200 ബില്യണ്‍ ഡോളര്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി തീരുവ ചുമത്തി യുഎസ്

200 ബില്യണ്‍ ഡോളര്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി തീരുവ ചുമത്തി യുഎസ്

പുതിയ തീരുവ ഈ മാസം 24 മുതല്‍ പ്രാബല്യത്തില്‍ വരും

വാഷിംഗ്ടണ്‍: യുഎസ്-ചൈന വ്യാപാര യുദ്ധം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 200 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുവ ഏര്‍പ്പെടുത്തി. പത്ത് ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിരിക്കുന്നത്. യുഎസിലെ കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും തിരിച്ചടിയാകുന്ന തരത്തില്‍ പ്രതിരോധ നടപടി സ്വീകരിക്കാന്‍ ചൈന മുതിര്‍ന്നാല്‍ തീരുവ വര്‍ധനയുടെ മൂന്നാം ഘട്ടത്തിലേക്ക് തങ്ങള്‍ ഉടന്‍ കടക്കുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം ഡൊണാള്‍ഡ് ട്രംപ് നല്‍കിയിട്ടുണ്ട്.
അടുത്ത ഘട്ടത്തില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏകദേശം 267 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക്് തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇത്തരമൊരു നീക്കത്തിലേക്ക് ട്രംപ് കടന്നാല്‍ ചൈനയില്‍ നിന്നും യുഎസ് ഇറക്കുമതി ചെയ്യുന്ന ബാക്കി എല്ലാ ഉല്‍പ്പന്നങ്ങളും ഇതില്‍ ഉള്‍പ്പെടും. നിലവില്‍ ഐഫോണുകളെയും ആപ്പിള്‍, ഫിറ്റ്ബിറ്റ് സ്മാര്‍ട്ട് വാച്ചുകളെയും ബൈസിക്കിള്‍ ഹെല്‍മെറ്റ്, ബേബി കാര്‍ സീറ്റുകള്‍ തുടങ്ങിയ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളെയും യുഎസ് തീരുവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, 267 ബില്യണ്‍ ഡോളര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി തീരുവ ചുമത്താന്‍ തീരുമാനിച്ചാല്‍ ഐഫോണ്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളും അതില്‍ ഉള്‍പ്പെടാനാണ് സാധ്യത.
പുതിയ തീരുവ ഈ മാസം 24 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് യുഎസ് ഭരണകൂടം അറിയിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ തീരുവ നിരക്ക് പത്ത് ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ധിപ്പിക്കും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ബദലായി മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലൂടെ തങ്ങളുടെ വിതരണ ശൃംഖല ക്രമീകരിക്കാനുള്ള സമയം യുഎസ് കമ്പനികള്‍ക്ക് നല്‍കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു. ഇതിനോടകം 50 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: Business & Economy