ചാലക്കുടി അനുഗ്രഹസദന്‍ വൃത്തിയാക്കി യുഎഇ വിദ്യാര്‍ത്ഥികള്‍

ചാലക്കുടി അനുഗ്രഹസദന്‍ വൃത്തിയാക്കി യുഎഇ വിദ്യാര്‍ത്ഥികള്‍

യുകെയിലും യുഎഇയിലും പഠിക്കുന്ന സ്വീഡിഷ്, സിറിയന്‍ വിദ്യാര്‍ത്ഥികളാണ് ചാലക്കുടിയിലെ അനുഗ്രഹസദന്‍ വൃത്തിയാക്കാനെത്തിയത്

ചാലക്കുടി: പ്രളയദുരിതാശ്വാസത്തിന് വിദേശ സഹായം സ്വീകരിയ്ക്കാമോ എന്ന വിവാദം അവിടെ നില്‍ക്കട്ടെ. ഗള്‍ഫിലുള്ള മലയാളി കൂട്ടുകാരന്‍ അഹമദ് സക്കറിയ ഫൈസലിന്റെ ക്ഷണം സ്വീകരിച്ച് യുകെയില്‍ നിന്നും സ്വീഡനില്‍ നിന്നുമെല്ലാം കേരളത്തിലേയ്ക്കു വന്ന് ചാലക്കുടിയിലെ പ്രളയം ബാധിച്ച അനുഗ്രഹസദന്‍ വൃത്തിയാക്കി തിരിച്ചുപോയ ഹസ്സന്‍ ഹുസ്സൈനും ഒമര്‍ അലിമിയും ഫുര്‍ഖ്വാന്‍ ഷഹ്‌സാദുമൊന്നും ഇത്തരം ഒരു വിവാദവും അറിഞ്ഞു കാണില്ല. യുഎഇയിലെ സ്‌കൂള്‍ പഠനകാലത്ത് സുഹൃത്തുക്കളായ ഇവര്‍ ഇപ്പോള്‍ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേയും യുഎഇയിലേയും വ്യത്യസ്ത യൂണിവേഴ്‌സിറ്റികളിലാണെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിലെ അവരുടെ വേനലവധിക്കാലത്ത് ചാലക്കുടിയില്‍ അവര്‍ വീണ്ടും ഒത്തുകൂടുകയായിരുന്നു. അല്ല, അതിരപ്പള്ളിയില്‍ സുഖവാസത്തിനു വന്നതല്ല അവര്‍. പത്തു വര്‍ഷം കൊണ്ട് 20 മില്യണ്‍ ഡോളര്‍ മതിക്കുന്ന ഇരുപത്തഞ്ചോളം സാമൂഹ്യസേവന പദ്ധതികള്‍ നടപ്പാക്കിയ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയായ പ്രശസ്ത വ്യവസായി ഫൈസല്‍ കൊട്ടിക്കൊള്ളോന്റെയും ഷബാന ഫൈസലിന്റേയും മകന്‍ അഹമദ് സക്കറിയ ഫൈസലിന്റെ ക്ഷണമനുസരിച്ചാണ് അവര്‍ ചാലക്കുടി വൃത്തിയാക്കാനെത്തിയത് ഇംഗ്ലണ്ടിലേയും യുഎഇയിലേയും യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന സ്വീഡീഷ്‌കാരന്‍ ഹസ്സന്‍ ഹുസൈന്‍, സിറിയയില്‍ നിന്നുള്ള ഒമര്‍ അലിമി, കശ്മീരില്‍ നിന്ന് ഫുര്‍ഖ്വാന്‍ ഷഹ്‌സാദ്.

ഏതാനും ദിവസങ്ങള്‍ ചാലക്കുടിയില്‍ ചെലവിട്ട അവര്‍ രണ്ട് വലിയ സ്ഥാപനങ്ങള്‍ വൃത്തിയാക്കുന്നതിലാണ് പ്രധാനമായും സഹായിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ താമസിക്കുന്ന അനുഗ്രഹസദനിലാണ് ഇവര്‍ ആദ്യമെത്തിയത്. ഉള്‍ഭാഗം വൃത്തിയാക്കപ്പെട്ടിരുന്നെങ്കിലും പാഴ് വസ്തുക്കളും മാലിന്യങ്ങളും മറ്റും നിറഞ്ഞ് സദന്റെ വളപ്പ് വൃത്തിഹീനമായിരുന്നു. ദിവസവും മണിക്കൂറുകളോളം ഏതാനും ദിവസങ്ങളെടുത്താണ് ഈ കുട്ടികള്‍ ഇതെല്ലാം വൃത്തിയാക്കിയത്. പിന്നീട് ചാലക്കുടിയിലെത്തന്നെ ഡിവൈന്‍ ഡീഅഡിക്ഷന്‍ സെന്ററിലും ഇവര്‍ വൃത്തിയാക്കാനെത്തി. ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനിലൂടെ തങ്ങള്‍ നടപ്പാക്കിയ ഈ ജോലി ഏറെ ചാരിതാര്‍ത്ഥ്യജനകമായിരുന്നെന്ന് മറുനാട്ടുകാരായ കൂട്ടുകാരെ ഇതിനായി ഇങ്ങോട്ടു ക്ഷണിച്ച അഹമദ് സക്കറിയ ഫൈസല്‍ പറഞ്ഞു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതം മാറ്റി മറിയ്ക്കുന്ന അനുഭവമായിരുന്നു ഇത്. പ്രളയം ബാധിച്ച ഒട്ടേറെ സ്ഥലങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. ആളുകളുടേയും കന്നുകാലികളുടേയും ദുരിതങ്ങള്‍ കരളലിയിക്കുന്നതായിരുന്നു. വന്‍തോതിലുള്ള കൃഷിനാശവും ഞങ്ങളെ ഞെട്ടിച്ചു. അനുഗ്രഹസദനില്‍ ചെലവഴിച്ച പകലുകളില്‍ അന്തേവാസികളായ കുട്ടികളോട് കൂട്ടുചേര്‍ന്നതിന്റെ സന്തോഷവും ഞങ്ങള്‍ ഒരിക്കലും മറക്കില്ല-അഹമദ് സക്കറിയ ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia