മനുഷ്യനേക്കാള്‍ പ്രവൃത്തികള്‍ യന്ത്രങ്ങള്‍ ചെയ്യും

മനുഷ്യനേക്കാള്‍ പ്രവൃത്തികള്‍ യന്ത്രങ്ങള്‍ ചെയ്യും

ലോക സാമ്പത്തിക ഫോറത്തിന്റേതാണ് ശ്രദ്ധേയമായ ഈ വിലയിരുത്തല്‍

ന്യൂഡെല്‍ഹി: 2025ഓടെ നിലവിലുള്ള തൊഴില്‍ പ്രവൃത്തികളില്‍ 52 ശതമാനവും റോബോട്ടുകള്‍ കൈകാര്യം ചെയ്യുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ( ഡബ്ല്യുഇഎഫ്) പഠന റിപ്പോര്‍ട്ട്. ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയോളം വര്‍ധിക്കുമെന്നാണ് ഇത് വ്യക്കമാക്കുന്നത്. ഇത് മനുഷ്യരുടെ ചുമതലകള്‍ പുതിയ മേഖലകളിലേക്ക് മാറ്റും. യന്ത്രങ്ങള്‍ക്കും കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്കുമൊപ്പം ജോലി ചെയ്യാനുള്ള ശേഷികള്‍ ഈ പ്രകമ്പനം കൊള്ളിക്കുന്ന മാറ്റത്തിനിടെ തൊഴിലാളികള്‍ നേടേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ന് ആഗോളതലത്തില്‍ തൊഴിലിടങ്ങളിലെ പ്രവൃത്തികളില്‍ 29 ശതമാനവും ചെയ്യുന്നത് യന്ത്രങ്ങളാണ്, 2025 ആകുമ്പോഴേക്കും അത് പകുതിയിലധികമാകും. യന്ത്രങ്ങളുടെയും അല്‍ഗോരിതങ്ങളുടെയും പെട്ടെന്നുള്ള മാറ്റങ്ങള്‍, കംപ്യൂട്ടര്‍ പ്രോസസിംഗ് എന്നിവ 2022നുള്ളില്‍ 133 മില്യണ്‍ പുതിയ തൊഴിലവസരങ്ങല്‍ സൃഷ്ടിക്കുമെന്ന് ഡബ്ല്യുഇഎഫ് വിലയിരുത്തുന്നു.
‘ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ് 2018’ എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ എക്കൗണ്ടിംഗ്, ക്ലൈന്റ് മാനേജ്‌മെന്റ്, വ്യവസായം, പോസ്റ്റല്‍, സെക്രട്ടേറിയല്‍ മേഖലകളില്‍ മനുഷ്യര്‍ക്ക് പകരം റോബോട്ടുകള്‍ ജോലിചെയ്യുമെന്ന് സൂചിപ്പിക്കുന്നു. മനുഷ്യന്റെ വൈദഗ്ധ്യം ആവശ്യമുള്ള സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലും ഇ-കൊമേഴ്‌സ്, സോഷ്യല്‍ മീഡിയ എന്നിവയ്‌ക്കൊപ്പം തൊഴില്‍ ആവശ്യകത വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ഗാത്മകത, ബൗദ്ധിക വിമര്‍ശനം, മോട്ടിവേഷന്‍ തുടങ്ങിയ മേഖലകളിലുള്ളവരെ പുതിയ തൊഴില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ശേഷികളിലേക്ക് മാറ്റിയെടുക്കുക എന്നതും തൊഴിലാളികളെ പുനഃ ക്രമീകരിക്കുക എന്നതും പ്രധാന വെല്ലുവിളിയാണെന്ന് പഠനത്തില്‍ പറയുന്നു. പഠനത്തിനായി ലോകത്തെമ്പാടുമുള്ള വന്‍കിട കമ്പനികളെ ഡയറക്റ്റര്‍മാരില്‍ നിന്നും സീനിയര്‍ എക്‌സിക്യുട്ടിവുകളില്‍ നിന്നും ഫോറം അഭിപ്രായം തേടിയിരുന്നു.

Comments

comments

Categories: FK News
Tags: Machinery