പ്രാദേശിക ഉള്ളടക്കങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ആമസോണ്‍ പ്രൈം വീഡിയോ

പ്രാദേശിക ഉള്ളടക്കങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ആമസോണ്‍ പ്രൈം വീഡിയോ

ബെംഗളൂരു: യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണിന്റെ വീഡിയോ സ്്ട്രീമിംഗ് സേവനമായ ആമസോണ്‍ പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമിലേക്ക് കൂടുതല്‍ പ്രാദേശിക ഉള്ളടങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് ഒറിജിനല്‍ ഉള്ളടക്കങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങുന്നു. നിലവില്‍ തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി, ഹിന്ദി എന്നിങ്ങനെ രാജ്യത്തെ അഞ്ചു പ്രാദേശിക ഭാഷകളിലാണ് പ്രൈം ഉള്ളടക്കങ്ങള്‍ ലഭ്യമാകുന്നതെന്നും മറ്റ് പ്രാദേശികഭാഷകളിലേക്കു കൂടി സേവനം വ്യാപിപ്പിക്കാനുള്ള സാധ്യതകള്‍ കമ്പനി പരിശോധിച്ചു വരികയാണെന്നും ആമസോണ്‍ പ്രൈം വീഡിയോ കണ്ടന്റ് തലവനും ഡയറക്റ്ററുമായ വിജയ് സുബ്രമണ്യം പറഞ്ഞു. തങ്ങളുടെ പ്രാദേശികഭാഷയിലുള്ള രണ്ടാമത്തെ ഒറിജിനല്‍ ഉള്ളടക്ക വെബ് സീരീസ് ഈ വര്‍ഷം അവസാനത്തോടെ തമിഴില്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മേയ് മാസത്തിലാണ് തെലുങ്ക് ഭാഷയില്‍ ഗ്യാംഗ്സ്റ്റാഴ്‌സ് എന്ന ആദ്യത്തെ പ്രാദേശിക ഒറിജിനല്‍ വെബ് സീരീസ് ആമസോണ്‍ പ്രൈം വീഡിയോ ആരംഭിക്കുന്നത്.

2016 ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെക്കുമ്പോള്‍ തന്നെ 18 ഒറിജിനല്‍ ഉള്ളടക്ക സീരീസാണ് ആമസോണ്‍ പ്രഖ്യാപിച്ചത്. ഇതില്‍ ആറെണ്ണം പ്ലാറ്റ്‌ഫോമില്‍ സംപ്രേഷണം ചെയ്തുകഴിഞ്ഞു. ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി അഭിനയിക്കുന്ന ‘ഹിയര്‍ മീ ലവ് മീ’ എന്നൊരു പുതിയ ഷോ ആരംഭിക്കുമെന്ന് ആമസോണ്‍ പ്രൈം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് രണ്ട് വെബ് സീരിയസുകള്‍ കൂടി സംപ്രേഷണം ചെയ്യാന്‍ പ്ലാറ്റ്‌ഫോമിന് പദ്ധതിയുണ്ട്. അടുത്ത വര്‍ഷം റിയാലിറ്റി, ഫിക്ഷന്‍ ഷോകളുള്‍പ്പെടെ പത്ത് ഒറിജിനല്‍ സീരീസുകളും 2020 ല്‍ 12 പുതിയ ഷോകളും ആമസോണ്‍ പ്രൈം ആരംഭിക്കുമെന്നും പ്രൈം പ്ലാറ്റ്‌ഫോമില്‍ റിയാലിറ്റി ഷോകളേക്കാള്‍ കൂടുതല്‍ ഫിക്ഷന്‍ ഷോകളാണുള്ളതെന്നും വിജയ് സുബ്രമണ്യം വ്യക്തമാക്കി.

യുഎസ് മാധ്യമ വിശകലന സ്ഥാപനമായ കോംസ്‌കോറിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം ജൂണ്‍ വരെ ഒന്‍പത് ദശലക്ഷം സന്ദര്‍ശകരെയാണ് ആമസോണ്‍ പ്രൈമിനു ലഭിച്ചത്. ഇവര്‍ വീഡിയോ ഉള്ളടക്കങ്ങള്‍ ആസ്വദിച്ചുകൊണ്ട് 2,373 ദശലക്ഷം മിനിറ്റാണ് പ്ലാറ്റ്‌ഫോമില്‍ ചെലവഴിച്ചത്. ആമസോണ്‍ പ്രൈമിന്റെ 999 രൂപയുടെ വാര്‍ഷിക സബ്‌സ്‌ക്രിബ്ഷനു പുറമെ 129 രൂപയുടെ പ്രതിമാസ സബ്‌സ്‌ക്രിബ്ഷനും ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ഇന്ത്യയില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്തുന്നതിനായി ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍, വോഡഫോണ്‍ എന്നിവരുമായി കമ്പനി സഹകരിക്കുന്നുണ്ട്.

Comments

comments

Categories: Tech