ഡെല്‍ഹിയുടെ പൊതു വിദ്യാഭ്യാസ രംഗത്ത് അധ്യാപക വിപ്ലവം

ഡെല്‍ഹിയുടെ പൊതു വിദ്യാഭ്യാസ രംഗത്ത് അധ്യാപക വിപ്ലവം

ഉത്തരവാദിത്തമില്ലാത്ത അധ്യയനത്തിന് കുപ്രസിദ്ധിയാര്‍ജിച്ച ഇന്ത്യയിലെ ഒട്ടുമിക്ക സര്‍ക്കാര്‍ സ്‌കൂളുകളുടെയും പതിപ്പുകളായിരുന്നു ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് വരെ ഡെല്‍ഹിയിലും കണ്ടു വന്നിരുന്നത്. പണം ഉള്ളവര്‍ സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ അയക്കുമ്പോള്‍ സമൂഹത്തിന്റെ താഴെ തട്ടിലുള്ള ജനങ്ങള്‍ക്ക് ആശ്രയമായ തട്ടിക്കൂട്ട് സ്ഥാപനങ്ങളായി അവ നിലനിന്നു പോന്നു. എന്നാലിപ്പോള്‍ അടിസ്ഥാന സൗകര്യ വികസനത്തിലും പാഠ്യപദ്ധതിയിലും പഠന ശൈലിയിലും സ്വകാര്യ സ്‌കൂളുകളെ കടത്തി വെട്ടുന്ന നിലവാരത്തിലേക്ക് ഉയര്‍ന്നു വരികയാണ് രാജ്യ തലസ്ഥാന മേഖലയിലെ പൊതു വിദ്യാലയങ്ങള്‍. അധ്യാപകര്‍ക്ക് നല്‍കിയ വിദേശ പരിശീലനമാണ് ഈ മേഖലയില്‍ വിപ്ലവകരമായ പരിവര്‍ത്തനം കൊണ്ടുവന്നിരിക്കുന്നത്.

നിവേദിത സിംഗ്

മകന്‍ രാകേഷിന് ഉചിതമായ വിദ്യാഭ്യാസം നല്‍കണമെന്ന ആഗ്രഹത്തോടെയാണ് നാല്‍പ്പതുകാരനായ റിക്ഷാ ഡ്രൈവര്‍ റോഷന്‍ ലാല്‍ അവനെ ഡെല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തത്. സ്വകാര്യ സ്‌കൂളില്‍ കനത്ത ഫീസ് നല്‍കി മകനെ പഠിപ്പിക്കുന്നതിനുള്ള പ്രാപ്തി അദ്ദേഹത്തിനില്ലായിരുന്നു. ‘സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് എന്തെങ്കിലുമൊക്കെ മകന്‍ പഠിക്കാതിരിക്കില്ലല്ലോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മനസില്‍ ഉണ്ടായിരുന്നത്.

ഇന്ന് റോഷന്‍ വളരെ സന്തോഷവാനായ മനുഷ്യനാണ്. അദ്ദേഹത്തിന്റെ മകന്‍ ഇപ്പോള്‍ ആറാം ക്ലാസിലെത്തി. വളരെ നന്നായി പഠിക്കുകയും ഏതാനും കാര്യങ്ങള്‍ അദ്ദേഹത്തെ കൂടി പഠിപ്പിക്കാന്‍ പ്രാപ്തനാവുകയും ചെയ്തിരിക്കുന്നു രാകേഷ്. തന്റെ മകന്റെ അധ്യാപകരില്‍ പലരും വിദേശത്ത് പരിശീലനം നേടിയവരാണെന്ന കാര്യം അദ്ദേഹത്തിന് കൂടുതല്‍ ആഹ്ലാദം പകരുന്നു. ഇതുവരെ ഡെല്‍ഹിയിലെ ആയിരക്കണക്കിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് നിരവധി അധ്യാപകരും പ്രിന്‍സിപ്പല്‍മാരുമാണ് സിംഗപ്പൂര്‍, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളിലേക്ക് പരിശീലനത്തിനായി അയക്കപ്പെട്ടത്. മികച്ച അധ്യാപന മാതൃകകള്‍ക്ക് കേള്‍വികേട്ട രാജ്യങ്ങളാണിവ.

