സോളാര്‍ ലക്ഷ്യത്തില്‍ പ്രതിബന്ധങ്ങളേറുന്നെന്ന് റിപ്പോര്‍ട്ട്

സോളാര്‍ ലക്ഷ്യത്തില്‍ പ്രതിബന്ധങ്ങളേറുന്നെന്ന് റിപ്പോര്‍ട്ട്

ഇറക്കുമതിക്ക് മേല്‍ അധിക ചുങ്കം ഏര്‍പ്പെടുത്തി തദ്ദേശീയമായ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമം കാര്യമായി മുന്നോട്ട് പോകുന്നില്ല; 2022 ഓടെ 175 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷി ലക്ഷ്യം

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സൗരോര്‍ജ ശേഷി 2022 ഓടെ 100 ജിഗാവാട്ടായി ഉയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് നിരവധി ഘടകങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. നാല് വര്‍ഷത്തിനുള്ളില്‍ നിലവിലെ ഉല്‍പ്പാദന ശേഷി നാല് മടങ്ങായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് രാജ്യത്തെ സോളാര്‍ മേഖല മുന്നോട്ട് പോകുന്നത്. സോളാര്‍ പാനലുകളുടെ ഇറക്കുമതിക്ക് മേല്‍ അധിക ചുങ്കം ഏര്‍പ്പെടുത്തി തദ്ദേശീയമായ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് കാര്യമായി മുന്നോട്ട് പോകാത്തത്. ആവശ്യമായ സോളാര്‍ മൊഡ്യൂളുകള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ രാജ്യത്തെ സോളാര്‍ കമ്പനികള്‍ ശേഷി നേടിയിട്ടില്ല. ഉത്പാദന ചെലവ് കുറക്കാനും സാധിക്കാത്തതോടെ വൈദ്യുതിയുടെ വില കൂടുമെന്നതും പ്രതിബന്ധമായിരിക്കുന്നു.

2017-18 ല്‍ രാജ്യത്തിന്റെ ഊര്‍ജ ആവശ്യകത 164 ജിഗാവാട്ടായി ഉയര്‍ന്നിരുന്നു. 2022 ആകുന്നതോടെ ഇത് 235 ജിഗാവാട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പദ്ധതി ആസൂത്രണങ്ങള്‍ക്കനുസരിച്ച് എല്ലാം മൂന്നോട്ട് പോകുകയാണെങ്കില്‍ 2022 ഓടെ 175 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷിയുടെ മുക്കാല്‍ പങ്കും സൗരോര്‍ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ കാലാവസ്ഥയടക്കം നിരവധി ഘടകങ്ങളാണ് ഈ നേട്ടത്തിന് പ്രതികൂലമായി നില കൊള്ളുന്നത്. പവനോര്‍ജ ഉല്‍പ്പാദനമാണ് ഈ നൂറ്റാണ്ടില്‍ പുനരുപയോഗ ഊര്‍ജത്തില്‍ മുന്നിട്ടു നില്‍ക്കുന്നതെങ്കില്‍ രണ്ടാമത്തെ വലിയ വിപ്ലവം സാധ്യമാകുക സൗരോര്‍ജ മേഖലയിലായിരിക്കും. എന്നാല്‍ സൗരോര്‍ജത്തിന്റെ ഈ കുതിപ്പിന് തടയിടുന്ന തരത്തിലാണ് പല പ്രതിബന്ധങ്ങളും ഉയര്‍ന്നു വന്നിരിക്കുന്നത്.

ഇറക്കുമതി ചെയ്തിരിക്കുന്ന സോളാര്‍ പാനലുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന സുരക്ഷാ നികുതി സൗരോര്‍ജ മേഖലയുടെ കുതിപ്പിന് തടയിടാന്‍ തുടങ്ങിക്കഴിഞ്ഞു. ഇറക്കുമതി ചെയ്യുന്ന സോളാര്‍ മൊഡ്യൂളുകള്‍ക്ക് 25 ശതമാനം സുരക്ഷാ നികുതിയാണ് ഇക്കഴിഞ്ഞ ജൂലൈ മുതല്‍ സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. ചൈനീസ്, മലേഷ്യന്‍, തായ്‌വാന്‍ ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ സുലഭമായി ലഭിച്ചിരുന്നത്. വിപണിയിലെ വിദേശ ആധിപത്യം ഒഴിവാക്കി തദ്ദേശീയമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

എന്നാല്‍ ചൈനയില്‍ സോളാര്‍ ഉപകരണങ്ങള്‍ക്ക് വന്‍തോതില്‍ വില കുറഞ്ഞതോടെ സംരക്ഷണ നികുതിയുടെ ഫലം ഇല്ലാതാകുമെന്നും ആഭ്യന്തര ഉത്പാദകര്‍ ഭയക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ചൈനീസ് സോളാര്‍ പാനലുകളുടെ വില മൂന്നിലൊന്ന് കുറയുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 2010 ന് ശേഷം ആഗോള വിപണിയില്‍ സോളാര്‍ പാനലുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും വില 84 ശതമാനം കുറഞ്ഞിട്ടുണ്ട്. 2025 ആവുമ്പോഴേക്ക് ഇത് വീണ്ടും 52 ശതമാനം കൂടി കുറയാനാണ് സാധ്യത.

ഇതിനിടയില്‍ രാജ്യത്തിന്റെ ഊര്‍ജ ഉല്‍പ്പാദന ശേഷി 2022 ലക്ഷ്യം കൈവരിക്കുന്നതിന് സോളാര്‍ പദ്ധതികള്‍ കമ്മീഷന്‍ ചെയ്യുന്ന കാലാവധി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയം തീരുമാനിച്ചതും കനത്ത പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. പദ്ധതികള്‍ നേരത്തെ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആറ് മാസത്തോളമാണ് നടപ്പാക്കല്‍ കാലാവധിയില്‍ വെട്ടിക്കുറച്ചത്. മൊഡ്യൂളുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഈ നടപടി അപ്രായോഗികമാണെന്നാണ് സംരംഭകര്‍ പറയുന്നത്.

ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ ലോകത്ത് മൂന്നാമത്തെ സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 2015 ലെ പാരീസ് കാലാവസ്ഥാ ഉടമ്പടി പ്രകാരം, 2030 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ മൂന്നിലൊന്നായി കുറക്കുമെന്ന് രാജ്യം പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Current Affairs
Tags: solar