക് അമേരിക്ക നല്‍കേണ്ട തുകയാണ് ഈ 300 ദശലക്ഷം ഡോളറെന്നും ഇത് ഒരു സഹായധനം അല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ നയം പാക്കിസ്ഥാനുമായുള്ള സഹകരണത്തെ അങ്ങേയറ്റം ആശ്രയിച്ചിരിക്കുന്നു. അമേരിക്കക്കും സഖ്യസേനകള്‍ക്കും താജിക്കിസ്ഥാന്‍ അല്ലെങ്കില്‍ ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ വ്യോമാന്തരീക്ഷത്തിലൂടെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ സാധിക്കില്ല. ഇതാണ് പാക്കിസ്ഥാന്റെ പ്രാധാന്യം നിര്‍ണായകമാക്കിയത്. സമുദ്രം വഴിയുള്ള ചരക്കു നീക്കം തുറന്നു നല്‍കുന്ന കറാച്ചിയിലേക്ക് കൂടി ഈ ലഹകരണം വ്യാപിച്ചിരുന്നു. കഴിഞ്ഞ 17 വര്‍ഷക്കാലം അഫ്ഗാനിസ്ഥാനിലേക്കുള്ള ചരക്ക് നീക്കം സിന്ധിലൂടെയും ബലൂചിസ്ഥാനിലൂടെയുമാണ് നടന്നത്.

പാക്കിസ്ഥാന് നല്‍കുന്ന സഹായം നിഷേധിക്കുന്നതിലൂടെ അമേരിക്ക അപകടം വിളിച്ച് വരുത്തുകയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇമ്രാന്‍ ഖാന്‍ സര്‍്കരിന്റെ അഫ്ഗാന്‍ നയം എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. അഫ്ഗാനിസ്ഥാനിലെ പോരാട്ടത്തില്‍ അമേരിക്കക്ക് കൂടുതല്‍ ശക്തമായ പിന്തുണ നല്‍കുന്നതാവുമോ അത്? 2001 ന്റെ അവസാനത്തില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പാക്കിസ്ഥാനെതിരെ നടത്തിയ ബോബ് ഭീഷണി പ്രസിദ്ധമാണ്. അടിമുടി കാര്‍പ്പറ്റ് ബോംബിംഗ് നടത്തി ശിലായുഗ കാലഘട്ടത്തിലേക്ക് പാക്കിസ്ഥാനെ എത്തിക്കുമെന്നായിരുന്നു ബുഷിന്റെ മുന്നറിയിപ്പ്. ഇതിന് ശേഷമാണ് അഫ്ഘാന്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ യുഎസിനോട് സഹകരിക്കാനാരംഭിച്ചത്. എങ്കിലും ഉള്ളില്‍ പക വെച്ചുകൊണ്ട് അര്‍ധ മനസോടെയാണ് ഈ പിന്തുണ കൈമാറിയത്. നല്‍കാമായിരുന്ന പൂര്‍ണ സഹകരണം ഒരിക്കലും യുഎസിന് ലഭിച്ചില്ല. കറാച്ചിയില്‍ നിന്നും അഫ്ഘാനിസ്ഥാനിലേക്കുള്ള ചരക്ക് വാഹനങ്ങള്‍ പ്രാദേശീക സര്‍ക്കാരിന്റെ ഒത്താശയോടെ നിരവധി തവണയാണ് അക്രമിക്കപ്പെട്ടത്. ആഭ്യന്തരമായ സമ്മര്‍ദ്ദങ്ങള്‍ മൂലമാണ് സഖ്യസേനയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതില്‍ പാളിച്ചകള്‍ ഉണ്ടാകുന്നതെന്നാണ് പാക്കിസ്ഥാന്‍ ഇതിന് നല്‍കുന്ന വിശദീകരണം.

ശക്തമായ ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങള്‍ പാക്കിസ്ഥാനില്‍ നിലനില്‍ക്കുന്നുണ്ടെന്നത് വാസ്തവമാണ്. ആഭ്യന്തര സുരക്ഷാ ഭീഷണികള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനായി 2015-16 കാലഘട്ടത്തില്‍ ‘ഓപ്പറേഷന്‍ റാദ് ഉല്‍ ഫസദ്’ നടപ്പാക്കാന്‍ പാക് സൈന്യം നിര്‍ബന്ധിതമായി. പത്ത് വര്‍ഷത്തോളം വേണ്ടി വന്നു ഇത്തരമൊരു നടപടിയിലേക്കെത്താന്‍.

