ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശതകോടികള്‍ നീക്കിവച്ച ടെക് സിഇഒമാര്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശതകോടികള്‍ നീക്കിവച്ച ടെക് സിഇഒമാര്‍

കായിക ടീമുകളെ സ്വന്തമാക്കാന്‍ അല്ലെങ്കില്‍ കായിക താരങ്ങളെ സ്വന്തമാക്കാന്‍ ധാരാളം കോടീശ്വരന്മാര്‍ പണം വാരിയെറിയുന്നത് നമ്മള്‍ സമീപകാലത്ത് കണ്ടു. എന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളുടെ ശതകോടികള്‍ വരുന്ന സമ്പാദ്യം ചെലവഴിക്കാന്‍ താത്പര്യപ്പെട്ട് ഒരു വിഭാഗം മുന്നോട്ടുവന്നിരിക്കുകയാണ്. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് തുടങ്ങിയവര്‍ ആ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്.

സമ്പന്നരായ നിരവധി സിഇഒമാര്‍ അവരുടെ സമ്പത്തിന്റെ ഒരംശം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ശ്രേണിയിലേക്ക് ഏറ്റവും പുതുതായി സ്ഥാനം പിടിച്ചിരിക്കുന്നത് ആമസോണ്‍ സിഇഒ ജെഫ് ബെസോസാണ്. ഈ മാസം 13നാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് തിരിയുമെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ജെഫ് ബെസോസ് തീരുമാനമെടുക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഈ മേഖലയിലേക്കു തിരിഞ്ഞവരാണു ബില്‍ ഗേറ്റ്‌സും, സുക്കര്‍ബെര്‍ഗും.
ഹാര്‍വാര്‍ഡില്‍നിന്നും പഠനം പൂര്‍ത്തിയാക്കാതെ പുറത്തു കടന്ന് സ്വന്തം ആശയം വികസിപ്പിച്ച്, പിന്നീട് ബില്യണ്‍ മൂല്യമുള്ള കമ്പനിയാക്കി മാറ്റുകയും ചെയ്തവരാണു ബില്‍ ഗേറ്റ്‌സും,മാര്‍ക്ക് സുക്കര്‍ബെര്‍ഗും. മാനവരാശിയുടെ പുരോഗതിക്ക് അവരുടെ ആസ്തിയുടെ ഭൂരിഭാഗവും വിനിയോഗിക്കുമെന്ന് പ്രതിജ്ഞ ചെയ്തവരാണ് ഇരുവരും. ഇതേ പ്രതിജ്ഞ തന്നെയാണ് ഇപ്പോള്‍ ആമസോണിന്റെ ജെഫ് ബെസോസും എടുത്തിരിക്കുന്നത്. ഈ മാസം 13-നാണ് ആമസോണ്‍ മേധാവി ജെഫ് ബെസോസ് ജീവകാരുണ്യപ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിച്ച കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. രണ്ട് ബില്യന്‍ ഡോളര്‍ ‘ഡേ വണ്‍ ഫണ്ട് ‘ എന്ന പേരില്‍ രൂപീകരിക്കുകയും ചെയ്തു. ജെഫിന്റെ ഭാര്യ മക്കെന്‍സി ബെസോസുമൊത്താണു പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. സേവനാനുകൂല്യങ്ങള്‍ പരിമിതമായി മാത്രം ലഭിക്കുന്ന സമൂഹത്തിലെ  വീടില്ലാത്ത കുടുംബങ്ങളെയും അവരുടെ വിദ്യാഭ്യാസ പരിപാടികളെയും പിന്തുണയ്ക്കാനായി ഫണ്ട് വിനിയോഗിക്കുമെന്നാണു ജെഫ് ബെസോസ് അറിയിച്ചിരിക്കുന്നത്.
ജോലിക്കാരോട് ദയാരഹിതമായി പെരുമാറുന്നെന്ന ആരോപണം നേരിടുന്ന കമ്പനിയാണ് ആമസോണ്‍. മാന്യമായ ശമ്പളം ജീവനക്കാര്‍ക്ക് ആമസോണ്‍ നല്‍കുന്നില്ലെന്ന പരാതി വ്യാപകവുമാണ്. തൊഴിലാളികള്‍ക്കു മെച്ചപ്പെട്ട വേതനം നല്‍കാന്‍ ആമസോണ്‍ പോലുള്ള വലിയ കമ്പനികളെ നിര്‍ബന്ധിതമാക്കുന്ന നിയമനിര്‍മാണം വേണമെന്ന് ആവശ്യപ്പെട്ടു സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് രംഗത്തുവന്നതും സമീപദിവസമാണ്. ഈ പശ്ചാത്തലത്തിലാണ് ആമസോണ്‍ സിഇഒ ജീവകാരുണ്യപ്രവര്‍ത്തന രംഗത്തേയ്ക്കു ചുവടുവച്ചിരിക്കുന്നത്. വീടില്ലാത്ത കുടുംബങ്ങള്‍ക്കു പിന്തുണ നല്‍കുന്ന ഒരു ശൃംഖലയ്ക്ക് രൂപം കൊടുക്കുന്നതിനു പുറമേ, പ്രാഥമിക വിദ്യാഭ്യാസ പരിപാടികള്‍ക്കു വേണ്ടിയും ഫണ്ട് വിനിയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുഎസില്‍ ഹൈസ്‌ക്കൂളില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ അഭയാര്‍ഥികളായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാനായി സ്‌കോളര്‍ഷിപ്പായി 33 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കിയതാണ് ബെസോസിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ സംഭാവന.
ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം, ജെഫ് ബെസോസിന്റെ മൊത്തം ആസ്തിയായി കണക്കാക്കുന്നത് 164 ബില്യന്‍ ഡോളറാണ്.2013-ല്‍ ദി വാഷിംഗ്ടണ്‍ പോസ്റ്റ് എന്ന അമേരിക്കന്‍ മാധ്യമ സ്ഥാപനത്തെ 250 മില്യന്‍ ഡോളറിന് സ്വന്തമാക്കിയിരുന്നു.

