ഒലയുടെ മൂല്യം 31,000 കോടി രൂപ കടന്നു; ഇനി കിവികളുടെ നാട്ടിലേക്ക്

ഒലയുടെ മൂല്യം 31,000 കോടി രൂപ കടന്നു; ഇനി കിവികളുടെ നാട്ടിലേക്ക്

ചൈനീസ് നിക്ഷേപകരില്‍ നിന്ന് 50 ദശലക്ഷം ഡോളര്‍ സമാഹരിച്ചതോടെയാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം 31,000 കോടി രൂപ കടന്നത്

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ ഒല ഹോങ്കോംഗ് ആസ്ഥാനമാക്കിയ സെയ്‌ലിംഗ് കാപ്പിറ്റല്‍, ചൈനയിലെ യുറേഷ്യന്‍ ഇക്കണോമിക് കോര്‍പ്പറേഷന്‍ ഫണ്ട് എന്നിവരില്‍ നിന്നായി 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 4.3 ബില്യണ്‍ ഡോളറായി (ഏകദേശം 31,000 കോടി രൂപ) ഉയര്‍ന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇടപാടിന്റെ ഭാഗമായി ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇരു ഫണ്ടുകളും സംയുക്തമായി ഒലയില്‍ ഒരു ശതമാനം ഓഹരികളുടെ ഉടമസ്ഥാവകാശം കൈയാളും.

ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം കൂടി സമാഹരിക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടായ ടീമാസെക്ക് ഉള്‍പ്പെടയുള്ള നിക്ഷേപകരുമായി കമ്പനി ചര്‍ച്ച നടത്തി വരികയാണ്. ടീമാസെക്ക് നിലവില്‍ ഒലയുടെ ദ്വിതീയ ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ജൂലൈയില്‍ ഒല ജീവനക്കാരനില്‍ നിന്ന് 30 ദശലക്ഷം ഡോളറിനാണ് ടീമാസെക് ദ്വീതീയ ഓഹരികള്‍ വാങ്ങിയത്. ജാപ്പനീസ് ശതകോടീശ്വരന്‍ മസയോഷി സണിന്റെ സോഫ്റ്റ്ബാങ്ക്, ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ് എന്നിവരില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ഒലയുടെ മാതൃകമ്പനിയായ എഎന്‍ഐ ടെക്‌നോളജീസ് 1.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം സമാഹരിച്ചിരുന്നു.

ആഭ്യന്തര-രാജ്യാന്തര വിപണികളില്‍ വലിയ വികസന പദ്ധതികള്‍ക്ക് കമ്പനി തയാറെടുക്കുന്ന സമയത്താണ് പുതിയ നിക്ഷേപ സമാഹരണമെന്നത് ശ്രദ്ധേയമാണ്. ന്യൂസിലന്‍ഡിലേക്ക്് ഉടന്‍ തന്നെ കമ്പനി ചുവടുവെക്കുമെന്നും ഓക്‌ലന്‍ഡ്, ക്രിസ്റ്റ്ചര്‍ച്ച്, വെല്ലിംഗ്ടണ്‍ എന്നിവിടങ്ങളില്‍ സേവനം നല്‍കുമെന്നും കഴിഞ്ഞ ദിവസം ഒല പ്രഖ്യാപിച്ചിരുന്നു.

ഓക്‌ലന്‍ഡ് ആസ്ഥാനമായ ടെക് സ്റ്റാര്‍ട്ടപ്പ് ഹൊറൈസണ്‍ റോബോട്ടിക്‌സിന്റെ സഹസ്ഥാപകനായ ബ്രയ്ന്‍ ദെവിലിനെയാണ് ന്യൂസിലന്‍ഡ് ബിസിനസ് മാനേജറായി ഒല നിയമിച്ചിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒല ഈ വര്‍ഷം ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയന്‍ വിപണിയിലേക്കും കഴിഞ്ഞ മാസം യുകെയിലേക്കും പ്രവര്‍ത്തനം വിപുലീകരിച്ചിരുന്നു. പ്രതിവര്‍ഷം ഒരു ബില്ല്യണ്‍ ഉപഭോക്താക്കള്‍ക്കാണ് ഒല സേവനം നല്‍കുന്നതെന്ന് കമ്പനിയുടെ സിഇഒ ഭവീഷ് അഗര്‍വാള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ദശലക്ഷക്കണക്കിന് പേര്‍ക്ക് കമ്പനി തൊഴിലവസരങ്ങളും പ്രദാനം ചെയ്യുന്നു.

