ഓറക്കിളിന്റെ വരുമാനം 9.2 ബില്യണ്‍ ഡോളര്‍; ഓഹരിവില ഇടിഞ്ഞു

ഓറക്കിളിന്റെ വരുമാനം 9.2 ബില്യണ്‍ ഡോളര്‍; ഓഹരിവില ഇടിഞ്ഞു

വിപണി വിദഗ്ധരുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള വരുമാനം നേടാന്‍ ഓറക്കിളിന് സാധിച്ചില്ല

സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ ടെക്‌നോളജി കമ്പനിയായ ഓറക്കിള്‍ ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 9.2 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദം 9.1 ബില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. വിപണി വിദഗ്ധര്‍ പ്രവചിച്ചതനുസരിച്ചുള്ള വരുമാനം നേടാന്‍ കമ്പനിക്കായില്ല. കണക്കുകള്‍ പുറത്തുവന്നയുടന്‍ ഓറക്കിള്‍ ഓഹരിവില അഞ്ച് ശതമാനത്തോളം ഇടിഞ്ഞു. 9.28 ബില്ല്യണ്‍ ഡോളറിന്റെ വരുമാനം കമ്പനി നേടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ക്ലൗഡ് സര്‍വീസസ്, ക്ലൗഡ് ലൈസന്‍സ് സപ്പോര്‍ട്ട് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നായി 6.61 ബില്ല്യണ്‍ ഡോളര്‍ വരുമാനം നേടാന്‍ കമ്പനിക്കായി. 2.27 ബില്യണാണ് ഇക്കാലയളവിലെ ഒാറക്കിളിന്റെ അറ്റവരുമാനം. ഒരു വര്‍ഷം മുമ്പ് ഇതേ സമയം 2.14 ബില്യണ്‍ ഡോളറായിരുന്നു അറ്റവരുമാനം.

ആദ്യ പാദത്തില്‍ മികച്ച തുടക്കമാണ് ഒാറക്കിളിന് ലഭിച്ചതെന്നും പ്രതിഓഹരിക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചതായും കമ്പനിയുടെ സഹ സിഇഒ സഫ്രാ കാറ്റ്‌സ് പറഞ്ഞു. ഓറക്കിളിന്റെ മറ്റൊരു സഹ സിഇഒ ആയ മാര്‍ക്ക് ഹര്‍ഡും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്.

ക്ലൗഡ് ഇആര്‍പി (എന്റര്‍പ്രസ് റിസോഴ്‌സ് പ്ലാനിംഗ്) പോലുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നവരില്‍ വിപണിയിലെ മുന്‍നിരക്കാരാണ് ഒാറക്കിള്‍. ക്ലൗഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഇആര്‍പി ആപ്ലിക്കേഷനുകളില്‍ ഭൂരിഭാഗവും ഒാറക്കിള്‍ ഫ്യൂഷനോ, ഒറാക്കിള്‍ നെറ്റ്‌സ്യൂട്ട് സംവിധാനങ്ങളോ ആണെന്നും ഒാറക്കിള്‍ സിഇഒമാര്‍ വ്യക്തമാക്കി. നിലവില്‍ ഒാറക്കിള്‍ ഫ്യൂഷന്‍ ഇആര്‍പിക്ക് ഏകദേശം 5,500 ഉം നെറ്റ്‌സ്യൂട്ട് ഇആര്‍പിക്ക് 15,000 ലധികവും ഉപഭോക്താക്കളാണുള്ളതെന്നും മാര്‍ക്ക് ഹര്‍ഡ് പറഞ്ഞു.

ഒാറക്കിളിന്റെ ഓട്ടോണമസ് ഡാറ്റാബേസിന്റെ രണ്ടാം തലമുറ പതിപ്പ് ഇപ്പോള്‍ ലഭ്യമാണെന്നും ഇത് ഉയര്‍ന്ന സുരക്ഷയും ബെയര്‍-മെറ്റല്‍ (കംപ്യൂട്ടര്‍ സംവിധാനത്തില്‍/നെറ്റ്‌വര്‍ക്കില്‍ ഹോസ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സഹായമില്ലാതെ വെര്‍ച്വല്‍ മെഷീനുകളോ ഹാര്‍ഡ് വെയറുകളോ നേരിട്ട് ഇന്‍സ്റ്റാര്‍ ചെയ്യുന്ന ആവാസവ്യവസ്ഥ) ക്ലൗഡ് ഘടനയോടു കൂടിയതാണെന്നും ഓറക്കിള്‍ ചീഫ് ടെക്‌നിക്കല്‍ ഓഫീസറും സഹസ്ഥാപകനുമായ ലാറി എല്ലിസണ്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

അതിവേഗതയുള്ള ഒാറക്കിളിന്റെ ലളിതമായ ഓട്ടോണമസ് ഡാറ്റാബേസിന് ആമസോണ്‍ ഡാറ്റാബേസിനെ അപേക്ഷിച്ച് ചെലവ് കുറവാണെന്നാണ് എല്ലിസണിന്റെ വിലയിരുത്തല്‍.

കമ്പനിയുടെ ഇപ്പോഴത്തെ സിഇഒമാരായ കാറ്റ്‌സിന്റെയും ഹര്‍ഡിന്റെയും കീഴില്‍ വെബ് അധിഷ്ഠിത ക്ലൗഡ് കംപ്യൂട്ടിംഗ് രംഗത്തെ ശക്തികേന്ദ്രമാവുകയാണ് ഓറക്കിളിന്റെ ലക്ഷ്യം. നിലവിലെ ഉപഭോക്താക്കളെ തന്നെ ക്ലൗഡിലേക്ക് മാറ്റുന്നതിലാണ് ഓറക്കിള്‍ ശ്രദ്ധ വെച്ചിരിക്കുന്നത്. അതിനുശേഷം മാത്രമേ പുതിയ ഉപഭോക്താക്കള്‍ക്ക് ഇവര്‍ മുന്‍ഗണന നല്‍കുന്നുള്ളൂ.

Comments

comments

Tags: Oracle