ഡാറ്റയില്‍ നിക്ഷേപിക്കൂ, ഇല്ലെങ്കില്‍ ‘ഔട്ടാകും’

ഡാറ്റയില്‍ നിക്ഷേപിക്കൂ, ഇല്ലെങ്കില്‍ ‘ഔട്ടാകും’

ഫോണ്‍കോളുകള്‍ വൈകാതെ തന്നെ സൗജന്യമായി മാറും. പുതിയ ഇന്നൊവേഷനുകളെകുറിച്ച് ചിന്തിക്കണം-ടെലികോം കമ്പനികളോട് ഡോ. ഹബീബ് അല്‍ മുല്ല

ദുബായ്: ഫോണ്‍കോളുകളില്‍ നിന്നു തന്നെ വരുമാനം ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ aഎത്തിസലാത്ത്, ഡു പോലുള്ള ടെലികോം കമ്പനികള്‍ ബിസിനസില്‍ നിന്ന് പുറന്തള്ളപ്പെടുമെന്ന് ബേക്കര്‍ മക്കന്‍സിയുടെ ചെയര്‍മാന്‍ ഹബീബ് അല്‍ മുല്ല. ഡാറ്റയുടെ കാലമാണ് വരാന്‍ പോകുന്നതെന്നും നിക്ഷേപം അതിലാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫോണ്‍കോളുകള്‍ വൈകാതെ തന്നെ സൗജന്യമായി മാറും. പുതിയ ഇന്നൊവേഷനുകളെകുറിച്ച് ചിന്തിക്കണം-ടെലികോം കമ്പനികളോട് ഹബീബ് അല്‍ മുല്ല പറഞ്ഞു.

സ്‌കൈപ്പ്, വാട്‌സാപ്പ്, വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ തുടങ്ങിയ സേവനങ്ങളിലെ വികസനങ്ങള്‍ ടെലിഫോണ്‍ കോളുകളുടെ പ്രാധാന്യം കുറയ്ക്കും. ഡാറ്റയാണ് എത്തിസലാത്തും ഡൂയും നിക്ഷേപം നടത്തേണ്ട മേഖല. കോളുകളിലല്ല-അദ്ദേഹം വ്യക്തമാക്കി.

അവര്‍ തങ്ങളുടെ മുഖ്യവരുമാനത്തിന് ഇനിയും കോളുകളെ ആശ്രയിക്കാനാണ് മുതിരുന്നതെങ്കില്‍ ആ ബിസിനസ് മോഡല്‍ അധികം വൈകാതെ അപ്രസക്തമാകുമെന്നാണ് എനിക്ക് പറയാനുള്ളത്. അവര്‍ ബിസിനസില്‍ നിന്ന് ഔട്ടാകും-ബേക്കര്‍ മക്കന്‍സി ചെയര്‍മാന്‍ പറഞ്ഞു.

പെയ്ഡ് ടെക്സ്റ്റ് മെസേജുകളില്‍ നിന്ന് വാട്‌സാപ്പിലേക്കുള്ള മാറ്റം ഇപ്പോഴേ വന്നുകഴിഞ്ഞു. ഫോണ്‍ കോളുകളുടെ കാര്യവും ഇങ്ങനെത്തന്നെയായിരിക്കും. ടെക്‌നോളജിയില്‍ വരുന്ന വികസനം ടെലികമ്യൂണിക്കേഷന്‍ കമ്പനികളുടെ ബിസിനസ് മോഡലിലും മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹബീബ് അല്‍ മുല്ലയുടെയും വിലയിരുത്തല്‍.

ഒരു മെസേജിന് രണ്ട് എഇഡി വരെ ചാര്‍ജ് ചെയ്തിരുന്നു കമ്പനികള്‍. എന്നാല്‍ വാട്‌സാപ്പ് വന്നതോടുകൂടി ആരും മെസേജുകളെ ആശ്രയിക്കുന്നില്ല. ഇതുതന്നെ കോളുകളുടെ കാര്യത്തിലും സംഭവിക്കുമെന്നാണ് പല വിപണി വിദഗ്ധരും നല്‍കുന്ന മുന്നറിയിപ്പ്. അതോടുകൂടി കോളുകള്‍ സൗജന്യമാക്കേണ്ട അവസ്ഥയിലേക്ക് ടെലികോം കമ്പനികള്‍ എത്തും. ഇതിനോട് മുഖം തിരിച്ചുനിന്നിട്ട് കാര്യമൊന്നുമില്ല. അത് മുന്‍കൂട്ടിക്കണ്ട് പുതിയ ബിസിനസ് മോഡല്‍ വികസിപ്പിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് പലരും മുന്നോട്ടുവെക്കുന്നത്.

മനോഭാവത്തില്‍ അവര്‍ മാറ്റം വരുത്തണം. ടെക്‌നോളജി അതിവേഗം വികസനിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പഴയ മോഡലുകള്‍ ഫലപ്രദമാകില്ല-ഹബീബ് അല്‍ മുല്ല പറഞ്ഞു.

ഭാവിയിലെ വരുമാനം

ഭാവിയില്‍ മികച്ച വരുമാനം ഉണ്ടാക്കണമെങ്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നാണ് ഹബീബ് അല്‍ മുല്ലയെപ്പോലുള്ളവര്‍ പറയുന്നത്.

നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കിലും ഉപഭോക്താവാണെങ്കിലും ശരി, നിങ്ങള്‍ നെറ്റ്ഫഌക്‌സില്‍ വിഡിയോ കാണുന്നുണ്ടെങ്കിലും ഡോക്യുമെന്റുകള്‍ ഫോണിലൂടെ അയക്കുന്നുണ്ടെങ്കിലും എല്ലാം ഡാറ്റയാണ് ഉപയോഗിക്കുന്നത്. ഡാറ്റയാണ് ഭാവി. അതുകൊണ്ടുതന്നെ എത്രമാത്രം വേഗതയില്‍ ഡാറ്റ നല്‍കാന്‍ സാധിക്കുന്നുവോ അത്രമാത്രം പണം നിങ്ങള്‍ക്കുണ്ടാക്കാനുള്ള അവസരമാണുള്ളത്-അദ്ദേഹം പറഞ്ഞു.

അടുത്തിടെയാണ് യുഎഇയിലെ പ്രമുഖ സംരംഭകനും അല്‍ ഹബ്റ്റൂര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഖലഫ് അല്‍ ഹബ്റ്റൂര്‍ വാട്‌സാപ്പ് കാളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് യുഎഇ നീക്കണമെന്ന് ആവശ്യപ്പെട്ടത്. വിലക്ക് കാരണം ലോകം അതിവേഗം സഞ്ചരിക്കുമ്പോള്‍ യുഎഇ പുറകിലായി പോകുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

Comments

comments

Categories: Arabia
Tags: data