ഇക്കാലമത്രയും പഴഞ്ചന്‍ ശൈലിയിലുള്ള മോശം അധ്യാപനവും, കാര്യം ഗ്രഹിക്കാതെയുള്ള മന:പാഠം പഠിക്കലിന്റെയും പേരില്‍ കുപ്രസിദ്ധി നേടിയ സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠന നൈപുണ്യവും വിദ്യാഭ്യാസ നിലവാരവും ഈ വിദേശ പരിശീലനത്തിലൂടെ മെച്ചപ്പെട്ടതായി പലരും കരുതുന്നു. വിവിധ തലങ്ങളിലെ ഇത്തരം പരിശീലനങ്ങള്‍ അധ്യാപകരുടെ ബോധനാത്മകമായ കഴിവുകള്‍ ഏറെ മെച്ചപ്പെടുത്തുന്നുണ്ട്. സ്വന്തം പ്രവൃത്തി രംഗത്തെ സമകാലിക വിജ്ഞാനത്തിനൊപ്പം നീങ്ങാനും പരിശീലനം അവരെ സഹായിക്കുന്നു.

‘എന്റെ മകന്റെ അധ്യാപകര്‍ വിദേശത്ത് പരിശീലനത്തിന് പോകുന്നതായി അവനില്‍ നിന്ന് ഞാന്‍ അറിഞ്ഞു. അവന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നതിനാല്‍ ഈ ആശയത്തില്‍ ഞാന്‍ സന്തോഷവാനാണ്’, റോഷന്‍ പറഞ്ഞു. ‘ഞങ്ങളെ പോലുള്ള പാവപ്പെട്ടവര്‍ക്ക് സ്വകാര്യ സ്‌കൂളുകള്‍ പ്രാപ്തമല്ല. അതേസമയം ഇപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്വകാര്യ സ്‌കൂളുകളുമായി മത്സരിക്കുന്നുവെന്നതും ഞങ്ങളുടെ കുട്ടികള്‍ മികച്ച അധ്യാപകരില്‍ നിന്ന് വിദ്യാഭ്യാസം നേടുന്നെന്നതും അറിഞ്ഞത് ഏറെ സന്തോഷം പകരുന്നു. സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ പോലും ഇപ്രകാരം വിദേശ പരിശീലനത്തിന് പോകാറില്ല,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചുവരുകളില്‍ വര്‍ണാഭമായ ചായം പൂശിയ ഡെല്‍ഹിയിലെ പല സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ഇന്ന് സ്വകാര്യ സ്‌കൂളുകളോട് കിടപിടിക്കുന്ന അടിസ്ഥാനസൗകര്യമുണ്ടെന്ന് മാത്രമല്ല പാഠ്യപദ്ധതിയിലും അനുഗുണമായ പരിവര്‍ത്തനം ദൃശ്യമാണ്. ആറു മാസമെടുത്ത് 40 സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും ചേര്‍ന്ന് തയാറാക്കിയ ‘ഹാപ്പിനെസ് കരിക്കുലം’ ആണ് ഈ സ്‌കൂളുകളില്‍ ഇപ്പോള്‍ പഠിപ്പിക്കുന്നത്. ഈ പാഠ്യപദ്ധതിയുടെ ഭാഗമായി നഴ്‌സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ഹാപ്പിനെസ് പീരിഡ്’ നല്‍കുന്നു. ധ്യാനം, കഥ പറച്ചില്‍, ചോദ്യോത്തര വേള, മൂല്യ ബോധനം, മാനസിക വ്യായാമങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

