എംഇഐഎസ് കയറ്റുമതി ആനുകൂല്യങ്ങള്‍ക്കായുള്ള നടപടികള്‍ ലളിതമാക്കി

എംഇഐഎസ് കയറ്റുമതി ആനുകൂല്യങ്ങള്‍ക്കായുള്ള നടപടികള്‍ ലളിതമാക്കി

303 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ നേടിയത്

ന്യൂഡെല്‍ഹി: എംഇഐഎസി(മര്‍ച്ചന്‍ഡൈസ് എക്‌സ്‌പോര്‍ട്ട്‌സ് ഫ്രം ഇന്ത്യ സ്‌കീം)യുടെ ഭാഗമായ കയറ്റുമതി ആനുകൂല്യങ്ങള്‍ വ്യാപാരികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ലളിതമാക്കി. കയറ്റുമതി മേഖലയില്‍ മികച്ച ബിസിനസ് അന്തരീക്ഷമൊരുക്കികൊണ്ട് ഇന്ത്യയില്‍ നിന്നുള്ള ചരക്കുനീക്കം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

എംഇഐഎസ് പദ്ധതി പ്രകാരം കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നത്തെയും രാജ്യത്തെയും അടിസ്ഥാനമാക്കി എക്‌സ്‌പോര്‍ട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നികുതി ആനുകൂല്യങ്ങള്‍ നല്‍കും. എംഇഐഎസിനു കീഴിലുള്ള അനുകൂല്യങ്ങള്‍ക്കായി കയറ്റുമതിക്കാര്‍ സമര്‍പ്പിക്കുന്ന ഇഡിഎസ് (ഇലക്ട്രോണിക് ഡാറ്റ ഇന്റര്‍ഫേസ്) ഷിപ്പിംഗ് ബില്ലുകള്‍ ഉപയോഗിച്ചുള്ള അപേക്ഷകളില്‍ ഓട്ടോമാറ്റിക്കായി അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ ഡയറക്‌റ്റോറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആരംഭിച്ചിട്ടുണ്ട്.

പുതിയ സംവിധാനത്തിനു കീഴില്‍ പ്രാദേശിക ഡിജിഎഫ്ടി ഉദ്യോഗസ്ഥര്‍ക്ക് എംഇഐഎസ് അപേക്ഷകള്‍ പരിശോധിക്കേണ്ടി വരില്ല. അനുമതിയുടെ പകര്‍പ്പും നികുതി ക്രെഡിറ്റ് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുക മാത്രമാണ് അവര്‍ ചെയ്യുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എംഇഐഎസ് ക്ലെയിം അപേക്ഷകള്‍ പരിശോധിക്കുന്നതിനുള്ള സമയവും അധ്വാനവും കുറയ്ക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കയറ്റുമതി വരുമാനത്തില്‍ 10 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 303 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വരുമാനമാണ് ഇക്കാലയളവില്‍ ഇന്ത്യ നേടിയത്. 2011-2012 മുതല്‍ ഇന്ത്യയുടെ കയറ്റുമതി വരുമാനം 300 ബില്യണ്‍ ഡോളറിനടുത്തായിരുന്നു. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മാനുഫാക്ച്ചറിംഗ് മേഖലയുടെ ഉന്നമനത്തിനും കൂടുതല്‍ വിദേശ വിനിമയം നേടാനും സഹായിക്കും.

Comments

comments

Categories: FK News
Tags: Export

Related Articles