പണം കൊയ്യാന്‍ യുഎഇയുടെ ടി20 ലീഗ്!

പണം കൊയ്യാന്‍ യുഎഇയുടെ ടി20 ലീഗ്!

യുഎഇയുടെ പ്രഥമ ടി20 ക്രിക്കറ്റ് ലീഗ് ഇന്ത്യയിലെ ഐപിഎല്ലിനെ പോലെ വമ്പന്‍ ബിസിനസ് വിജയമാകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ദുബായ്: പണം കൊയ്യുന്ന സ്‌പോര്‍ട്ടിംഗ് ഇവന്റായി മാറാന്‍ ശേഷിയുള്ളതാണ് യുഎഇയിലെ പ്രഥമ ടി20 ലീഗെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര സ്‌പോണ്‍സര്‍മാരെ ആകര്‍ഷിക്കാന്‍ ശേഷിയുള്ളതാണ് ടി20 ലീഗെന്ന് പ്രശസ്ത സ്‌പോര്‍ട്‌സ് ബിസിനസ് മാധ്യമപ്രവര്‍ത്തകനായ ടിം വിഗ്മോര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മേഖലയില്‍ ക്രിക്കറ്റിന് വലിയ വളര്‍ച്ചയുണ്ടാകാനുള്ള സാധ്യതകളും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ആഗോളതലത്തില്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചുവരികയാണ് ടി20 ക്രിക്കറ്റ്. ഓരോ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മല്‍സരം ഇപ്പോള്‍ 9 മില്ല്യണ്‍ ഡോളറിന്റെ മൂല്യമുള്ളതാണ്. യുഎഇയിലെ ആദ്യ ടി20 ലീഗിനും ഇത്തരത്തില്‍ വളരാനുള്ള സാഹചര്യം വിപണിയില്‍ നിലനില്‍ക്കുന്നുണ്ട്-റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎഇയിലെ ഏറ്റവും ജനകീയമായ രണ്ടാമത്തെ കായികയിനമാണ് ക്രിക്കറ്റെന്നും വിഗ്മോര്‍ ചൂണ്ടിക്കാട്ടുന്നു. ഏഷ്യന്‍ പ്രവാസികള്‍ക്കിടയില്‍ വലിയ പ്രചാരമുണ്ട് ക്രിക്കറ്റിനെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആഗോളവും തദ്ദേശീയവുമായ അജണ്ടവെച്ച് ഡിസൈന്‍ ചെയ്യുന്ന ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റിന് മികച്ച സാധ്യതകളുണ്ട്. നിക്ഷേപകര്‍ക്ക് നല്ല രീതിയിലുള്ള നേട്ടമുണ്ടാക്കാം എന്നതോടൊപ്പം തന്നെ തങ്ങളുടെ നാട്ടില്‍ അതുമായി ബന്ധപ്പെട്ട് മാറ്റമുണ്ടാക്കുകയും ചെയ്യാം-വിഗ്മോര്‍ പറഞ്ഞു.

ക്രിക്കറ്റിന്റെ വളര്‍ച്ച പ്രകടമാണ്. ഓരോ ടൂര്‍ണമെന്റും കാണുന്നവരുടെ എണ്ണത്തിലെ വര്‍ധന തന്നെയാണ് അതിന്റെ തെളിവ്. ഇത് വാണിജ്യതലത്തിലും പ്രകടമാകുന്നുണ്ട്. വളരെ ആദായകരമായ ഒരു ബിസിനസ് മോഡല്‍ കൂടിയാണ് ടി20 ടൂര്‍ണമെന്റുകള്‍. മികച്ച രീതിയില്‍ അതിനെ ബ്രാന്‍ഡ് ചെയ്യണമെന്നു മാത്രം-അദ്ദേഹം വിശദമാക്കി.

ആഗോള താരങ്ങള്‍ക്കൊപ്പം മല്‍സരിച്ച് മികച്ച വൈദഗ്ധ്യം നേടാന്‍ പ്രാദേശിക താരങ്ങള്‍ക്ക് അവസരം നല്‍കുന്നതുകൂടിയാണ് യുഎഇ ടി20 ലീഗെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വളരെയധികം സന്തോഷം നല്‍കുന്നതാണ്. യുഎഇയില്‍ ക്രിക്കറ്റ് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. യുഎഇയില്‍ ഒരു ടി20 ലീഗ് തുടങ്ങാനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. ലോകത്തിലെ ഏറ്റവും മികച്ച ടി20 താരങ്ങളോടൊപ്പം അണിനിരന്ന് സമാനതകളില്ലാത്ത പരിശീലനം നേടാന്‍ ഞങ്ങളുടെ താരങ്ങള്‍ക്ക് അവസരം നല്‍കുക കൂടിയാണ് ഈ ടൂര്‍ണമെന്റ്-എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് മെംബര്‍ സയിദ് അബ്ബാസ് പറഞ്ഞു. ഡിസംബര്‍ 19 മുതല്‍ ജനുവരി 11 വരെയാകും യുഎഇയില്‍ ക്രിക്കറ്റ് ലീഡ് നടക്കുക.

Comments

comments

Categories: Arabia