അധ്യാപകരുടെ പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംവിധാനത്തില്‍ ഏറെ സന്തോഷവാനാണെന്ന് ലക്ഷ്മി നഗറിലെ ഒരു ചെറിയ കടയുടമയും രക്ഷകര്‍ത്താവുമായ രാജു യാദവ് പറയുന്നു. ‘ഞാനും എന്റെ ഭാര്യയും വിദ്യാഭ്യാസമുള്ളവരല്ല. ട്യൂഷന്‍ ക്ലാസുകളുടെ ചെലവ് വഹിക്കുന്നതിന് എനിക്ക് ബുദ്ധിമുട്ടുണ്ട്. എന്റെ മകള്‍ സ്വാതി ഡെല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അധ്യാപകര്‍ക്ക് പരിശീലനം ലഭിക്കുന്നുവെന്നത് വളരെ നല്ല കാര്യമാണ്. അധ്യാപകര്‍ കൂടുതല്‍ അറിവ് നേടും, അവര്‍ നന്നായി പഠിപ്പിക്കും, ഞങ്ങളുടെ കുട്ടികളും നന്നായി കാര്യങ്ങള്‍ ഗ്രഹിക്കും,” അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളില്‍ മികച്ച നിക്ഷേപമാണ് ഡെല്‍ഹി സര്‍ക്കാര്‍ നടത്തുന്നത്. ക്ലാസ് മുറികള്‍, കളിക്കളങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവക്കെല്ലാം മുന്‍ഗണന നല്‍കി വിദ്യാഭ്യാസ സംവിധാനത്തെ മെച്ചപ്പെടുത്തി. അധ്യാപകരുടെ നൈപുണ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളിലും സര്‍ക്കാരിന്റെ പങ്കാളിത്തം സജീവമായുണ്ട്. വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഡെല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ പലവട്ടം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ആദ്യത്തെ ബജറ്റ് പ്രസംഗത്തില്‍ തന്നെ വിദ്യാഭ്യാസത്തിനായുള്ള സര്‍ക്കാരിന്റെ ചെലവിടല്‍ ഇരട്ടിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തി. ”വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി ചെലവഴിച്ച തുക ഒരു ചെലവ് അല്ല, എന്നാല്‍ വരും തലമുറകളുടെ ക്ഷേമത്തിനായുള്ള ഒരു നിക്ഷേപമാണ,്” ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി.

സ്വകാര്യ സ്‌കൂളുകളേക്കാള്‍ സര്‍ക്കാര്‍ സ്‌കൂളുകളെ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടല്‍, അധ്യാപകരുടെ നിയമനം എന്നിവയോടെ അവസാനിക്കുന്നില്ല. അധ്യാപകരുടെ കഴിവ് വര്‍ധിപ്പിക്കുന്നത് വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പ്രക്രിയയുടെ സുപ്രധാന ഭാഗമായതിനാല്‍ ഹാര്‍വാഡ്, കേംബ്രിഡ്ജ്, ഓക്‌സ്‌ഫോഡ് തുടങ്ങി ലോകത്തെ മികച്ച സര്‍വകലാശാലകളില്‍ അധ്യാപകരെയും പ്രിന്‍സിപ്പലുമാരെയും സര്‍ക്കാര്‍ പരിശീലിപ്പിക്കുമെന്ന് സിസോദിയ പറയുന്നു.

200 അധ്യാപകരുടെ ഒരു സംഘമായിരുന്നു അധ്യാപന പരിശീലനം ആദ്യം നേടിയത്. ‘മെന്റര്‍ ടീച്ചേഴ്‌സ്’ അഥവാ ‘മാര്‍ഗദര്‍ശികളായ അധ്യാപകര്‍’ എന്നാണ് സര്‍ക്കാര്‍ ഇവരെ വിളിക്കുന്നത്. 45,000 ല്‍ അധികം ഡെല്‍ഹി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ അക്കാദമിക് കഴിവുകള്‍ വികസിപ്പിക്കുന്നതിന് ഇവരുടെ ക്രിയാത്മക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.

ഓരോ മെന്റര്‍ ടീച്ചര്‍മാരും മുംബൈ, ബെംഗളൂരു, ജയ്പൂര്‍, അഹമ്മദാബാദ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നേടി. അഞ്ചോ ആറോ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പരിശിലനം നല്‍കുന്നതിന് ഇവരെ ചുമതലപ്പെടുത്തി. ഈ 200 മെന്റര്‍മാര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് അധ്യാപകര്‍ക്ക് പരിശീലനം നല്‍കി.

