1,500 കോടി രൂപയുടെ ഓര്‍ഡര്‍ നടപ്പാക്കി മൈക്രോമാക്‌സും ജിയോയും

1,500 കോടി രൂപയുടെ ഓര്‍ഡര്‍ നടപ്പാക്കി മൈക്രോമാക്‌സും ജിയോയും

ന്യൂഡെല്‍ഹി: ഛത്തീസ്ഗഡില്‍ സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി 50 ലക്ഷത്തോളം സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്യുന്നതിനുള്ള 1,500 കോടി രൂപയുടെ ഓര്‍ഡര്‍ മൊബീല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാണ കമ്പനിയായ മൈക്രോമാക്‌സും ടെലികോം ഭീമനായ റിലയന്‍സ് ജിയോയും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം നടപ്പാക്കി തുടങ്ങി. പദ്ധതിയുടെ കീഴില്‍ 45 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ സ്ത്രീകള്‍ക്ക് നല്‍കും. ബാക്കിയുള്ളവ കൊളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്ന് മൈക്രോമാക്‌സ് സഹ സ്ഥാപകന്‍ വികാസ് ജെയ്ന്‍ പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതിനായി 10,000 ത്തോളം കാംപുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണുകളുടെ വിതരണം തുടങ്ങിക്കഴിഞ്ഞതായി വികാസ് ജെയ്ന്‍ അറിയിച്ചു. സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന ഓരോ ഗുണഭോക്താക്കള്‍ക്കും ജിയോ കണക്ഷനോടുകൂടിയ സ്മാര്‍ട്ട്‌ഫോണ്‍ കൈമാറും. ആധാര്‍കാര്‍ഡ് ഉപയോഗിച്ചാണ് ഗുണഭോക്താവിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
”ഛത്തീസ്ഗഡിലെ ജനസംഖ്യയിലെ വലിയൊരു വിഭാഗം ജനങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍ കൃത്യമായി വിതരണം ചെയ്യാനായി കമ്പനി 15ഒാളം സംഭരണശാലകളും സംസ്ഥാനത്ത് നിര്‍മിച്ചിട്ടുണ്ട്.” – ജെയ്ന്‍ പറയുന്നു. 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യ 2.5 കോടിയിലധകമാണ്. ജൂലൈ അവസാനത്തോടുകൂടി വിതരണം ആരംഭിക്കാമെന്ന ഉറപ്പോടെ ഈ വര്‍ഷമാദ്യമാണ് കരാറില്‍ ഒപ്പുവെച്ചത്. പദ്ധതി നടപ്പിലാക്കുന്നതിനായി 2,000-2500 താല്‍ക്കാലിക ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതി നടപ്പാക്കുന്നതിനായി മാസങ്ങളോളം നീണ്ട ആസൂത്രണത്തിലും നിര്‍വഹണത്തിലും സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും പങ്കുചേര്‍ന്നിട്ടുണ്ടെന്നും ജെയ്ന്‍ വ്യക്തമാക്കി. സഞ്ചാര്‍ ക്രാന്തി യോജന (എസ്‌കെവൈ) എന്ന സര്‍ക്കാര്‍ പദ്ധതിയില്‍ മൈക്രോമാക്‌സ് പങ്കാളികളാണെന്ന് ഛത്തീസ്ഗഡ് ഇന്‍ഫോടെക് പ്രൊമോഷന്‍ സൊസൈറ്റി സിഇഒ അലക്‌സ്‌പോള്‍ മേനോന്‍ പറഞ്ഞു. സാമ്പത്തികമായും സാമൂഹികമായും താഴേക്കിടയിലുള്ളവരിലേക്ക് ഡിജിറ്റല്‍ അനുഭവം എത്തിക്കുന്നതിനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്.
4- ഇഞ്ച് ഡിസ്‌പ്ലേ, 1ജിബി റാം, 8 ജിബി ഇന്റേണല്‍ മെമ്മറി തുടങ്ങിയവയാണ് സ്ത്രീകള്‍ക്ക് നല്‍കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് 5-ഇഞ്ച് ഡിസ്‌പ്ലേ, 2ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി തുടങ്ങിയ സവിശേഷതകളോടുകൂടിയ സ്മാര്‍ട്ട്‌ഫോണുകളാണ് വിതരണം ചെയ്യുന്നത്. ഛത്തീസ്ഗഡില്‍ അതിവേഗ സാമ്പത്തിക വികസനം, ഇ-ഗവേണന്‍സ്, ഡിജിറ്റല്‍വത്കരണം തുടങ്ങിയവയ്ക്ക് സഹായകമാകുന്ന പദ്ധതിയാണ് ഇതെന്ന് ജിയോ വക്താവ് പറഞ്ഞു.

Comments

comments

Categories: Tech