നഗരങ്ങളിലേക്ക് ഗ്യാസ്: ലേലത്തില്‍ ഒന്നാമതെത്തി അദാനി ഗ്രൂപ്പ്

നഗരങ്ങളിലേക്ക് ഗ്യാസ്: ലേലത്തില്‍ ഒന്നാമതെത്തി അദാനി ഗ്രൂപ്പ്

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബിപിസിഎല്‍, ടൊറന്റ് എന്നിവക്കും നേട്ടം; 13 നഗരങ്ങളുടെ അവകാശം അദാനി ഗ്യാസിന്; 2026 സെപ്റ്റംബര്‍ 30 ന് മുന്‍പ് 84 നഗരങ്ങളിലെ 2.1 കോടി കുടുംബങ്ങള്‍ക്ക് പാചക വാതകം ലഭ്യമാക്കണം

ന്യൂഡെല്‍ഹി: നഗരങ്ങളിലെ വാഹനങ്ങള്‍ക്കാവശ്യമായ സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ഇന്ധനവും പൈപ്പിലൂടെയുള്ള പാചക വാതക വിതരണവും നടത്താനുള്ള കരാറുകളില്‍ മുന്നിലെത്തി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്യാസ്. 84 നഗരങ്ങളിലെ ഗ്യാസ് വിതരണ ലൈസന്‍സിനായി നടന്ന ലേലത്തില്‍ 13 നഗരങ്ങളുടെ അവകാശം നേടിയാണ് അദാനി ഗ്യാസ് ഒന്നാമതെത്തിയത്. പൊതുമേഖലാ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമൊത്ത് (ഐഒസി) അലഹബാദടക്കം ഒന്‍പത് നഗരങ്ങളുടെ വിതരണ അവകാശം കൂടി അദാനി ഗ്യാസ് സ്വന്തമാക്കി. എട്ട് വര്‍ഷത്തിനകം നഗരങ്ങളിലുടനീളം സിഎന്‍സി ഇന്ധം നിറക്കാനാവശ്യമായ പമ്പുകള്‍ സ്ഥാപിക്കാനും എല്ലാ വീടുകളിലും പൈപ്പുകള്‍ വഴി പാചകവാതകം എത്തിക്കാനുമുള്ള ഉത്തരവാദിത്തമാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. 2026 സെപ്റ്റംബര്‍ 30 ന് മുന്‍പ് 84 നഗരങ്ങളിലെ 2.1 കോടി കുടുംബങ്ങള്‍ക്ക് പാചക വാതകം ലഭ്യമാക്കണം. 4,346 സിഎന്‍ജി പമ്പുകള്‍ സ്ഥാപിക്കാമെന്ന ഉറപ്പാണ് സ്വകാര്യ, പൊതുമേഖലാ കമ്പനികളില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്ന് പെട്രോളിയം നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് (പിഎന്‍ജിആര്‍ബി) വ്യക്തമാക്കി.

ശുദ്ധമായ ഊര്‍ജവും ഇന്ധനവും ഉറപ്പാക്കാനും അന്തരീക്ഷ മലിനീകരണം കുറക്കാനും ലക്ഷ്യമിട്ടാണ് സിഎന്‍സി, എല്‍പിജി വിതരണ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 2020 ഓടെ രാജ്യത്തെ ഒരു കോടി കുടുംബങ്ങള്‍ക്ക് പാചക വാതക പൈപ്പ് കണക്ഷനുകള്‍ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ചാണ് ഇതിന്റെ ലേലം നടന്നു വരുന്നത്. ഒന്‍പതാമത്തെ ലേലമാണ് കഴിഞ്ഞ ദിവസം നടന്നത്. 70,000 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. വരുമാന കണക്കുകള്‍ പുറത്ത് വന്നിട്ടില്ല.

രാജ്യത്തെ 22 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 174 ജില്ലകള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് ഇപ്പോള്‍ നടന്ന ലേലം. 29 ശതമാനം ജനങ്ങളിലേക്കും 24 ശതമാനം ഭൂ വിസ്തൃതിയിലേക്കും ഈ ലേലത്തോടെ പ്രകൃതി വാതകം എത്തും. 84 നഗരങ്ങളെന്നത് യഥാര്‍ഥത്തില്‍ നഗര, ഗ്രാമ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഭൗമ മേഖലകളാണ്. പ്രാഥമിക ഊര്‍ജ മേഖലയില്‍ പ്രകൃതി വാതകത്തിന്റെ ഉപയോഗം നിലവിലെ ആറ് ശതമാനത്തില്‍ നിന്ന് 15 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതുവരെ എട്ട് ലേലങ്ങളിലായി 23 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 124 ജില്ലകളിലെ 92 ഭൗമ മേഖലകളിലാണ് ഗ്യാസ് വിതരണ ലൈസന്‍സ് നല്‍കിയിരുന്നത്. പുതിയ ലേലത്തോടെ പദ്ധതിയുടെ പരിധിയില്‍ വരുന്ന നഗരങ്ങളുടെ എണ്ണം ഇരട്ടിച്ചു.

32 നഗരങ്ങള്‍ക്കായി അവകാശമുന്നയിച്ച് 13 മേഖലകളുടെ വിതരണാവകാശം സ്വന്തമാക്കിയ അദാനി ഗ്രൂപ്പിന് പിന്നില്‍ ബിപിസിഎലിന്റെ ഉടമസ്ഥതയിലുള്ള ഭാരത് ഗ്യാസ് റിസോഴ്‌സസ് ലിമിറ്റഡ് 11 ലൈസന്‍സുകള്‍ നേടി രണ്ടാമതെത്തി. അമേഠിയും റായ്ബറേലിയും അടക്കം 53 നഗരങ്ങള്‍ക്കായാണ് ഭാരത് ഗ്യാസ് ബിഡ് സമര്‍പ്പിച്ചിരുന്നത്. സ്വകാര്യ കമ്പനിയായ ടൊറന്റ് ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന് 10 നഗരങ്ങളുടെ ലൈസന്‍സ് ലഭിച്ചു. 34 നഗരങ്ങളുടെ ലൈസന്‍സിനായി ശ്രമിച്ച ഐഒസിക്ക് ഏഴ് നഗരങ്ങളിലെ വിതരണമാണ് സ്വന്തമാക്കാനായത്. പൊതുമേഖലാ കമ്പനിയായ ഗെയ്‌ലിന്റെ ഗെയ്ല്‍ ഗ്യാസ് ഡെറാഡൂണടക്കം അഞ്ച് നഗരങ്ങളില്‍ വിതരണം നടത്തും. ഡെല്‍ഹിയില്‍ ഗ്യാസ് വിതരണം നടത്തുന്ന ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന് ഉത്തര്‍പ്രദേശിലെ മീററ്റ്, മുസഫര്‍ഗനര്‍ നഗരങ്ങളുടെ അവകാശം കൂടി കിട്ടി.

Comments

comments

Categories: FK News
Tags: LNG and CNG