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുസ്ഥിരമായ പ്രതിരോധ നടപടികളെടുക്കാന്‍ സാധിക്കുന്നില്ലെന്ന ചീട്ടാവും പാക്കിസ്ഥാന്‍ ഇനി ഇറക്കാന്‍ പോവുക. യുഎസിലേക്കും എൈംഎഫിലേക്കുമെല്ലാം ഈ വാദങ്ങളുമായി പാക് പ്രതിനിധികള്‍ എത്തും. ധനസഹായം നല്‍കിയാല്‍ തന്നെ അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ പ്രത്യേക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ തുക വിനിയോഗിക്കുമോ എന്ന കാര്യം സംശയാസ്പദമാണ്.

ഇസ്ലാമാബാദ് സന്ദര്‍ശിച്ച മൈക്ക് പോംപിയോ കരസേനാ മേധാവി ഖമര്‍ ബാജ്വയെ കാണാന്‍ റാവല്‍പിണ്ടിയിലുമെത്തിയിരുന്നു. പിന്തുണയും നടപടികളും സംബന്ധിച്ച് ഗൗരവതരമായെന്തെങ്കിലും ഉറപ്പുകള്‍ പാക് സൈന്യത്തില്‍ നിന്ന് മാത്രമേ യുഎസ് പ്രതീക്ഷിക്കുന്നുള്ളൂ എന്നതാണ് ഇതിന്റെ സൂചന. സര്‍ക്കാരുകള്‍ പാവക്കൂത്തിലെ പാവകളാണെന്നും നൂലുകളെ നിയന്ത്രിക്കുന്നത് സൈന്യമാണെന്നും പരസ്യമായ രഹസ്യമാണ്. എന്നാല്‍ ആഭ്യന്തര സുരക്ഷയില്‍ അല്‍പ്പം സ്ഥിരത കൊണ്ടുവരാന്‍ വിജയിച്ച സാഹചര്യത്തില്‍ പട്ടാളം അതിന് എളുപ്പത്തില്‍ വശംവദരാകില്ലെന്നു വേണം കരുതാന്‍.

ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ ഒരു ബില്യണ്‍ ഡോളറിന്റെ വായ്പ പ്രഖ്യാപിച്ച ശേഷം മറ്റ് സാമ്പത്തിക സഹായങ്ങളുടെ സൂചനകളൊന്നും ചെന നല്‍കിയിട്ടില്ല. ഇന്ധന വായ്പകള്‍ സൗദി അറേബ്യ ദീര്‍ഘിപ്പിച്ചിട്ടുണ്ടെങ്കിലും കടാശ്വാസ പരിപാടിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. സൗദി- യെമന്‍ അതിര്‍ത്തിയില്‍ ഹൂത്തികളുമായി നടക്കുന്ന യുദ്ധത്തിന്റെ ഭാഗമാകാന്‍ പാക്ക് സേനയെ അയക്കുമെന്നായിരുന്നു സൗദി കരുതിയിരുന്നത്. ചൈനയെപ്പോലെ എല്ലാ കാലാവസ്ഥയിലും സൗഹൃദം പുലര്‍ത്തുന്ന സൗദി ഒരു സഹായ പാക്കേജിലൂടെ കടം എഴുതി തള്ളാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സൈന്യത്തെ അയക്കാനുള്ള ആവ്യം 2015 ല്‍ തള്ളിയിരുന്ന പാക്കിസ്ഥാന്‍ ഇപ്പോഴും മറിച്ചൊരു തീരുമാനം എടുത്തിട്ടില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്റെ ഇന്ത്യയോടുള്ള മനോഭാവത്തില്‍ എന്തെങ്കിലും അനുകൂല പ്രഭാവം ഉണ്ടാകുമോയെന്നും ഇതിലൂടെ ജമ്മു കശ്മീരില്‍ നടത്തുന്ന പരോക്ഷ യുദ്ധത്തിനുള്ള പിന്തുണ അവസാനിപ്പിക്കുമോയെന്ന ചോദ്യങ്ങളെല്ലാം തല പൊക്കുന്നുണ്ട്. എന്നാല്‍ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കും പരോക്ഷ യുദ്ധത്തിനും അറുതി വരുത്താന്‍ ഈ സാമ്പത്തിക പ്രതിസന്ധി മതിയാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമവിരുദ്ധമായ മയക്കുമരുന്ന് കള്ളക്കടത്തിലൂടെയും കള്ളനോട്ടുകളിലൂടെയുമാണ് ഈ ഒളിയുദ്ധം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ഈ കച്ചവടങ്ങള്‍ക്കൊന്നും ഇതു വരെയും ഒരു പ്രതിസന്ധിയും അനുഭവപ്പെട്ടിട്ടില്ല താനും.

