ഇ-കൊമേഴ്‌സ് നയം ഉല്‍സവകാലത്തിനു മുന്‍പ് വേണം: സിഎഐടി

ഇ-കൊമേഴ്‌സ് നയം ഉല്‍സവകാലത്തിനു മുന്‍പ് വേണം: സിഎഐടി

ഇ-കൊമേഴ്‌സ് നയത്തിന്റെ ആദ്യ കരട് രൂപരേഖ സര്‍ക്കാര്‍ ഇതിനകം തയാറാക്കിയിട്ടുണ്ട്

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ 15ന് ആരംഭിക്കുന്ന ഉല്‍സവകാല വില്‍പ്പനയ്ക്ക് മുന്‍പായി ഇ-കൊമേഴ്‌സ് നയം അവതരിപ്പിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്( സിഎഐടി) ആവശ്യപ്പെട്ടു. വന്‍ വിലക്കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ കമ്പനികള്‍ ഉപയോക്താക്കളെ വരുതിയിലാക്കുന്നത് തടയുന്നതിന് ഇത് ആവശ്യമാണെന്നാണ് സംഘടന ചൂണ്ടിക്കാണിക്കുന്നത്.
വ്യക്തമായൊരു നയത്തിന്റെ അഭാവത്തില്‍ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍ വിപണിയുടെ സന്തുലനാവസ്ഥയെ തുരങ്കം വെക്കുന്ന തരത്തില്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിക്കുകയും ഗുണമേന്‍മയെ തകര്‍ക്കുകയും ചെയ്യുമെന്ന് സിഎഐടി ദേശീയ പ്രസിഡന്റ് ബി സി ഭാര്‍ട്ടിയ പ്രസ്താവനയില്‍ പറഞ്ഞു. അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ ഇ-കൊമേഴ്‌സ് നയം അവതരിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളുടെ മുന്‍ഗണനാ വില്‍പ്പനക്കാരെ നിയന്ത്രിക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിപണിയിലെ എല്ലാ അനുചിത പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള വഴിയായാണ് ചിലര്‍ക്ക് പോര്‍ട്ടലുകള്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ-കൊമേഴ്‌സ് നയത്തിന്റെ ആദ്യ കരട് രൂപരേഖ സര്‍ക്കാര്‍ ഇതിനകം തയാറാക്കിയിട്ടുണ്ട്. ഈ കരട് പരിശോധിക്കാന്‍ സെക്രട്ടറിമാരുടെ ഒരു പാനലിനെയും നിയോഗിച്ചിരിക്കുകയാണ്. ഇ-കൊമേഴ്‌സ് സംവിധാനത്തിലൂടെ അനധികൃത ഉല്‍പ്പന്നങ്ങള്‍ കടന്നുവരുന്നത് തടയാനായി ഡാറ്റകള്‍ ആഭ്യന്തരമായി സൂക്ഷിക്കണം എന്ന വ്യവസ്ഥ നിര്‍ബന്ധമായും ഉള്‍ക്കൊള്ളിക്കണമെന്നും സിഎഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേവാള്‍ പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: e- commerce