ഉല്‍സവത്തിന് എഴുന്നള്ളാന്‍ ഇതാ ജീപ്പിന്റെ കരിവീരന്‍

ഉല്‍സവത്തിന് എഴുന്നള്ളാന്‍ ഇതാ ജീപ്പിന്റെ കരിവീരന്‍

ജീപ്പ് കോംപസ് ബ്ലാക്ക് പാക്ക് എഡിഷന്‍ പുറത്തിറക്കി. ഡെല്‍ഹി എക്‌സ് ഷോറൂം വില 20.59 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ഉത്സവ സീസണ്‍ പ്രമാണിച്ച് ഇന്ത്യയില്‍ ജീപ്പ് കോംപസ് ബ്ലാക്ക് പാക്ക് എഡിഷന്‍ പുറത്തിറക്കി. 20.59 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ലിമിറ്റഡ് എഡിഷനാണ് ബ്ലാക്ക് പാക്ക്. ജീപ്പ് കോംപസിന്റെ ലിമിറ്റഡ് (ഒ) എന്ന ടോപ് സ്‌പെക് വേരിയന്റ് അടിസ്ഥാനമാക്കിയാണ് ബ്ലാക്ക് പാക്ക് എഡിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വേരിയന്റിനേക്കാള്‍ 15,000 രൂപ മാത്രമാണ് ബ്ലാക്ക് പാക്ക് എഡിഷന് അധികം വില വരുന്നത്. ബ്ലാക്ക് പാക്ക് എന്ന പേര് സൂചിപ്പിക്കുന്നതുപോലെ എസ്‌യുവിയുടെ അകത്തും പുറത്തും കറുപ്പിന്റെ വിളയാട്ടം കാണാം. ഇത് വാഹനത്തിന്റെ സ്‌പോര്‍ടി അപ്പീല്‍ വര്‍ധിപ്പിക്കുന്നു. ഇന്ത്യയില്‍ എഫ്‌സിഎ ഗ്രൂപ്പിന്റെ ബെസ്റ്റ് സെല്ലറാണ് ജീപ്പ് കോംപസ്. 2017 ജൂലൈയിലാണ് ജീപ്പ് കോംപസ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

കോംപസ് ബ്ലാക്ക് പാക്ക് എഡിഷന്റെ വിംഗ് മിററുകളിലും അലോയ് വീലുകളിലും ഗ്ലോസ് ബ്ലാക്ക് നിറം നല്‍കിയിരിക്കുന്നു. ലിമിറ്റഡ് എന്ന ടോപ് വേരിയന്റില്‍ കാണുന്ന അതേ 17 ഇഞ്ച് ചക്രങ്ങളിലാണ് ബ്ലാക്ക് പാക്ക് എഡിഷന്‍ വരുന്നത്. കൂടാതെ, റൂഫിന് നല്‍കിയിരിക്കുന്നതും കറുപ്പ് നിറം തന്നെ. കോണ്‍ട്രാസ്റ്റ് ബോഡി കളര്‍ എസ്‌യുവിയുടെ ലുക്ക് വര്‍ധിപ്പിക്കും. വോക്കല്‍ വൈറ്റ്, മിനിമല്‍ ഗ്രേ, മാഗ്നീഷിയോ ഗ്രേ എന്നീ മൂന്ന് ബോഡി നിറങ്ങളില്‍ ബ്ലാക്ക് പാക്ക് എഡിഷന്‍ ലഭിക്കും. വാഹനത്തിനകത്ത് കാബിന്‍ ലേഔട്ടില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ ഓഫ്-വൈറ്റ്, ബ്ലാക്ക് എന്ന ഡുവല്‍ ടോണ്‍ കളര്‍ തീമിന് പകരം കറുപ്പ് നിറം എങ്ങും നിറഞ്ഞ് വ്യാപിച്ചിരിക്കുന്നു. അതേസമയം സ്റ്റിയറിംഗ് വീല്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സെന്‍ട്രല്‍ കണ്‍സോള്‍, ഡോര്‍ പാഡുകള്‍ എന്നിവിടങ്ങളില്‍ ക്രോം സാന്നിധ്യം കാണാം.

ലിമിറ്റഡ് വേരിയന്റിലെന്ന പോലെ 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് കോംപസ് ബ്ലാക്ക് പാക്ക് എഡിഷന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 173 ബിഎച്ച്പി പരമാവധി കരുത്തും 350 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. അതേസമയം 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 163 ബിഎച്ച്പി പരമാവധി കരുത്ത് പുറത്തെടുക്കും. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഹ്യുണ്ടായ് ടൂസോന്‍, മഹീന്ദ്ര എക്‌സ്‌യുവി 500, ടാറ്റ ഹെക്‌സ തുടങ്ങിയവയാണ് ജീപ്പ് കോംപസിന്റെ എതിരാളികള്‍. കോംപസിന്റെ ഫുള്ളി ലോഡഡ് ലിമിറ്റഡ് പ്ലസ് വേരിയന്റ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കള്‍ വൈകാതെ പുറത്തിറക്കും. പനോരമിക് സണ്‍റൂഫ്, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉണ്ടായിരിക്കും. കൂടാതെ ഓഫ് റോഡ് വേരിയന്റായ കോംപസ് ട്രെയ്ല്‍ഹോക് അടുത്ത വര്‍ഷമാദ്യം ജീപ്പ് ഇന്ത്യ വിപണിയിലെത്തിക്കും.

Comments

comments

Categories: Auto
Tags: Jeep