നിയന്ത്രണ രേഖയുടെ പ്രായോഗികത വീണ്ടും സജ്ജീവമാകുന്നുവെന്നതാണ് പാക്കിസ്ഥാനെ ആശങ്കപ്പെടുകത്താന്‍ സാധ്യതയുള്ള മറ്റൊരു വിഷയം. ആസൂത്രണം ചെയ്തതോ മനഃപൂര്‍വമല്ലാത്തതോ ആയ വെടിവെപ്പ് ഇന്ത്യക്ക് നേരെ ഉണ്ടായാല്‍ വ്യവസ്ഥാപരമായി നിര്‍ണായകമായ എതിര്‍ നടപടികള്‍ ഉണ്ടായേക്കാം. രാജ്യത്തെവിടെയെങ്കിലും ഇനി ഒരു ഭീകരാക്രമണം ഉണ്ടാവുകയും നിരപരാധികള്‍ കൊല്ലപ്പെടുകയും ചെയ്താല്‍ സാമ്പത്തികമായി ദുര്‍ബലമായ പാക്കിസ്ഥാനോടുള്ള ഇന്ത്യയുടെ സമീപനം കൂടുതല്‍ വഷളായിരിക്കും. ഇന്ത്യന്‍ സൈന്യവുമായി നേരിട്ട് ആശയ വിനിമയം സ്ഥാപിച്ചെടുക്കാന്‍ പാക് സൈന്യം ശ്രമം നടത്തുന്നതിന് കാരണം ഇതാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

അഫ്ഗാന്‍ സഹകരണത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് കൂടുതല്‍ പ്രതിബദ്ധത ലഭിക്കുന്നതോടെ അമേരിക്കയുടെ പിണക്കം മാറുമോയെന്ന് സംശയമാണ്. പാക്കിസ്ഥാനിലെ നിര്‍ണായക സ്വാധീനമായി ചൈന നിലയുറപ്പിക്കുന്ന കാലം വരെ ഫണ്ട് കൈമാറ്റം അപകടകരമാണെന്ന് യുഎസ് മനസിലാക്കിയിട്ടുണ്ട്. അഫ്ഘാനിലെ ഭീകര വിരുദ്ധ പോരാട്ടത്തിന്റെ ഭാവിയാണ് ഇതോടെ തുലാസിലായിരിക്കുന്നത്. അതേസമയം ട്രംപിന്റെ അഫ്ഗാന്‍ നയത്തിന് ടു പ്ലസ് ടു ചര്‍ച്ചയില്‍ ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരവാദത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ തയ്യാറായതോടെ അടുത്ത വര്‍ഷം മുതല്‍ സംയുക്ത സൈനികാഭ്യാസങ്ങള്‍ക്ക് ഇരു രാജ്യങ്ങളും തുടക്കം കുറിക്കും. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക് നടപടിയെ രൂക്ഷമായാണ് ന്യൂഡെല്‍ഹി ഉച്ചകോടി വിമര്‍ശിച്ചത്. ഇക്കാര്യങ്ങളില്‍ പുതിയ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ എന്ത് നിലപാടെടുത്താലും നിര്‍ണായകമായിരിക്കും.

Comments

comments

Categories: FK Special, Slider