യുഎസ് സീക്രട്ട് സര്‍വീസ് ഹാര്‍ലി ഡേവിഡ്‌സണ്‍ വാങ്ങും

യുഎസ് സീക്രട്ട് സര്‍വീസ് ഹാര്‍ലി ഡേവിഡ്‌സണ്‍ വാങ്ങും

തീരുമാനം ഡൊണാള്‍ഡ് ട്രംപിന്റെ ബഹിഷ്‌കരണ ആഹ്വാനം നിലനില്‍ക്കേ

വാഷിംഗ്ടണ്‍ ഡിസി : ഡൊണാള്‍ഡ് ട്രംപിന്റെ ബഹിഷ്‌കരണ ആഹ്വാനം നിലനില്‍ക്കേ, യുഎസ് സീക്രട്ട് സര്‍വീസ് ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങാനൊരുങ്ങുന്നു. യുഎസ് പ്രസിഡന്റിന് സുരക്ഷയൊരുക്കുന്ന സീക്രട്ട് സര്‍വീസ് ഏജന്റുകള്‍ക്കുവേണ്ടിയാണ് മോട്ടോര്‍സൈക്കിള്‍ വാങ്ങുന്നത്. ഇവര്‍ തുടര്‍ന്നും ഹാര്‍ലി ഡേവിഡ്‌സണ്‍ ഉപയോഗിക്കും. അമേരിക്കന്‍ ബ്രാന്‍ഡുമായി ട്രംപ് പരസ്യമായി ഏറ്റുമുട്ടിയിരിക്കുന്ന സമയമാണെങ്കിലും ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ തന്നെയാണ് സീക്രട്ട് സര്‍വീസ് തീരുമാനം. പൊലീസ് ആക്‌സസറികള്‍ ഘടിപ്പിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളിനായി സീക്രട്ട് സര്‍വീസ് കഴിഞ്ഞയാഴ്ച്ച പരസ്യം നല്‍കി. സൈഡ്കാര്‍ ഘടിപ്പിച്ച പുതിയ ഹാര്‍ലിയാണ് വാങ്ങുന്നത്.

ഹാര്‍ലി ഡേവിഡ്‌സണ്‍ കൈകാര്യം ചെയ്ത് പരിചയമുള്ള മെക്കാനിക്കുകളാണ് സീക്രട്ട് സര്‍വീസിനുള്ളത്. ഹാര്‍ലി തെരഞ്ഞെടുക്കാന്‍ പ്രധാന കാരണം ഇതാണ്. ഹാര്‍ലി ബൈക്കുകള്‍ക്കുവേണ്ട സ്‌പെയര്‍ പാര്‍ട്‌സുകളും സൈഡ്കാറുകളും സീക്രട്ട് സര്‍വീസിന്റെ പക്കലുണ്ടുതാനും. മറ്റേതെങ്കിലും മോട്ടോര്‍സൈക്കിള്‍ വാങ്ങുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കേണ്ടിവരുമെന്നാണ് യുഎസ് സീക്രട്ട് സര്‍വീസിന്റെ നിലപാട്. എന്നാല്‍ ഏത് ഹാര്‍ലി ഡേവിഡ്‌സണ്‍ മോഡലാണ് യുഎസ് ഏജന്‍സി വാങ്ങുന്നതെന്ന് വ്യക്തമല്ല.

യൂറോപ്യന്‍ യൂണിയന്‍ വിപണിയിലേക്കുള്ള മോട്ടോര്‍സൈക്കിളുകളുടെ ഉല്‍പ്പാദനം രാജ്യത്തിന് പുറത്തേക്ക് മാറ്റുകയാണെന്ന് അമേരിക്കന്‍ ബ്രാന്‍ഡ് പ്രഖ്യാപിച്ചതോടെയാണ് ഡൊണാള്‍ഡ് ട്രംപ് ചന്ദ്രഹാസമിളക്കിയത്. അമേരിക്കയില്‍ നിര്‍മ്മിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് 31 ശതമാനം തീരുവ ചുമത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഭീഷണിപ്പെടുത്തിയതോടെ ഹാര്‍ലി ഡേവിഡ്‌സണ്‍ കുഴങ്ങി. ഉല്‍പ്പാദനം അന്തര്‍ദേശീയ ഫാക്ടറിയിലേക്ക് മാറ്റുക എന്നതായിരുന്നു ഹാര്‍ലി ഡേവിഡ്‌സണ്‍ എടുത്ത തീരുമാനം. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉരുക്കിനും അലുമിനിയത്തിനും ട്രംപ് ഭരണകൂടം തീരുവ വര്‍ധിപ്പിച്ചതിനാണ് യൂറോപ്യന്‍ യൂണിയന്‍ ഉരുളയ്ക്കുപ്പേരി മറുപടി നല്‍കിയത്.

ഹാര്‍ലി ഡേവിഡ്‌സന്റെ പ്രധാനപ്പെട്ട വിപണിയാണ് യൂറോപ്യന്‍ യൂണിയന്‍. ഇന്ത്യയിലെയും ബ്രസീലിലെയും ഹാര്‍ലി ഡേവിഡ്‌സണ്‍ പ്ലാന്റുകളില്‍ വിദേശ വിപണികള്‍ക്കായും ബൈക്കുകള്‍ അസംബിള്‍ ചെയ്യുന്നുണ്ട്. തായ്‌ലാന്‍ഡിലും ഹാര്‍ലി പ്ലാന്റ് തുറക്കും.

Comments

comments

Categories: Auto