എത്ര ചെറുതാണ് ഈ തോൽവികൾ

എത്ര ചെറുതാണ് ഈ തോൽവികൾ

ഒരുനാണയത്തിന്റെ ഇരു വശങ്ങൾ പോലെയാണ് വിജയവും പരാജയവും. ഒരാൾക്കും ജയം മാത്രമോ പരാജയം മാത്രമോ ജീവിതത്തിൽ സംഭവിക്കുന്നില്ല. തോൽവികളിൽ നിലതെറ്റുമ്പോൾ വീണിടത്ത് കിടക്കാതെ എഴുനേൽക്കുന്നവനാണ് പോരാളി. അവനെ തോൽപ്പിക്കുവാൻ ഒന്നിനുമാവില്ല

പത്താംക്ലാസ്സ് മോശമല്ലാത്ത മാർക്കോടെ കടന്നുകൂടി. നന്നായി പഠിക്കുന്ന കുട്ടി എന്നൊരു സൽപ്പേര് അന്നുണ്ടായിരുന്നു.

ഇനികോളേജിലേക്ക്…

എറണാകുളത്തെ പ്രസിദ്ധമായ സെന്റ് ആൽബേർട്ട്സിൽ പ്രീഡിഗ്രി. സ്‌കൂളിന്റെ അടഞ്ഞ മതിലുകൾക്കുള്ളിൽ നിന്നും വീട്ടുകാരുടെ കൺവെട്ടത്തു നിന്നും മോചനം. സ്വാതന്ത്ര്യം തന്നെയമൃതം!

പഠനംപെരുവഴിയിലായി. ശ്രദ്ധ കഥയിലും കവിതയിലും നാടകത്തിലുമൊക്കെയായി. എറണാകുളം പബ്ലിക് ലൈബ്രറിയും നാടകക്കളരികളുമൊക്കെയായി വിഹാരരംഗം.

അക്കാലത്താണ് സുമുഖനായ ഒരു ചെറുപ്പക്കാരൻ കെമിസ്ട്രി ലക്ചറർ ആയി എത്തിയത്. അദ്ദേഹത്തിന്റെ പേര്, ചന്ദ്രദാസൻ. നാടകം തലക്ക ്പിടിച്ച ഒരു ചെറുപ്പക്കാരൻ. വന്നതേ ഞങ്ങൾ ഒരു ഗാങ്ങായി. സഹവാസം അദ്ദേഹത്തിന്റെ മുറിയിലായി. ആ ചെറുപ്പക്കാരൻ പിന്നീട് ഭാസഭേരിയുടെ അമരക്കാരനായി. മോഹൻലാൽ വേഷമിട്ട കർണ്ണഭാരം എന്ന സംസ്‌കൃത നാടകം സംവിധാനം ചെയ്തു. നാടകത്തിൽ ഉയരങ്ങൾ കീഴടക്കി.

അദ്ദേഹത്തിന്റെ കീഴിൽ ഞങ്ങൾ പരിശീലിച്ചു. നാടകവും സാഹിത്യവുമൊക്കെയായി ജീവിതം ഒഴുകി. ഇതിനിടെ പരീക്ഷ വന്നു. എന്ത് പരീക്ഷ! കാലമിനിയുമിരുളും, വർഷംവരും… അതുപോലെ പരീക്ഷയും.

കുറെക്കഴിഞ്ഞ് പരീക്ഷാഫലവും വന്നു. ഒറ്റ അക്കങ്ങൾ കൊണ്ട് സമ്പന്നമായ മാർക്ക് ലിസ്റ്റ്. മരുന്നിന് പോലും ഒരു ജയമില്ല. വീട്ടിലേക്ക് കൊണ്ടുപോകാൻ പറ്റില്ല. പഠിക്കുന്ന കുട്ടി എന്ന അഹങ്കാരം അസ്തമിച്ചു. ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ ചന്ദ്രദാസൻ സാറിന്റെ റൂമിലെ കട്ടിലിൽ പോയി കിടന്നു.

സാർ വന്നു. എന്റെ അടുത്തിരുന്ന് മാർക്ക് ലിസ്റ്റ് നോക്കി. എന്റെ കൈകൾ പിടിച്ച് സാറ് പറഞ്ഞു.

”തോൽവി ജീവിതത്തിൽ പലപ്പോഴും നമുക്ക് ഉണ്ടാകും. അതിൽ വീഴുന്നവനല്ല വിജയിക്കുന്നത്. മറിച്ച് തോൽവിയിൽ നിന്നും എഴുനേൽക്കുന്നവനേ വിജയിക്കൂ. ജീവിതത്തിൽ എപ്പോഴും ജയം ഉണ്ടാവണമെന്നില്ല. തോൽവിയിൽ വീഴാതിരിക്കുക എന്നതാണ് പ്രധാനം.”

വീണ്ടും എന്നെ വിജയത്തിലേക്ക് നയിച്ച വാക്കുകൾ

ഒരുനാണയത്തിന്റെ ഇരു വശങ്ങൾ പോലെയാണ് വിജയവും പരാജയവും. ഒരാൾക്കും ജയം മാത്രമോ പരാജയം മാത്രമോ ജീവിതത്തിൽ സംഭവിക്കുന്നില്ല. തോൽവികളിൽ നിലതെറ്റുമ്പോൾ വീണിടത്ത് കിടക്കാതെ എഴുനേൽക്കുന്നവനാണ് പോരാളി. അവനെ തോൽപ്പിക്കുവാൻ ഒന്നിനുമാവില്ല. ഓരോ ജയവും തോൽവിയും താത്കാലികമാണ്. കാലം കടന്നുപോകും. ഓരോ വീഴ്ചയും ഓരോ പാഠമാണ്. തോൽവിയേക്കാൾ നല്ല അദ്ധ്യാപകനില്ല.

ഒരു തോൽവിയും ലോകാവസാനമല്ല. യഥാർത്ഥത്തിൽ അത് ഒരു തുടക്കമാണ്. തെറ്റുകൾ മനസിലാക്കുവാൻ, തിരുത്തുവാൻ നമുക്ക് ലഭിക്കുന്ന അസുലഭമായ ഒരു അവസരം. തോൽവികൾ നമ്മെ മനസിന്റെ അഗാതതയിലേക്ക് യാത്ര ചെയ്യുവാൻ പ്രേരിപ്പിക്കുന്നു. ഓരോ തോൽവിക്കും ഒരു മറുപുറമുണ്ട്. നാം കാണാത്ത ഗുണപാഠങ്ങളുണ്ട്. അത് അടുത്ത യാത്രയുടെ താക്കോലാണ്. അത് കണ്ടെത്തുക നമ്മുടെ ഉത്തരവാദിത്വവും.

വീണ് കിടക്കുകയാണോ? എഴുന്നേൽക്കൂ. ക്ഷണികമായ തോൽവിയിൽ തട്ടി വീഴുവാനുള്ളതല്ല ഈ ജീവിതം. സ്വയം വിശ്വസിക്കൂ. ഈ ബൃഹത്തായ പ്രപഞ്ചത്തിൽ വിശ്വസിക്കൂ. ലോകം എത്ര വലുതും നമ്മൾ എത്ര ചെറുതുമാണ്. അത്ര ചെറുത് തന്നെ ഓരോ തോൽവിയും.

Comments

comments

Categories: FK Special, Slider