ടുമോറോ 21; അബുദാബിയുടേത് സമഗ്ര സാമ്പത്തിക ഉത്തേജന പാക്കേജ്

ടുമോറോ 21; അബുദാബിയുടേത് സമഗ്ര സാമ്പത്തിക ഉത്തേജന പാക്കേജ്

13.6 ബില്ല്യൺ ഡോളറാണ് അബുദാബിയുടെ സാമ്പത്തിക ഉത്തേജന പാക്കേജിന് സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ 5.45 ബില്ല്യൺ ഡോളർ 2019ൽ തന്നെ ചെലവിടും

അബുദാബി: എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകാനുള്ള വിവിധ സംരംഭങ്ങൾ ടുമോറോ 21 എന്ന ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്ന് അബുദാബി കിരീടാവകാശി ഷേഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ശ്രദ്ധവെക്കുന്നത് ബിസിനസ് സാഹചര്യങ്ങൾ മെച്ചപ്പെടുത്താനാണെന്നും 50ഓളം സംരംഭങ്ങളാണ് ഇതിന്റെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എമിറേറ്റിലെ പൗരന്മാർക്കും നിക്ഷേപകർക്കും മുൻഗണന നൽകിയാണ് പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.

ടുമോറോ 21 എന്ന് പേരിട്ടിരിക്കുന്ന അബുദാബിയുടെ ഉത്തേജന പാക്കേജിനായി മൂന്ന് വർഷത്തേക്ക് 13.6 ബില്ല്യൺ ഡോളറാണ് സർക്കാർ നീക്കിവെക്കുന്നത്. ഇതിൽ 5.45 ബില്ല്യൺ ഡോളർ 2019ൽ നടപ്പാക്കുന്ന വികസന പദ്ധതികൾക്കായി ചെലവിടും.

ബിസിനസും നിക്ഷേപവും, സമൂഹം, അറിവും ഇന്നൊവേഷനും, ലൈഫ്‌സ്റ്റൈൽ എന്നിങ്ങനെയുള്ള നാല് ഘടകങ്ങളെ കേന്ദ്രീകരിച്ചാണ് അബുദാബിയുടെ സാമ്പത്തി ഉത്തേജന പാക്കേജ് നടപ്പാക്കുകയെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

ഇതിൽ ആദ്യ ഘടകം ഊന്നൽ നൽകുന്നത് എമിറേറ്റിൽ ബിസിനസും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ തന്നെയാണ്. മികച്ച തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക, സ്വകാര്യ മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുക, പുനരുപയോഗ ഊർജ്ജ മേഖലകൾക്ക് പ്രാധാന്യം നൽകുക തുടങ്ങിയ കാര്യങ്ങൾ ഈ ഘട്ടത്തിൽ സജീവമായി പരിഗണിക്കപ്പെടും.

സൊസൈറ്റി എന്ന് പരാമർശിക്കുന്ന ഉത്തേജന പാക്കേജിന്റെ രണ്ടാമത്തെ ഘടകം ഉദ്ദേശിക്കുന്നത് എമിറേറ്റിലെ പൗരന്മാർക്ക് മികച്ച ജീവിത സാഹചര്യങ്ങൾ പ്രാദനം ചെയ്യുകയാണ്. അവർക്ക് വേണ്ടത്ര തൊഴിലവസരങ്ങൾ ഒരുക്കുക, ഹൗസിംഗ് പദ്ധതികൾ അവതരിപ്പിക്കുക, താങ്ങാവുന്ന ചെലവിൽ ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക, സാമൂഹ്യ ക്ഷേമ പദ്ധതികൾ അവതരിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടും.

ഇന്നൊവേഷനിൽ കേന്ദ്രീകൃതമാണ് മൂന്നാമത്തെ ആശയം. ടെക്‌നോളജി മേഖലയിലെ വളർന്നുവരുന്ന കമ്പനികൾക്ക് നൂതനാത്മകമായ കണ്ടുപിടുത്തങ്ങൾക്കുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുക, ഗവേഷണ വികസന പ്രവർത്തനങ്ങളെയും അത്തരത്തിലുള്ള കേന്ദ്രങ്ങളെയും പിന്തുണയ്ക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് ഇതിൽ മുൻഗണന നൽകുക. സുസ്ഥിരമായ വികസനം എമിറേറ്റിൽ സൃഷ്ടിക്കുകായണ് ഇതിന്റെ ലക്ഷ്യം. ആഗോള തലത്തിലുള്ള ഇന്നൊവേഷൻ ഇൻക്യുബേറ്ററുകളെല്ലാം ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

നാലാമത്തെ തീം ലൈഫ്‌സ്റ്റൈൽ ഉദ്ദേശിക്കുന്നത് അബുദാബിയിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയെന്നതാണ്. സാംസ്‌കാരികമായ ഇവന്റുകൾക്കും കായികയിനങ്ങൾക്കുമെല്ലാം ഇതിൽ പ്രാധാന്യം ലഭിച്ചേക്കും.