ഭവീഷ് അഗര്‍വാളും അന്‍കിത് ബാട്ടിയും ചേര്‍ന്ന് 2011ലാണ് സ്റ്റാര്‍ട്ടപ്പ് ലോകത്തെ ഞെട്ടിച്ച് ഒല എന്ന സംരംഭത്തിന് തുടക്കമിട്ടത്. യുഎസ് സ്റ്റാര്‍ട്ടപ്പ് ഭീമനായ യുബറിനെ അനുകരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഒലയ്ക്ക് സൂക്ഷമ സംരംഭകമേഖലയില്‍ കാര്യമായ ഇടപെടല്‍ നടത്താനായതായാണ് വിലയിരുത്തല്‍.

യുഎസ് സ്റ്റാര്‍ട്ടപ്പ് ഭീമനായ യുബറിനെ അനുകരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഒലയ്ക്ക് സൂക്ഷമ സംരംഭകമേഖലയില്‍ കാര്യമായ ഇടപെടല്‍ നടത്താനായതായാണ് വിലയിരുത്തല്‍.

 • ഭവീഷ് അഗര്‍വാളും അന്‍കിത് ബാട്ടിയും ചേര്‍ന്ന് 2011ല്‍ ആരംഭിച്ച സംരംഭം ഇന്ന് ഒരു ബില്ല്യണിലധികം ഉപഭോക്താക്കളിലേക്ക് പ്രതിവര്‍ഷം എത്തുന്നു
 • ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നിക്ഷേപകഫണ്ടിന് ഒലയുടെ ഒരു ശതമാനത്തിലധികം ഓഹരി ഉടമസ്ഥാവകാശമെന്ന് റിപ്പോര്‍ട്ട്
 • ഫഌപ്കാര്‍ട്ട് സഹസ്ഥാപകനും മുന്‍ സിഇഒയുമായ സച്ചിന്‍ ബന്‍സാല്‍ ഒലയില്‍ ഓഹരിയെടുത്തേക്കുമെന്ന് വാര്‍ത്തകളുണ്ട്
 • ന്യൂസിലന്‍ഡിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഒല. ഓസ്‌ട്രേലിയയിലും യുകെയിലും അടുത്തിടെയാണ് ഒല സേവനം ആരംഭിച്ചത്
 • സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നിക്ഷേപക ഫണ്ടായ ടീമാസെക്കിന്റെ ശക്തമായ പിന്തുണ ഒലയ്ക്കുണ്ട്
 • ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ഇന്റര്‍നെറ്റ് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പാണ് ഒല

ഒലയുടെ പ്രധാന ഓഹരിയുടമകള്‍

 • സോഫ്റ്റ്ബാങ്ക് 26.1 ശതമാനം
 • ടൈഗര്‍ ഗ്ലോബല്‍ 15.94 ശതമാനം
 • ടെന്‍സെന്റ് 10.39 ശതമാനം
 • മട്രിക്‌സ് പാര്‍ട്‌ണേഴ്‌സ് 8.57 ശതമാനം
 • ഡിഎസ്ടി ഗ്ലോബല്‍ 6.72 ശതമാനം
 • സ്റ്റഡ് വ്യൂ കാപ്പിറ്റല്‍ 1.35 ശതമാനം

Comments

comments

Categories: Business & Economy
Tags: Ola cab