ഉല്‍സവ സീസണിലേക്ക് ‘അനന്ത്’ പ്ലാനുകളുമായി ബിഎസ്എന്‍എല്‍

ഉല്‍സവ സീസണിലേക്ക് ‘അനന്ത്’ പ്ലാനുകളുമായി ബിഎസ്എന്‍എല്‍

പരിധിയില്ലാത്ത കോളുകള്‍, എസ്ടിഡി, റോമിംഗ് കോള്‍ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടുത്തി അനന്ത്, അനന്ത് പ്ലസ് പ്രീപെയ്ഡ് പ്ലാനുകള്‍

 

ന്യൂഡെല്‍ഹി: ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും വോഡഫോണ്‍-ഐഡിയയും നടത്തുന്ന കിടമത്‌സരങ്ങള്‍ക്കിടയില്‍ പിന്നോക്കം പോവാതിരിക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായി പൊതുമേഖലാ സംരംഭമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) രംഗത്ത്. പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി ഉത്സവ സീസണിലെ മത്സരത്തിന്റെ ഭാഗമാകുന്നത്. അനന്ത്, അനന്ത് പ്ലസ് എന്ന പേരിലുള്ള രണ്ട് പ്ലാനുകളും സൗജന്യ വോയ്‌സ് കോള്‍ ആനുകൂല്യത്തോടെയുള്ള സ്‌പെഷല്‍ താരിഫ് വൗച്ചറുകളുമാണ് ഉത്സവ സമ്മാനം.

ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ലോഞ്ച് ചെയ്തു കഴിഞ്ഞ പുതിയ പ്ലാനുകള്‍ യഥാക്രമം 105 രൂപ, 328 രൂപ നിരക്കിലുള്ളവയായിരിക്കും. പരിധിയില്ലാത്ത കോളുകള്‍, എസ്ടിഡി, റോമിംഗ് കോള്‍ സൗകര്യങ്ങള്‍ എന്നിവയും ഇതില്‍ ലഭ്യമാണ്. ബിഎസ്എന്‍എല്‍ അനന്തിന്റെ പരിധി 26 ദിവസവും അനന്ത് പ്ലസിന്റേത് 90 ദിവസവുമാണ്.

മുംബൈ, ഡെല്‍ഹി ഒഴികെയുള്ള 20 സര്‍ക്കിളുകളില്‍ ബിഎസ്എന്‍എല്‍ അനന്ത് 99 രൂപ നിരക്കിലും അനന്ത് പ്ലസ് 319 രൂപ നിരക്കിലുമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ പരിധിയില്ലാത്ത കോളുകളുടെ സൗകര്യം എല്ലാ സര്‍ക്കിളിലും സമാനമായി തുടരും. മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിന് കീഴിലാണ് ഡെല്‍ഹി മുംബൈ നഗരങ്ങള്‍ ഉള്‍പ്പെടുന്നത്.

ഈ മാസം 14 ന് ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ബംപര്‍ ഓഫര്‍ അവതരിപ്പിച്ചിരുന്നു. ദിവസേന 2.2 ജിബി മൊബീല്‍ ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. റെഗുലര്‍ പ്ലാനിനേക്കാള്‍ കൂടുതല്‍ ഡാറ്റയാണ് ഇതിലൂടെ ബിഎസ്എന്‍എല്‍ ഉറപ്പുനല്‍കിയിരിക്കുന്നത്.

‘ഞങ്ങള്‍ ആകര്‍ഷകങ്ങളായ പ്ലാനുകളും സ്‌കീമുകളുമാണ് പ്രിയപ്പെട്ട വരിക്കാര്‍ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. നവരാത്രി-ദുര്‍ഗാ പൂജ, ദീപാവലി എന്നീ ഉല്‍സവകാലങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് മികച്ച ആനുകൂല്യങ്ങളുമായി ഞങ്ങള്‍ എത്തിയിരിക്കുന്നത്,’ ബിഎസ്എന്‍എലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.

Comments

comments

Categories: Tech
Tags: BSNL