ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍ണായകം; ബാറ്ററികള്‍ക്ക് ചെലവേറും: വി കെ സാരസ്വത്

ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍ണായകം; ബാറ്ററികള്‍ക്ക് ചെലവേറും: വി കെ സാരസ്വത്

ഇലക്ട്രിക് വാഹനങ്ങള്‍ ഹരിതഗൃഹ വാതക പുറംതള്ളലിന് പൂര്‍ണ പരിഹാരമല്ല; ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലിഥിയം, കൊബാള്‍ട്ട്, മാംഗനീസ് ലോഹങ്ങളുടെ ലഭ്യത വിരളമാവും

ന്യൂഡെല്‍ഹി: ഭാവിയുടെ ചാലക ശക്തിയാകാനുള്ള രാജ്യത്തിന്റെ കുതിപ്പിലെ നിര്‍ണായക ഘടകമായി ഹൈബ്രിഡ് വാഹനങ്ങളെ പരിഗണിക്കണമെന്ന് നിതി ആയോഗ് അംഗമായ വി കെ സാരസ്വത്. നിലവില്‍ ഉപയോഗത്തിലുള്ള ഇന്റേണല്‍ കംപ്രഷന്‍ എഞ്ചിനില്‍ (ഐസിഇ) നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് നേരിട്ട് മാറുന്നതിന് ശരിയായ അടിസ്ഥാനസൗകര്യങ്ങള്‍ ആവശ്യമാണെന്ന് മുന്‍ ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) മേധാവി കൂടിയായ സാരസ്വത് ചൂണ്ടിക്കാട്ടി. മാത്രമല്ല ഇതിന് സമയമെടുക്കുകയും ചെയ്യും. എന്നാല്‍ ഹൈബ്രിഡ് വാഹനങ്ങളുടെ ഉല്‍പ്പാദനത്തിന് അടിസ്ഥാനസൗകര്യ വികസനത്തില്‍ കാര്യമായ മാറ്റങ്ങള്‍ ആവശ്യമായി വരില്ലെന്നും നിതി ആയോഗ് അംഗം പറഞ്ഞു. ഇലക്ട്രിക് മോട്ടോറോടു കൂടിയ പെട്രോള്‍ അഥവാ ഡീസല്‍ എഞ്ചിനുള്ള വാഹനങ്ങളാണ് ഹൈബ്രിഡ് വാഹനങ്ങള്‍. കുറഞ്ഞ ഇന്ധനച്ചെലവും വളരെ കുറഞ്ഞ തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളലുമാണ് ഈ വാഹനത്തിന്റെ സവിശേഷത.

ഹ്രസ്വദൂര യാത്രകള്‍ക്കായുള്ള ഇരുചക്ര- മുച്ചക്ര വാഹനങ്ങളിലായിരിക്കണം ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ ആദ്യമായി നടപ്പിലാക്കേണ്ടത്. ഒറ്റത്തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ 100 മുതല്‍ 150 കിലോമീറ്റര്‍ വരെ വാഹനം ഉപയോഗിക്കാന്‍ പറ്റണമെന്നും ഇതിനുള്ള ബാറ്ററി സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂര്‍ണമായും ഇന്റേണല്‍ കംപ്രഷന്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന സമ്പ്രദായമാണ് ഇന്നുള്ളത്.
തുടര്‍ച്ചയായുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ അധികകാലം അനുവദിക്കാനാവില്ലെന്നും അതിനാല്‍ ഹൈബ്രിഡ് എഞ്ചിനുകളിലേക്ക് മാറി ഐസിഇ എഞ്ചിനുകള്‍ കുറച്ചു കൊണ്ടുവരേണ്ടതിന്റെ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ രാജ്യത്തെ വൈദ്യുത ഉല്‍പ്പാദനത്തിന്റെ പ്രധാന സ്രോതസ് കല്‍ക്കരിയായതിനാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പൂര്‍ണമായും ഹരിതഗൃഹ വാതകങ്ങളുടെ ഉല്‍പ്പാദനത്തിന് പരിഹാരം കാണുമെന്ന വാദത്തിന് അര്‍ത്ഥമില്ല. 2030 ഓടെ ബാറ്ററികളുടെ വില 70 ബില്യണ്‍ യുഎസ് ഡോളറിലേക്ക് കുറയുമെന്ന വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. ‘ഇതൊരു വലിയ കണക്കാണ്. ബാറ്ററികളുടെ ചെലവ് 100 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നാല്‍ പോലും അത് വളരെ വലിയ നേട്ടമാകും,’ സാരസ്വത് അഭിപ്രായപ്പെട്ടു. ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലിഥിയം, കൊബാള്‍ട്ട്, മാംഗനീസ് ലോഹങ്ങളുടെ ലഭ്യത വിരളമാവാനും വില ഉയരാനുമാണ് സാധ്യത. ബാറ്ററികളുടെ വിലയും ഇതിനനുസരിച്ച് വര്‍ധിക്കും. പുനരുപയോഗിക്കാവുന്ന ഊര്‍ജത്താല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഒരുക്കുകയാണ് വേണ്ടതെന്നും സാരസ്വത് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Auto