ബില്‍ ഗേറ്റ്‌സ്
പ്രായം: 62
നേതൃത്വം നല്‍കുന്ന ജീവകാരുണ്യ പ്രസ്ഥാനം: ബില്‍& മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍
ബില്‍ ഗേറ്റ്‌സിന്റെ കണക്കാക്കപ്പെടുന്ന മൊത്തം ആസ്തി: 97.4 ബില്യന്‍ ഡോളര്‍

മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും 2000-ലാണ് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തേയ്ക്ക് പ്രവേശിച്ചത്. ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു കൊണ്ടായിരുന്നു അത്. അമേരിക്കന്‍ നിക്ഷേപകനായ വാരന്‍ ബുഫറ്റും ഇവരോടൊപ്പം ചേര്‍ന്നു. 2014 ഫെബ്രുവരിയില്‍ മൈക്രോസോഫ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനം ബില്‍ ഗേറ്റ്‌സ് ഒഴിഞ്ഞു. തുടര്‍ന്ന് ജീവകാരുണ്യ രംഗത്തേയ്ക്ക് മുഴുവന്‍ സമയവും കേന്ദ്രീകരിക്കുകയായിരുന്നു. ജീവിതനിലവാരം ഉയര്‍ത്തുക, ആഗോളതലത്തില്‍ ആരോഗ്യം മെച്ചപ്പെടുത്തുക, റോട്ടറി ഇന്റര്‍നാഷണലുമായി ചേര്‍ന്നു പോളിയോ നിര്‍മാര്‍ജ്ജനം ചെയ്യുക എന്നിവയാണ് ഫൗണ്ടേഷന്റെ പ്രധാന ദൗത്യം. ഫൗണ്ടേഷന് പ്രധാനമായും നാല് പ്രവര്‍ത്തന മേഖലകളാണുള്ളത്. ഗ്ലോബല്‍ ഡവലപ്‌മെന്റ് ഡിവിഷന്‍, ഗ്ലോബല്‍ ഹെല്‍ത്ത് ഡിവിഷന്‍, യുഎസ് ഡിവിഷന്‍, ഗ്ലോബല്‍ പോളിസി& അഡ്‌വൊക്കസി ഡിവിഷന്‍ എന്നിവയാണത്.
2000-ല്‍ ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ രൂപീകരിച്ചതിനു ശേഷം മലേറിയക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് ദശലക്ഷം ഡോളര്‍ സംഭാവന ചെയ്തിരുന്നു. 2014-ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വൈറസിനെ പ്രതിരോധിക്കാനായി 50 ദശലക്ഷത്തിലേറെ ഡോളര്‍ സംഭാവന ചെയ്തു.2016-ല്‍ ബില്‍ ഗേറ്റ്‌സും മറ്റ് ജീവകാരുണ്യപ്രവര്‍ത്തകരും ചേര്‍ന്നു നൈജീരിയയില്‍ പോഷകാഹാരക്കുറവ് തുടച്ചുനീക്കുന്നതിനായി 100 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ ചെലവിലുള്ള പോളിയോ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനായി ജാപ്പനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് 38 മില്യന്‍ ഡോളര്‍ ഗ്രാന്റ് അനുവദിക്കുമെന്നും ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു.

