കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വിറ്റെന്ന് സച്ചിന്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വിറ്റെന്ന് സച്ചിന്‍

ലുലു ഗ്രൂപ്പ് ക്ലബ്ബിന്റെ നിയന്ത്രണാധികാരം സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്

കൊച്ചി: അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ടുകൊണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തനിക്കുണ്ടായിരുന്ന ഓഹരികള്‍ വിറ്റതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സ്ഥിരീകരിച്ചു. ടീമിന്റെ 20 ശതമാനം ഓഹരികളാണ് സച്ചിന്റെ കൈവശമുണ്ടായിരുന്നത്. ഓഹരികള്‍ കൈമാറിയെങ്കിലും മഞ്ഞപ്പടയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സച്ചിന്‍ പറഞ്ഞു.
സച്ചിന്റെ കൈയ്യില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഓഹരി വാങ്ങിയത് ലുലു ഗ്രൂപ്പാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. 2015ലാണു സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. സച്ചിനും പിവിപി ഗ്രൂപ്പും ചേര്‍ന്നാണ് ഓഹരി വാങ്ങിയത്. എന്നാല്‍ ഇക്കഴിഞ്ഞ മേയിലെ മല്‍സരങ്ങള്‍ക്കു മുന്നോടിയായി പിവിപി ഗ്രൂപ്പ് ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പ്, തെലുങ്ക് സിനിമാ താരങ്ങളായ നാഗാര്‍ജുന, ചിരഞ്ജീവി തുടങ്ങിയവര്‍ ചേര്‍ന്നാണ് അന്ന് ഓഹരികള്‍ സ്വന്തമാക്കിയത്. ഇവരുടെ കൈവശമുള്ള ഓഹരികള്‍ കൂടി വാങ്ങി ലുലു ഗ്രൂപ്പ് ക്ലബിന്റെ നിയന്ത്രണാധികാരം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പിവിപി ഗ്രൂപ്പ് സിഇഒ പ്രകാശ് പോട്ടലൂരിക്ക് സെബി 30 കോടി രൂപ പിഴ ചുമത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. പുതിയ സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നത്.
‘ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ അടുത്ത അഞ്ചോ അതില്‍ കൂടുതലോ വര്‍ഷത്തേക്കുള്ള ടീമിനെ കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണ്. അതില്‍ എന്റെ പങ്കും ആലോചിക്കേണ്ട സമയമായി. അതുകൊണ്ടു തന്നെ ടീമംഗങ്ങളുമായുള്ള ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കുശേഷം ബ്ലാസ്റ്റേഴ്‌സിന്റെ സഹഉടമ സ്ഥാനം ഒഴിയാന്‍ ഞാന്‍ തീരുമാനിച്ചു. ആരാധകരുടെ നിരുപാധികമായ പിന്തുണയോടെ മുന്നോട്ടുള്ള പാതയില്‍ കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ ബ്ലാസ്റ്റേഴ്‌സിനു സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ബ്ലാസ്റ്റേഴ്‌സിനെ കുറിച്ചു ഞാന്‍ അഭിമാനം കൊള്ളുന്നു. എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം എപ്പോഴും ബ്ലാസ്റ്റേഴ്‌സിനു വേണ്ടി തുടിക്കും’, സച്ചിന്‍ പറഞ്ഞു.

Comments

comments

Categories: Sports