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഉത്തേജന പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാർഗരേഖ തയാറാക്കാൻ അബുദാബി എക്‌സിക്യൂട്ടിവ് കൗൺസിലിന് ഷേഖ് മുഹമ്മദ് നിർദേശം നൽകിയത്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഘടകങ്ങൾ മെച്ചപ്പെടുത്തുക, തൊഴിൽ സാഹചര്യങ്ങൾ കൂടുതൽ മികവുറ്റതാക്കുക തുടങ്ങിയ കാര്യങ്ങൾക്കായിരിക്കും മുൻഗണനയെന്ന് അബുദാബി ഉദ്യോഗസ്ഥർ ജൂണിൽ വ്യക്തമാക്കിയിരുന്നു.

ഉത്തേജന പാക്കേജ് അനുസരിച്ച് അടുത്ത 5 വർഷത്തിനുള്ളിൽ പൊതു, സ്വകാര്യ മേഖലകളിൽ എമിറാറ്റികൾക്ക് മാത്രമായി 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് അബുദാബി പദ്ധതിയിടുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മൽസരക്ഷമത വർധിപ്പിക്കാനും ആഗോളതലത്തിൽ സംരംഭങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാനും സഹായിക്കുന്ന പദ്ധതികളും ഉത്തേജന പാക്കേജിന്റെ ഭാഗമായി സർക്കാർ നടപ്പാക്കും.

സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികളിലേക്ക് തിരിയുന്ന അബുദാബിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ് ടുമോറോ 21. എണ്ണ വിലയിലെ ചാഞ്ചാട്ടങ്ങളെ തുടർന്നുണ്ടാകുന്ന സാമ്പത്തിക അനിശ്ചിതാവസ്ഥകൾക്ക് വിരാമമിട്ട് പുതിയ വരുമാനസ്രോതസ്സുകളിൽ ശ്രദ്ധയൂന്നാനുള്ള പദ്ധതികളിലാണ് അബുദാബി ഊന്നൽ നൽകുന്നത്. ഇതിന്റെ ഭാഗമായി ടൂറിസം പോലുള്ള മേഖലകൾക്ക് സവിശേഷ പരിഗണന തന്നെ എമിറേറ്റ് നൽകുന്നുണ്ട്.

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഉത്തേജന പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാർഗരേഖ തയാറാക്കാൻ അബുദാബി എക്‌സിക്യൂട്ടിവ് കൗൺസിലിന് ഷേഖ് മുഹമ്മദ് നിർദേശം നൽകിയത്

  • അബുദാബിയുടെ സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായ എല്ലാ പദ്ധതികളും ‘ടുമോറോ’ 21 എന്ന കുടക്കീഴിൽ വരും
  • പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും എമിറാറ്റികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മുൻഗണന
  • താങ്ങാവുന്ന ചെലവിൽ ഉന്നത ഗുണനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കും
  • ഇന്നൊവേഷനും സംരംഭകത്വത്തിനും പ്രത്യേക പരിഗണന. ഗവേഷണ വികസന കേന്ദ്രങ്ങൾക്ക് പൂർണ പിന്തുണ
  • സ്വദേശികൾക്കായി 10,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും
  • ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ആഗോള മൽസരക്ഷമത കൂട്ടാൻ ശ്രമങ്ങളുണ്ടാകും
  • ഇക്കോ ടൂറിസത്തിനു പ്രാധാന്യം നൽകും. അബുദാബിയെ ആഗോള ടൂറിസം ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളുണ്ടാകും
  • സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള അബുദാബിയുടെ ശ്രമങ്ങൾക്ക് കരുത്തുപകരും ടുമോറോ 21

Comments

comments

Categories: Arabia