മാര്‍ക്ക് സുക്കര്‍ബെര്‍ഗ്
പ്രായം: 34
നേതൃത്വം നല്‍കുന്ന ജീവകാരുണ്യ പ്രസ്ഥാനം: ചാന്‍ സുക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ്
മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ കണക്കാക്കപ്പെടുന്ന മൊത്തം ആസ്തി: 67.1 ബില്യന്‍ ഡോളര്‍

2015ഡിസംബര്‍ ഒന്നിന് മാര്‍ക്ക് സുക്കര്‍ബെര്‍ഗും, ഭാര്യ പ്രസില്ല ചാനും ചേര്‍ന്നു, ചാന്‍ സുക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ് (ഇവമി ദൗരസലൃയലൃഴ കിശശേമശേ്‌ല എന്ന പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള സംരംഭത്തിനു തുടക്കമിട്ടു. സുക്കര്‍ബെര്‍ഗിന്റെയും ഭാര്യ പ്രസില്ലയുടെയും 99 ശതമാനം ഫേസ്ബുക്ക് ഓഹരികളും (45 ബില്യന്‍ ഡോളര്‍ മൂല്യം കണക്കാക്കുന്നു) സംരംഭത്തിനായി വിനിയോഗിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ചാന്‍ സുക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവിന്റെ ലക്ഷ്യം ‘മനുഷ്യരുടെ പുരോഗതി സാധ്യമാക്കുക, ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ സമത്വം പ്രോത്സാഹിപ്പിക്കുക’ എന്നതാണ്. വിദ്യാഭ്യാസം, മെഡിക്കല്‍ റിസര്‍ച്ച് എന്നീ മേഖലകളില്‍ ദാനധര്‍മ പ്രവര്‍ത്തനം നടത്തുകയെന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.
സുക്കര്‍ബെര്‍ഗിനെയും ഭാര്യ പ്രസില്ലയെയും ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത് ദി ഗിവിംഗ് പ്ലെഡ്ജ് ആണ്. ഇതൊരു ലളിതമായ ആശയമാണ്. അതൊടൊപ്പം ശതകോടീശ്വരന്മാര്‍ക്കുള്ള ഒരു തുറന്ന ക്ഷണവും. തങ്ങളുടെ സമ്പത്തിന്റെ ഒരു ഭാഗം മനുഷ്യസ്‌നേഹത്തിന് സമര്‍പ്പിക്കുന്നതിനുള്ള ക്ഷണം. ബില്‍ ഗേറ്റ്‌സും, ഭാര്യ മെലിന്‍ഡയും, വാറന്‍ ബുഫറ്റും ചേര്‍ന്ന് 2009-ലാണ് ഈ ആശയത്തിനു തുടക്കമിട്ടത്. ഈ ക്ഷണം സ്വീകരിച്ച് 2010 ഓഗസ്റ്റില്‍ അമേരിക്കയിലെ 40 ശതകോടീശ്വരന്മാരായ ദമ്പതികള്‍ ഒത്തുചേര്‍ന്ന് തങ്ങളുടെ സ്വത്തിന്റെ പകുതി ദാനധര്‍മത്തിനായി നീക്കിവയ്ക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇങ്ങനെ പ്രതിജ്ഞയെടുത്ത സമ്പന്നരില്‍ ചിലരാണ് ഒറാക്കിള്‍ കോര്‍പറേഷന്റെ സഹസ്ഥാപകന്‍ ലാറി എല്ലിസനും, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലനും.
2015-ല്‍ ചാന്‍ സുക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവിനു തുടക്കമിടുന്നതിനു മുന്‍പ് എബോള വൈറസിനെ നേരിടാനായി സിഡിസി ഫൗണ്ടേഷന് 25 മില്യന്‍ ഡോളര്‍ നല്‍കിയതുള്‍പ്പെടെ, ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി 1.6 ബില്യന്‍ ഡോളര്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് സംഭാവന ചെയ്തിരുന്നു.

Comments

comments

Categories: FK News, Slider
Tags: Tech CEO

Related Articles