ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവി വരുന്നു

ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവി വരുന്നു

2019 ജൂലൈയില്‍ ഇന്ത്യയിലെത്തും. മുപ്പത് ലക്ഷം രൂപയില്‍ താഴെയായിരിക്കും വില

ന്യൂഡെല്‍ഹി : 2019 ജൂലൈയില്‍ ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ സ്ഥിരീകരിച്ചു. ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവിയാണ് ഇന്ത്യയില്‍ അരങ്ങേറുന്നത്. ചെന്നൈ പ്ലാന്റില്‍ വാഹനം അസംബിള്‍ ചെയ്യും. കോന ഇലക്ട്രിക് എസ്‌യുവി അസംബിള്‍ ചെയ്യുന്നതിനായി പ്ലാന്റില്‍ പുതിയ അസംബ്ലി ലൈന്‍ സ്ഥാപിക്കും. ഇതിനുവേണ്ടി നിക്ഷേപം നടത്തും. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (സികെഡി) രീതിയിലാണ് കോന ഇലക്ട്രിക് ഇന്ത്യയിലെത്തുന്നത്. മുപ്പത് ലക്ഷം രൂപയില്‍ താഴെയായിരിക്കും കോന ഇലക്ട്രിക് എസ്‌യുവിയുടെ വില.

പുറത്തിറക്കി ആദ്യ വര്‍ഷം തന്നെ ഇന്ത്യയില്‍ ആയിരത്തോളം ഇലക്ട്രിക് എസ്‌യുവികള്‍ വില്‍ക്കുകയാണ് ഹ്യുണ്ടായുടെ ലക്ഷ്യം. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. തുടക്കത്തില്‍ മുന്തിയ പത്ത് മെട്രോ നഗരങ്ങളില്‍ മാത്രമായിരിക്കും കോന ഇലക്ട്രിക് വില്‍ക്കുന്നത്. കോന മാത്രമല്ല ഹ്യുണ്ടായ് നിരയിലെ ഇലക്ട്രിക് വാഹനം. കോന അടിസ്ഥാനമാക്കി നിര്‍മ്മിച്ച അയോണിക്കിന്റെ ഇലക്ട്രിക്, ഹൈബ്രിഡ് പതിപ്പുകള്‍ ഹ്യുണ്ടായുടേതാണ്.

ഹ്യുണ്ടായുടെ ചെന്നൈ പ്ലാന്റ് ഇപ്പോള്‍ പൂര്‍ണ്ണ ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിവര്‍ഷം 7.5 ലക്ഷം കാറുകള്‍ നിര്‍മ്മിക്കാന്‍ കഴിയുംവിധം 2018 അവസാനത്തോടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കും. ഇതിനായി ഹ്യുണ്ടായ് വീണ്ടും നിക്ഷേപം നടത്തും. 2020 അവസാനത്തോടെ 30,000 യൂണിറ്റ് കോന ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാനാണ് ഹ്യുണ്ടായ് ആലോചിക്കുന്നത്. നിലവില്‍ ഹ്യുണ്ടായുടെ ചെന്നൈ പ്ലാന്റ് ദിവസവും മൂന്ന് ഷിഫ്റ്റ് വീതം ആഴ്ച്ചയില്‍ ആറ് ദിവസമാണ് പ്രവര്‍ത്തിക്കുന്നത്.

ഹ്യുണ്ടായ് കോന നിലവില്‍ പല ആഗോള വിപണികളിലും വിറ്റുവരുന്നു. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പതിപ്പിലും ഇലക്ട്രിക് പതിപ്പിലും കോന ലഭിക്കും. ഈയിടെ ഡെല്‍ഹിയില്‍ നടന്ന മൂവ്-ഗ്ലോബല്‍ മൊബിലിറ്റി ഉച്ചകോടിയില്‍ ഹ്യുണ്ടായ് കോന ഇലക്ട്രിക് പ്രദര്‍ശിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പാകെ വാഹനത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് കെയുവി 100 ലോഞ്ച് ചെയ്യാത്ത പക്ഷം ഹ്യുണ്ടായ് കോന ഇലക്ട്രിക് ആയിരിക്കും വില്‍പ്പനയ്‌ക്കെത്തുന്ന ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി. നിസാന്‍ ലീഫ്, എംജി ഇആര്‍എക്‌സ്5 എന്നീ ഇലക്ട്രിക് വാഹനങ്ങളും 2020 ഓടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Auto