പേയുവിന് എന്‍ബിഎഫ്‌സി ലൈസന്‍സ് ലഭിച്ചു

പേയുവിന് എന്‍ബിഎഫ്‌സി ലൈസന്‍സ് ലഭിച്ചു

ഗുഡ്ഗാവ്: ഫിന്‍ടെക് കമ്പനിയായ പേയു ഇന്ത്യയ്ക്ക് സ്വന്തമായി ബാങ്ക് ഇതര സാമ്പത്തിക സേവന സ്ഥാപനം (എന്‍ബിഎഫ്‌സി) ആരംഭിക്കുന്നതിന് റിസര്‍വ് ബാങ്കില്‍ നിന്ന് ലൈസന്‍സ് ലഭിച്ചു. പേയു ക്രെഡിറ്റ് എന്ന പേരില്‍ ആരംഭിക്കുന്ന പേയുവിന്റെ എന്‍ബിഎഫ്‌സി വിഭാഗം കമ്പനിയുടെ ഉപഭോക്തൃ വായ്പ ബിസിനസിലെ വളര്‍ച്ചയ്ക്ക് കരുത്തു പകരും. പേയു ഇന്ത്യയുടെ എംഡി ജിതേന്ദ്ര ഗുപ്തയായിരിക്കും പുതിയ ബിസിനസിന് നേതൃത്വം നല്‍കുക. ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേയു ഇന്ത്യ ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജ്‌മെന്റ് ബിസിനസുകളിലേക്കും ചുവടുവെക്കാനൊരുങ്ങുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ മാധ്യമസ്ഥാപനമായ നാസ്‌പേഴ്‌സ് പിന്തുണയ്ക്കുന്ന പേയു കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇന്ത്യയില്‍ നിക്ഷേപങ്ങളും ഏറ്റെടുക്കലുകളും വഴി തങ്ങളുടെ വിപണി സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 8,000 കോടി രൂപയുടെ പേമെന്റ്‌സ് ഇടപാടുകള്‍ നേടുന്ന കമ്പനിയുടെ ആകെ വരുമാനത്തില്‍ ഇപ്പോള്‍ രണ്ടു ശതമാനം മാത്രമാണ് വായ്പ ബിസിനസില്‍ നിന്ന് ലഭിക്കുന്നത്. പേയുവിന്റെ ഇന്ത്യന്‍ പേമെന്റ്‌സ് ബിസിനസ് മാതൃ കമ്പനിയുടെ മൊത്ത പേമെന്റ്‌സ് മൂല്യത്തിലേക്ക് 47 ശതമാനമാണ് സംഭാവന ചെയ്യുന്നത്.

നിലവില്‍ ഒടു ട്രില്യണ്‍ ഡോളറിന്റേതാണ് ഇന്ത്യയിലെ ഉപഭോക്തൃ വായ്പാ വിപണി. വിവിധ വായ്പാസേവനദാതാക്കളുടെ സേവനം ഉറപ്പാക്കിയും മറ്റ് കമ്പനികളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടും അവയില്‍ നിക്ഷേപം നടത്തിയുമുള്ള കമ്പനിയുടെ പ്ലാറ്റ്‌ഫോം സമീപനം ഈ മേഖലയിലെ ആവശ്യകതകള്‍ നിറവേറ്റാന്‍ സഹായിക്കുമെന്നാണ് പേയു വിശ്വസിക്കുന്നതെന്ന് ജിതേന്ദ്ര ഗുപ്ത പറഞ്ഞു.

ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്കുപോലും വേഗത്തില്‍ വായ്പകള്‍ ലഭ്യമാക്കുന്ന പേസെന്‍സില്‍ കഴിഞ്ഞ ജൂലൈയില്‍ പേയു 11.5 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചിരുന്നു. കൂടാതെ പേമെന്റ് ടെക്‌നോളജി കമ്പനിയായ സൂസിനെയും കമ്പനി സ്വന്തമാക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. 2016 ല്‍ ഡിജിറ്റല്‍ വായ്പാ സേവനദാതാക്കളായ സെസ്റ്റ്മണിയുടെ 20 ശതമാനം ഓഹരികള്‍ കമ്പനി ഏറ്റെടുത്തിരുന്നു. അടുത്തിടെ വടക്കേ അമേരികക്ന്‍ ഡിജിറ്റല്‍ റെമിറ്റന്‍സ് കമ്പനിയായ റെമിറ്റ്‌ലി, ജര്‍മന്‍ ഫിന്‍ടെക് കമ്പനിയായ ക്രെഡിടെക്, ഓണ്‍ലൈന്‍ വായ്പാ സേവനദാതാക്കളായ പ്ലാറ്റ്‌ഫോം ക്രെഡിറ്റാസ്, ഓണ്‍ലൈന്‍ പേമെന്റ് കമ്പനിയായ സിട്രസ് പേ എന്നിവയിലും പേയു നിക്ഷേപം നടത്തിയിട്ടുണ്ട്.

Comments

comments

Categories: FK News
Tags: PayU