ഇഎംഐ സേവനമാരംഭിച്ച് ആമസോണ്‍ പേ

ഇഎംഐ സേവനമാരംഭിച്ച് ആമസോണ്‍ പേ

വായ്പാ സേവനങ്ങള്‍ ലഭ്യമല്ലാത്ത 70 ദശലക്ഷം ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്

ബെംഗളൂരു: ആമസോണിന്റെ ഡിജിറ്റല്‍ പേമെന്റ് വിഭാഗമായ ആമസോണ്‍ പേ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് ഉപഭോക്താക്കള്‍ക്കായി ഇഎംഐ സേവനം ആരംഭിച്ചു. ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡുകളില്‍ ഇഎംഇ സൗകര്യമോ ഇല്ലാത്ത ഉപഭോക്താക്കളെയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. സേവനവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഡിജിറ്റല്‍ രീതിയിലാണ് നടക്കുന്നത്. ഇത് ഉപഭോക്താക്കളെ ആമസോണ്‍ പേ ഡാഷ്‌ബോര്‍ഡിലെ തങ്ങളുടെ റീപേമെന്റ് ചരിത്രം മനസിലാക്കാനും സേവനം കൂടുതല്‍ സ്വീകാര്യമാക്കാനും സഹായിക്കും.

ഗൂഗിള്‍ തങ്ങളുടെ പേമെന്റ് വിഭാഗമായ ഗൂഗിള്‍ പേ വഴി വായ്പാ ബിസിനസ് മേഖലയിലേക്ക് ചുവടുവെക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആമസോണിന്റെ പുതിയ പ്രഖ്യാപനം. നേരത്തെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ വായ്പാ സേവനദാതാക്കളായ കാപ്പിറ്റല്‍ ഫ്‌ളോട്ടുമായി ചേര്‍ന്ന് ആമസോണ്‍ തങ്ങളുടെ തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് ഇഎംഇ സൗകര്യങ്ങള്‍ നല്‍കിയിരുന്നു.

ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്ന ഏകദേശം 100 ദശലക്ഷം പേരാണുള്ളത്. ഇതില്‍ 20 ദശലക്ഷം പേര്‍ക്കും ക്രെഡിറ്റ് കാര്‍ഡുകളും പത്ത് ദശലക്ഷം ഉപഭോക്താക്കള്‍ക്ക് ബജാജ് ഫിനാന്‍സ്/ഡെബിറ്റ് കാര്‍ഡ് ഇഎംഐയോ ഉണ്ട്. ആമസോണില്‍ ഷോപ്പിംഗ് നടത്തുന്ന വായ്പാ സേവനങ്ങള്‍ ലഭ്യമല്ലാത്ത 70 ദശലക്ഷം ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യം വെക്കുന്നതെന്നും ഇവര്‍ക്ക് ലളിതമായ ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്താനാകുമെന്നും ഉത്സവകാലത്ത് ഇത് കൂടുതല്‍ ഗുണകരമാകുമെന്നും ആമസോണ്‍ പേ എമര്‍ജിംഗ് പേമെന്റ്‌സ് ഡയറക്റ്റര്‍ വികാസ് ബന്‍സാല്‍ പറഞ്ഞു.

3-6 മാസ കാലയളവിലേക്ക് ഉപഭോക്താക്കളെടുക്കുന്ന വായ്പകള്‍ക്ക് പലിശ രഹിത ഇഎംഐ സേവനമാണ് ആമസോണ്‍ നല്‍കുന്നത്. കാലാവധി 9 മാസമോ 12 മാസമോ ആണെങ്കില്‍ 18 ശതമാനം പലിശ ഈടാക്കും. 30,000 രൂപ മുതല്‍ 60,000 രൂപ വരെയുള്ള വായ്പയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്നും വായ്പാ പരിധി ക്രമേണ ഉയര്‍ത്തുമെന്നും ആമസോണ്‍ വ്യക്തമാക്കി. വായ്പാ സേവനത്തിനൊപ്പം ആമസോണ്‍ പേ വഴി ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവെക്കാനും കോര്‍പ്പറേറ്റ് ഏജന്റ് എന്ന നിലയില്‍ ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

Comments

comments

Categories: Tech
Tags: amazon pay