ബജറ്റ് ലക്ഷ്യങ്ങള്‍ നിറവേറ്റാനാകില്ല, സംസ്ഥാനങ്ങളുടെ വായ്പാ ഭാരം കൂടും

ബജറ്റ് ലക്ഷ്യങ്ങള്‍ നിറവേറ്റാനാകില്ല, സംസ്ഥാനങ്ങളുടെ വായ്പാ ഭാരം കൂടും

കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പ്രളയ ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനുമായി നടത്തുന്ന വന്‍ ചെലവഴിക്കലും സാമ്പത്തിക ക്രമീകരണ ലക്ഷ്യങ്ങളെ അവതാളത്തിലാക്കുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി

മുംബൈ: കര്‍ഷകരുടെ വായ്പ എഴുതിത്തള്ളലിനായുള്ള ഫണ്ടിംഗ്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവിടലുകള്‍, ആനുകൂല്യ പ്രഖ്യാപനങ്ങള്‍ തുടങ്ങിയവ ബജറ്റില്‍ ലക്ഷ്യമിട്ട സാമ്പത്തിക ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സംസ്ഥാനനങ്ങള്‍ക്ക് തടസ്സമാകുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പു സാമ്പത്തിക വര്‍ഷം വലിയ തോതിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പ്രളയ ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനുമായി നടത്തുന്ന വന്‍ ചെലവഴിക്കലും സാമ്പത്തിക ക്രമീകരണ ലക്ഷ്യങ്ങളെ അവതാളത്തിലാക്കുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐക്ര ( ഇന്‍വെസ്റ്റ്‌മെന്റ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി)പറയുന്നു.
പ്രധാനമായും സംസ്ഥാന വികസന വായ്പ(എസ്ഡിഎല്‍) വഴിയാണ് സംസ്ഥാനങ്ങളുടെ ധനക്കമ്മി പരിഹരിക്കപ്പെടുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ എസ്ഡിഎല്ലിന്റെ മൊത്ത വിതരണം 3.4 ശതമാനം കുറഞ്ഞ് 1.32 ട്രില്യണ്‍ രൂപയായി. പ്രധാനമായും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് വിതരണം കുറഞ്ഞത്. ഈ മൂന്ന് സംസ്ഥാനങ്ങളെയും ഒഴിവാക്കി ബാക്കിയുള്ള സംസ്ഥാനങ്ങളിലേക്കുള്ള വിതരണം നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ 14.7 ശതമാനംവര്‍ധിക്കുകയാണ് ഉണ്ടായിട്ടുള്ളത്.

ഐക്രയുടെ കണക്കുകള്‍ പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം 1.3 ട്രില്യണ്‍ രൂപയുടെ സംസ്ഥാന വികസന വായ്പകള്‍ ഈ വര്‍ഷം വിതരണം ചെയ്യപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 0.8 ട്രില്യണ്‍ രൂപയേക്കാള്‍ ഏറെ കൂടുതലാണ്.
സമീപകാലത്ത് 29 സംസ്ഥാനങ്ങളുടെയും മൊത്തം ധനക്കമ്മി അവയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിലയിരുത്തിയിരുന്നു. സംസ്ഥാനങ്ങളുടെ ബജറ്റുകള്‍ വിശകലനം ചെയ്താണ് ആര്‍ബിഐ ഈ നിരീക്ഷണം നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ല്‍ 29 സംസ്ഥാനങ്ങളുടെ മൊത്തം ധനക്കമ്മി ജിഡിപിയുടെ 3.1 ശതമാനമായിരുന്നു.

കേരള, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി അപ്രതീക്ഷിതമായ ചെലവുകള്‍ വന്നത് ആ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ചെലവിടലുകളില്‍ സമ്മര്‍ദം ചെലുത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy, Slider
Tags: Budget