ഹ്യുണ്ടായ് എഎച്ച്2 പ്രീ-ബുക്കിംഗ് ഒക്‌റ്റോബര്‍ 10 മുതല്‍

ഹ്യുണ്ടായ് എഎച്ച്2 പ്രീ-ബുക്കിംഗ് ഒക്‌റ്റോബര്‍ 10 മുതല്‍

ഒക്‌റ്റോബര്‍ 23 ന് ഹാച്ച്ബാക്ക് വിപണിയിലെത്തിക്കും. ഒക്‌റ്റോബര്‍ 9 ന് അനാവരണം ചെയ്യും

ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ ലോഞ്ചുകളിലൊന്നായ ഹ്യുണ്ടായ് എഎച്ച്2 ഒക്‌റ്റോബര്‍ 23 ന് വിപണിയിലെത്തിക്കും. ഇതിന് മുന്നോടിയായി ഒക്‌റ്റോബര്‍ 9 ന് ഹാച്ച്ബാക്ക് അനാവരണം ചെയ്യും. കാറിന്റെ പ്രീ-ബുക്കിംഗ് ഒക്‌റ്റോബര്‍ 10 ന് ആരംഭിക്കും. നിലവില്‍ എഎച്ച്2 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ഹാച്ച്ബാക്കിന് സാന്‍ട്രോ എന്ന ബാഡ്ജ് വീണ്ടും നല്‍കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. അനാവരണ വേളയില്‍ കാറിന്റെ പേര് പ്രഖ്യാപിക്കും. ഹാച്ച്ബാക്ക് ലോഞ്ച് ചെയ്യുന്നതിന്റെ തൊട്ടുതലേന്നായ ഒക്‌റ്റോബര്‍ 22 വരെയായിരിക്കും പ്രീ-ബുക്കിംഗ് സ്വീകരിക്കുന്നത്. പുതിയ റോഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന എന്‍ട്രി ലെവല്‍ കാറായിരിക്കും ഹ്യുണ്ടായ് എഎച്ച്2.

ഹ്യുണ്ടായ് ഇയോണിനേക്കാള്‍ സുരക്ഷിതവും അല്‍പ്പം കൂടുതല്‍ പ്രീമിയം നിലവാരം പുലര്‍ത്തുന്നതുമായിരിക്കും എഎച്ച്2. ഹ്യുണ്ടായ് കാര്‍ നിരയില്‍ ഇയോണിന് പകരം പുതിയ എന്‍ട്രി സെഗ്‌മെന്റ് കാറായി എഎച്ച്2 സ്ഥാനം പിടിക്കും. ഇയോണ്‍ ഉപയോഗിച്ചത് പിഎ പ്ലാറ്റ്‌ഫോമാണെങ്കില്‍ ഹ്യുണ്ടായുടെ കുറേക്കൂടി ദൃഢതയാര്‍ന്ന എച്ച്എ പ്ലാറ്റ്‌ഫോമിലാണ് എഎച്ച്2 നിര്‍മ്മിക്കുന്നത്. ഹ്യുണ്ടായ് ഐ10 അടിസ്ഥാനമാക്കിയിരിക്കുന്നതും എച്ച്എ പ്ലാറ്റ്‌ഫോമാണ്. ഇരട്ട എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ പുതിയ ഹാച്ച്ബാക്കില്‍ സ്റ്റാന്‍ഡേഡായി നല്‍കും.

എഎച്ച്2 ഹാച്ച്ബാക്കിന്റെ ഇന്റീരിയര്‍ മികച്ച നിലവാരമുള്ളതായിരിക്കും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഒന്നാന്തരം സീറ്റുകള്‍ എന്നിവ നല്‍കും. 1.1 ലിറ്റര്‍, 4 സിലിണ്ടര്‍ മോട്ടോറായിരിക്കും എഎച്ച്2 ഹാച്ച്ബാക്കിന് കരുത്തേകുന്നത്. എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി സുസുകി സെലേറിയോ, വാഗണ്‍ആര്‍, ടാറ്റ ടിയാഗോ, റെനോ ക്വിഡ് 1.0 എന്നിവയായിരിക്കും എതിരാളികള്‍.

Comments

comments

Categories: Auto
Tags: Hyundai AH2