ഇന്ത്യന്‍ ഓഹരി വിപണിയുടെ കുതിപ്പ് അവസാനിക്കുന്നു

ഇന്ത്യന്‍ ഓഹരി വിപണിയുടെ കുതിപ്പ് അവസാനിക്കുന്നു

ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സിയായി രൂപ തുടരുകയാണ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രഭവ കാലം കഴിയുകയാണെന്ന് യുഎസ് ബഹുരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഇന്‍ക്. 2014 മാര്‍ച്ച് മുതല്‍ ഇന്ത്യന്‍ ഓഹരികള്‍ വലിയ രീതിയിലുള്ള ആവേശമാണ് പ്രകടമായിരുന്നത്. അന്നുമുതല്‍ ആഭ്യന്തര ഓഹരി സൂചികകള്‍ ഏകദേശം ഇരട്ടിയിലേറെ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ആകര്‍ഷണീയമായ വിപണിയായിരുന്നു ഇക്കാലയളവില്‍ ഇന്ത്യയുടേത്. എന്നാല്‍, ഈ കുതിപ്പ് അവസാനിക്കുകയാണെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അമിതമായ മൂല്യനിര്‍ണയവും സാമ്പത്തിക വളര്‍ച്ച കുറയാനുള്ള സാധ്യതയും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും വിപണിക്ക് ഗുണകരമാകില്ലെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ വിലയിരുത്തല്‍. ഇന്ത്യയുടെ ഓഹരി വിപണിയുടെ റേറ്റിംഗ് ‘ബയ്’ എന്നതില്‍ നിന്നും ‘ഹോള്‍ഡ്’ എന്ന തലത്തിലേക്ക് ഗോള്‍ഡ്മാന്‍ സാച്ച്‌സ് മാറ്റുകയും ചെയ്തിട്ടുണ്ട്. ബൃഹദ് സാമ്പത്തിക ഘടകങ്ങള്‍ നല്‍കുന്ന സൂചനകളും പൊതുതെരഞ്ഞെടുപ്പുമാണ് വിപണി സംബന്ധിച്ച ശുഭാപ്തി വിശ്വാസം കുറയാനുള്ള കാരണങ്ങളായി സാച്ച്‌സിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതും വിദേശ വിനിമയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യ നേരിടുന്ന വെല്ലുവിളികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സികളിലൊന്ന് രൂപയാണ്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 12 ശതമാനത്തിലധികം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടായിട്ടുള്ളത്.

Comments

comments

Categories: Business & Economy