വിമാന ഘടക നിര്‍മാണ രംഗത്തേക്ക് റിലയന്‍സ്

വിമാന ഘടക നിര്‍മാണ രംഗത്തേക്ക് റിലയന്‍സ്

85 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം; ഫ്രഞ്ച് വിമാന നിര്‍മാതാക്കളായ ഡാഹറുമായി സാങ്കേതിക പങ്കാളിത്തം

മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ (ആര്‍ഇന്‍ഫ്രാ) വിമാന നിര്‍മാതാക്കള്‍ക്കാവശ്യമായ സംയുക്ത ഘടകങ്ങളുടെ (കോംപൊസൈറ്റ്‌സ്) നിര്‍മാണത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. 85 കോടി രൂപയുടെ പ്രാഥമിക നിക്ഷേപത്തോടെ ആരംഭിക്കുന്ന ഘടക നിര്‍മാണത്തിലൂടെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 315 കോടി രൂപയുടെ കയറ്റുമതിയാണ് ആര്‍ഇന്‍ഫ്രാ ലക്ഷ്യമിടുന്നത്.

വിമാനങ്ങള്‍ക്കാവശ്യമായ ഘടക വസ്തുക്കളുടെ നിര്‍മാണത്തിനുള്ള സാങ്കേതിക പങ്കാളിയായി ഫ്രഞ്ച് വിമാന നിര്‍മാതാക്കളായ ഡാഹറിനെയാണ് ആര്‍ഇന്‍ഫ്രാ ഒപ്പം കൂട്ടിയിരിക്കുന്നത്. ‘സാങ്കേതികവശങ്ങളില്‍ ഡാഹര്‍ മുന്നോട്ട് നയിക്കും. അംഗീകാരം ലഭിച്ച് കഴിഞ്ഞാല്‍ ഡാഹറും ഞങ്ങളും സംയുക്ത സംരംഭം ആരംഭിക്കും. വലിയ വിപുലീകരണ പദ്ധതികളായിരിക്കും ഇതിന് ശേഷം നടപ്പിലാക്കുക,’ ആര്‍ഇഫ്രായുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സംയുക്ത സംരംഭം പ്രാദേശിക, അന്താരാഷ്ട്ര വിപണികളില്‍ സേവനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘എയ്‌റോസ്‌പേസ്, പ്രതിരോധ വ്യവസായങ്ങളുടെ ഭാവിയാണ് കോംപൊസൈറ്റ് ഘടകങ്ങള്‍. ഞങ്ങളുടെ ആദ്യ യൂണിറ്റ,് നാഗ്പൂരിലെ മള്‍ട്ടി- മോഡല്‍ ഇന്റര്‍നാഷണല്‍ കാര്‍ഗോ ഹബ്ബ് ആന്‍ഡ് എയര്‍പോര്‍ട്ട് അറ്റ് നാഗ്പൂര്‍ (എംഐഎച്ച്എഎന്‍) പ്രത്യേക സാമ്പത്തിക മേഖലയില്‍ അടുത്ത മാസത്തോടെ പ്രവര്‍ത്തനമാരംഭിക്കും, പ്രതിരോധ, പ്രതിരോധ ഇതര മേഖലകളില്‍ ഈ സംരഭം ശ്രദ്ധകേന്ദ്രീകരിക്കും,’ ആര്‍ഇന്‍ഫ്രായുടെ വക്താവ് അറിയിച്ചു.

പ്രതിരോധമേഖലയിലേക്ക് പ്രവേശിക്കുന്നതിനായി ആര്‍ഇന്‍ഫ്രാ 2015 ല്‍ പിപാവാവ് ഡിഫന്‍സ് ആന്‍ഡ് ഓഫ്‌ഷോര്‍ എഞ്ചിനീറിംഗിനെ ഏറ്റെടുത്തിരുന്നു. നിലവില്‍ തന്ത്രപ്രധാനമായ വളര്‍ച്ചാ മേഖലയാണിത്. ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ഡസള്‍ട്ട് ഏവിയേഷന്റേയും തൈല്‍സ് ഗ്രൂപ്പിന്റേയും 51 ശതമാനം ഓഹരികള്‍ ഏറ്റെടുത്തുകൊണ്ട് പ്രത്യേക സംയുക്ത സംരംഭങ്ങള്‍ക്കും റിലയന്‍സ് ഗ്രൂപ്പ് രൂപം നല്‍കിയിട്ടുണ്ട്.

Comments

comments

Tags: Reliance