രൂപയുടെ ഇടിവ് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ബിസിനസ് വികാരം ഉയര്‍ത്തും

രൂപയുടെ ഇടിവ് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ബിസിനസ് വികാരം ഉയര്‍ത്തും

സര്‍ക്കാര്‍ നടപടികള്‍ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും ഒരുവിഭാഗം വിദഗ്ധര്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി ഉയരുന്നതും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നടപടികള്‍ രാജ്യത്ത് ബിസിനസ് വികാരം മെച്ചപ്പെടുത്തുന്നതിന് സഹായിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പരിഭ്രാന്തി ഉണ്ടാക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതായാണ് ചില സാമ്പത്തിക വിദഗ്ധര്‍ക്ക് തോന്നിയിട്ടുള്ളത്.

രൂപയുടെ മൂല്യ തകര്‍ച്ച നിയന്ത്രിക്കുന്നതിനും കറന്റ് എക്കൗണ്ട് കമ്മി സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള നടപടികള്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എട്ട് മുതല്‍ പത്ത് ബില്യണ്‍ ഡോളര്‍ വരെയുള്ള മൂലധന നിക്ഷേപം ആകര്‍ഷിക്കുന്നതിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. സാമ്പത്തിക മുന്‍കരുതലോടെയുള്ള സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ സന്ദര്‍ഭോചിതമാണെന്ന് ജപ്പാനീസ് ധനകാര്യ സേവന കമ്പനിയായ നോമുറയില്‍ നിന്നുള്ള മുഖ്യ സാമ്പത്തിക വിദഗ്ധന്‍ സോനല്‍ വര്‍മ അഭിപ്രായപ്പെട്ടു. 2013നെ അപേക്ഷിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങള്‍ (ഉയര്‍ന്ന വളര്‍ച്ച, സുസ്ഥിര പണപ്പെരുപ്പം എന്നിവ) ഇന്ന് മികച്ച നിലവാരത്തിലാണെന്നും അതുകൊണ്ട് ചിന്തിക്കാതെയുള്ള പെട്ടെന്നുള്ള പ്രതികരണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാനുഫാക്ച്ചറിംഗ് കമ്പനികള്‍ക്ക് വിദേശ വാണിജ്യ വായ്പകള്‍ എളുപ്പമാക്കുന്നതിനടക്കമുള്ള നടപടികളാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മാനുഫാക്ച്ചറിംഗ് കമ്പനികള്‍ക്ക് 50 മില്യണ്‍ ഡോളര്‍ വരെ വായ്പ സ്വീകരിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതുവഴി ഉല്‍പ്പാദന സമ്പദ്‌വ്യവസ്ഥയിലേക്ക് പെട്ടെന്ന് ഡോളര്‍ നിക്ഷേപം എത്തിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കുന്ന മസാല ബോണ്ടുകളെ വിത്ത്‌ഹോള്‍ഡിംഗ് നികുതിയില്‍ നിന്നും ഒഴിവാക്കുമെന്നും ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മസാല ബോണ്ടുകളുടെ വിപണനത്തിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള വിദേശ വാണിജ്യ വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഡോളര്‍ ആവശ്യകത കുറച്ചുകൊണ്ട് രൂപയുടെ മേലുള്ള ഹ്രസ്വകാല സമ്മര്‍ദം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.
പരിഭ്രാന്തിയോടെയുള്ള പ്രതികരണത്തിന്റെ ആവശ്യമില്ലെന്നാണ് കൊട്ടക് മഹിന്ദ്ര ബാങ്കില്‍ നിന്നുള്ള മുതിര്‍ന്ന സാമ്പത്തികവിദഗ്ധ ഉപാസന ഭരദ്വജും പറയുന്നത്. സര്‍ക്കാര്‍ തെറ്റായ സൂചനകളാണ് പുറപ്പെടുവിക്കുന്നത് എന്ന തോന്നലുള്ളതിനാല്‍ മേല്‍പറഞ്ഞ നടപടികള്‍ തന്നെ ആശയകുഴപ്പത്തിലാക്കുന്നുവെന്നാണ് ഇന്ത്യയുടെ മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ പ്രണാബ് സെന്‍ പ്രതികരിച്ചത്. മനുഫാക്ച്ചറിംഗ് മേഖലയിലെ സംരംഭങ്ങള്‍ക്ക് ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയായാല്‍ 50 ബില്യണ്‍ ഡോളര്‍ വരെ വിദേശ വാണിജ്യ വായ്പ സ്വീകരിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക വിദഗ്ധര്‍ ഉന്നയിച്ചിട്ടുള്ള പ്രധാന വിമര്‍ശനം. വായ്പയെടുക്കുന്നതിനുള്ള പ്രവര്‍ത്തന കാലവധി മൂന്ന് വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമാക്കുന്നതിലൂടെ വായ്പകളുടെ അടിസ്ഥാനത്തിനുള്ള മൂലധന ഒഴുക്കാണ് ഉണ്ടാകുക എന്നും ഇത് ദീര്‍ഘ കാല കാഴ്ചപ്പാടില്‍ ദോഷകരമാണെന്നും പ്രണാബ് സെന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: Rupee falls