പരിശീലനത്തിന് ശേഷം മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് പ്രോത്സാഹനവും പ്രേരണയും ലഭിച്ചതായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിംഗപ്പൂരില്‍ പരിശീലനത്തിനായി പോയ മെന്റര്‍ അധ്യാപികയുമായ മനു ഗുലാത്തി പറയുന്നു. പരിശീലനത്തിനായി നടത്തുന്ന നിക്ഷേപത്തിലൂടെ സര്‍ക്കാര്‍, അധ്യാപകര്‍ക്ക് മേലുള്ള വിശ്വാസം പ്രകടിപ്പിക്കുന്നു എന്നതാണ് പൊതുവായ ധാരണയെന്ന് 2011 ല്‍ അധ്യാപന ജീവിതം ആരംഭിച്ച ഗുലാത്തി കൂട്ടിച്ചേര്‍ത്തു. കഴിവ്, അധ്യാപന അഭിരുചി, ഉള്ളടക്ക വിജ്ഞാപനം, അധ്യാപന നൈപുണ്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ സ്‌കൂളിുകളിലെ അധ്യാപകരേക്കാള്‍ ഒട്ടും പിന്നിലല്ല സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെന്ന് മനു ഗുലാത്തി അഭിമാനത്തോടെ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് അറിവും നൈപുണ്യവും നല്‍കുന്നത് മാത്രമായി പരിമിതപ്പെട്ടതല്ല അധ്യാപകവൃത്തിയെന്നും വൈകാരികവും മാനസികവുമായി പിന്തുണ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ നല്‍കണമെന്നും മനു ഗുലാത്തി ചൂണ്ടിക്കാട്ടി. ഇതിനായി വിദേശ പരിശീലനം അധ്യാപകരെ സഹായിച്ചെന്നും അവര്‍ പറഞ്ഞു.

”അധ്യാപനത്തിന്റെ കേന്ദ്രം ഇപ്പോള്‍ അധ്യാപകരല്ല, വിദ്യാര്‍ത്ഥികളാണ്. അധ്യയനം എന്നത് ഇപ്പോള്‍ യാന്ത്രികമായ പ്രവര്‍ത്തിയല്ല, അന്യോന്യമുള്ള സമ്പര്‍ക്കമാണ,്” നിരവധി പരിശീലന പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള മെന്റര്‍ അധ്യാപികയായ മേധാ പരാശര്‍ പറയുന്നു. വിവിധ പരിശീലങ്ങളിലൂടെ 45 തരം അധ്യയന രീതികളെക്കുറിച്ച് ഗ്രഹിക്കാനായി. ഇതില്‍ ഏത് വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുമെന്നും കഴിഞ്ഞ 27 വര്‍ഷമായി അധ്യാപന ജോലി ചെയ്യുന്ന പരാശര്‍ വ്യക്തമാക്കുന്നു.

പരിശീലനം അധ്യാപകര്‍ക്ക് പുതിയൊരു കാഴ്ചപ്പാടും ലക്ഷ്യവും നല്‍കിയെന്ന് മനു ഗുലാത്തി പറയുന്നു. നിലവാരമുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട, തലസ്ഥാനത്തെ സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അനുകൂലമായി സ്വാധീനിക്കുന്നതിന് അധ്യാപകരുടെ പരിശീലനം പ്രയോജനം ചെയ്തു.

മാറ്റങ്ങള്‍ പൂര്‍ണമായും ദൃശ്യമാകുന്നതിന് അല്‍പ്പം സമയമെടുക്കമെന്ന് പരാശര്‍ ചൂണ്ടിക്കാട്ടുന്നു. ‘ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്ക് മാറ്റങ്ങളുണ്ടാവില്ല. ചെറിയ കുട്ടികള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി. സമയം കടന്നു പോകുന്നതിനനുസരിച്ച് മാറ്റങ്ങളുണ്ടാവും,’ മേധാ പരാശര്‍ പറഞ്ഞു.

കടപ്പാട്:ഐഎഎന്‍എസ്

Comments

comments

Categories: FK Special, Sports