ലോകോത്തര ആശുപത്രി ലക്ഷ്യമിട്ട് അമാനത്ത്

ലോകോത്തര ആശുപത്രി ലക്ഷ്യമിട്ട് അമാനത്ത്

ബഹ്‌റൈനിലെ റോയല്‍ മറ്റേണിറ്റി ഹോസ്പിറ്റല്‍ ഹോള്‍ഡിംഗില്‍ അടുത്തിടെയാണ് അമാനത്ത് ഓഹരിയെടുത്തത്

മനാമ: ജിസിസി മേഖലയിലെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍, എജുക്കേഷന്‍ കമ്പനിയായ അമാനത്ത് ഹോള്‍ഡിംഗ്‌സ് ബഹ്‌റൈന്‍ നിവാസികള്‍ക്ക് ലോകനിലവാരത്തിലുള്ള ആരോഗ്യസേവനങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. ബഹ്‌റൈനിലെ ബഹ്‌റൈനിലെ റോയല്‍ മറ്റേണിറ്റി ഹോസ്പിറ്റല്‍ ഹോള്‍ഡിംഗില്‍ ഭൂരിപക്ഷ ഓഹരിയെടുത്ത ശേഷമാണ് അമാനത്തിന്റെ പ്രസ്താവന.

ബഹ്‌റൈനിലെ വനിതകള്‍ക്ക് മാത്രമായുള്ള ആശുപത്രിയുടെ 69.3 ശതമാനം ഓഹരിയാണ് അമാനത്ത് ഏറ്റെടുത്തത്. 38.6 മില്ല്യണ്‍ ഡോളറിന്റേതാണ് ഇടപാട്. ഇതോടു കൂടി അമാനത്തിന്റെ മൊത്തം നിക്ഷേപ ആസ്തി 2 ബില്ല്യണ്‍ എഇഡിയുടേതായി മാറി.

വനിതകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങളില്‍ ഊന്നല്‍ നല്‍കിയുള്ള മെഡിക്കല്‍ സെന്ററായിരിക്കും ആശുപത്രിയെന്ന് അമാനത്ത് വ്യക്തമാക്കി. എമര്‍ജന്‍സി മോണിറ്ററിംഗ് യൂണിറ്റ്, നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങളും അമാനത്തിന്റെ ആശുപത്രിയിലുണ്ടാകും.

ഈ ഏറ്റെടുക്കലില്‍ വളരെയധികം ആവേശഭരിതരാണ് ഞങ്ങള്‍. വലിയ സാധ്യതകളുള്ള ഡീലാണിത്-അമാനത്ത് ചെയര്‍മാന്‍ ഹമദ് അബ്ദുള്ള അല്‍ഷംസി പറഞ്ഞു.

അമാനത്ത് സ്ഥാപിതമായ ശേഷമുള്ള ഞങ്ങളുടെ ഏഴാമത്തെ നിക്ഷേപ പദ്ധതിയാണിത്. ആരോഗ്യമേഖലയിലുള്ള മൂന്നാമത്തെ നിക്ഷേപവും-അദ്ദേഹം വ്യക്തമാക്കി.

ബഹ്‌റൈനിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ വിമെന്‍ സംരംഭത്തിലെ ഭൂരിപക്ഷ ഓഹരിയെടുത്ത ഡീല്‍ അമാനത്തിനെ സംബന്ധിച്ചടത്തോളം സുപ്രധാന നാഴികക്കല്ലാണ്-അമാനത്ത് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

ലോകോത്തര നിലവാരത്തിലുള്ള ഹോസ്പിറ്റലായി ബഹ്‌റൈനിലെ ആശുപത്രിയെ മാറ്റാനാണ് പദ്ധതിയെന്നും വനിതകള്‍ക്കും കുട്ടികള്‍ക്കും ഏറ്റവും മികച്ച ചികില്‍സ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി ദുബായ്, അബുദാബി യൂണിവേഴ്‌സിറ്റി ഹോള്‍ഡിംഗ് കമ്പനി, താലീം ഹോള്‍ഡിംഗ്‌സ്, നോര്‍ത്ത് ലണ്ടന്‍ കോളെജിയേറ്റ് സ്‌കൂള്‍, ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കമ്പനി, സുക്കൂണ്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് തുടങ്ങിയവയാണ് അമാനത്തിന്റെ മറ്റ് നിക്ഷേപ പദ്ധതികള്‍.

2018ലെ ആദ്യപകുതിയില്‍ 27.9 മില്ല്യണ്‍ എഇഡി അറ്റാദായമാണ് അമാനത്ത് ഹോള്‍ഡിംഗ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധനായാണ് അറ്റാദായത്തിലുണ്ടായത്.

Comments

comments

Categories: Arabia
Tags: Amanath